ADVERTISEMENT

ഉയരമുള്ള പാറകള്‍ക്കും മലകള്‍ക്കുമെല്ലാം മുകളില്‍ ചെന്നിരുന്നു പ്രാർഥിക്കുന്നത് ലൗകിക പ്രലോഭനങ്ങളിൽനിന്ന്‌ തങ്ങളെ അകറ്റുമെന്ന്‌ വിശ്വസിച്ചിരുന്ന ആളുകളായിരുന്നു 6-8 നൂറ്റാണ്ടുകൾക്കിടയിൽ ജീവിച്ചിരുന്ന സ്‌റ്റൈലൈറ്റുകൾ അഥവാ സ്‌തംഭ സന്യാസിമാർ. ഏറ്റവും പ്രശസ്തരായ സ്തംഭ സന്യാസിമാരിൽ ഒരാളാണ് സെന്‍റ് സിമിയോൺ സ്റ്റൈലൈറ്റ്സ് എന്ന ക്രിസ്ത്യൻ സന്യാസി. ഇദ്ദേഹം സിറിയയിലെ അലപ്പോയിലെ ഒരു സ്തംഭത്തിന് മുകളിൽ സി.ഇ 423 മുതലുള്ള 37 വർഷം ജീവിച്ചിരുന്നതായി പറയപ്പെടുന്നു. ഇപ്പോൾ ഈ രീതി മാറിയിട്ടുണ്ടെങ്കിലും ഇതിന്‍റെ പരിഷ്കൃത രൂപങ്ങള്‍ പലയിടങ്ങളിലും കാണാനാവും. ഇത്തരത്തിലുള്ള സന്യാസം ഇന്നും നിലനിൽക്കുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് ജോര്‍ജിയയിലെ കാറ്റ്‌സ്‌കി സ്‌തംഭം.

പടിഞ്ഞാറൻ ജോർജിയൻ പ്രദേശമായ ഇമെറെറ്റി പട്ടണത്തിന് സമീപമുള്ള കാറ്റ്സ്കി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രകൃതിദത്ത ചുണ്ണാമ്പുകല്ലാണ് കാറ്റ്സ്കി സ്തംഭം. ഇതിനു മുകളില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയുണ്ട്. സ്തംഭത്തിന് ഏകദേശം 40 മീറ്റർ ഉയരമുണ്ട്. 1944 വരെ സ്തംഭത്തെക്കുറിച്ച് ആളുകള്‍ക്ക് അറിവുണ്ടായിരുന്നില്ല. പിന്നീട്, 1999 മുതൽ 2009 വരെ നടത്തിയ ഗവേഷണങ്ങളിലാണ് ഇതിനെക്കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ ലഭിച്ചത്.

വിനോദ സഞ്ചാരികള്‍ക്ക് ചുണ്ണാമ്പുകല്ല് സ്തംഭത്തിന്‍റെ ആദ്യ നിലയിലേക്ക് കയറാൻ മാത്രമേ അനുവാദം ഉള്ളൂ. ആറാം നൂറ്റാണ്ടിലെ, ഏകശിലയിൽ നിര്‍മിച്ച ഒരു കുരിശുണ്ട് ഇവിടെ. അതിനു മുന്നിൽ മെഴുകുതിരികള്‍ കത്തിച്ചുവെച്ച് പ്രാര്‍ഥിക്കാം. കന്യാസ്ത്രീകൾക്ക് മുകളിലെ പള്ളിയിലേക്ക് കയറാന്‍ പറ്റില്ല.  അതിശയകരമായ ഫ്രെസ്കോ പെയിന്റിങ്ങുകളുടെ ശേഖരവും ഇവിടുത്തെ ആകർഷണമാണ്. ചാപ്പലിൽ നിന്ന് നോക്കിയാൽ അതിമനോഹരമായ ജോർജിയൻ ഗ്രാമപ്രദേശങ്ങളുടെ വിസ്മയകരമായ പനോരമിക് വ്യൂ ലഭിക്കും.

നാലാം നൂറ്റാണ്ടിൽ ജോർജിയയിൽ ക്രിസ്തുമതം അവതരിപ്പിക്കപ്പെട്ടതിനുശേഷമാണ് സ്തംഭം ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ ആരാധനാലയമായി മാറിയത് എന്നു പറയപ്പെടുന്നു. പത്താം നൂറ്റാണ്ടിലാണ് സന്യാസിമാർ സ്തംഭത്തിൽ താമസിക്കാൻ തുടങ്ങിയതെന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു, എന്നാല്‍ അന്ന് അവർ എങ്ങനെയാണ് അതിനു മുകളിൽ എത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല.

മാക്‌സിമസ് ദ് കൺഫസറിന് സമർപ്പിച്ചിരിക്കുന്ന ഒരു പള്ളിയാണ് കാറ്റ്‌സ്‌കി സ്തംഭ സമുച്ചയത്തിന്‍റെ പ്രധാനപ്പെട്ട ഭാഗം. കൂടാതെ ശ്മശാന നിലവറ, മൂന്ന് സന്യാസി സെല്ലുകൾ, ഒരു വൈൻ നിലവറ എന്നിവയുമുണ്ട്. സ്തംഭത്തിന്‍റെ അടിഭാഗത്ത് ശിമയോൺ സ്റ്റൈലൈറ്റിന്‍റെ പുതുതായി പണിത പള്ളിയും ഒരു പഴയ മതിലിന്‍റെയും മണിമാളികയുടെയും അവശിഷ്ടങ്ങളും ഉണ്ട്. മുകളിൽനിന്ന് ഏകദേശം 10 മീറ്റർ താഴെ, സ്തംഭത്തിന്‍റെ അടിഭാഗത്ത് ഒരു കുരിശും കാണാം. കാറ്റ്‌സ്‌കി സ്‌തംഭത്തിന്‍റെ മുകൾഭാഗത്ത്‌ തെക്കുകിഴക്കേ മൂലയിലാണ്‌ സെന്‍റ് മാക്‌സിമസ്‌ ദ് കൺഫസറിന്റെ ദേവാലയം സ്ഥിതി ചെയ്യുന്നത്‌.

1990- കളുടെ തുടക്കത്തിൽ, മാക്‌സിം കവ്‌തരാഡ്‌സെ എന്ന സന്യാസി സ്റ്റൈലൈറ്റുകളുടെ പ്രാർഥനാ രീതി പിന്തുടരാന്‍ ആരംഭിച്ചു. ജോർജിയയിലെ സാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള ദേശീയ ഏജൻസിയുടെയും സമീപ പ്രദേശങ്ങളിൽ നിന്നുള്ള നാട്ടുകാരുടെയും സഹായത്താല്‍ സ്തംഭത്തിന് മുകളിലെ പുരാതന പള്ളി അദ്ദേഹം പുനഃസ്ഥാപിച്ചു. ഇതിന്‍റെ ഭാഗമായി, മുകളിലേക്ക് കയറാന്‍ 40 മീറ്റർ നീളമുള്ള ഇരുമ്പ് ഗോവണി സ്ഥാപിച്ചു.

മാക്സിം പിന്നീട്  ഐഹിക ജീവിതം ഉപേക്ഷിച്ച് ഇരുപതു വര്‍ഷത്തോളം ഈ പള്ളിയിൽ താമസിച്ചു. ചുവടെയുള്ള ആശ്രമത്തിലെ പ്രാർഥനാ യോഗങ്ങൾക്കായി വല്ലപ്പോഴും മാത്രം ഇറങ്ങിവന്ന അദ്ദേഹം ഭൂരിഭാഗം സമയവും വായനയിലും പ്രാർഥനയിലും ചെലവഴിച്ചു. ഭക്ഷണസാധനങ്ങൾ മറ്റു സന്യാസിമാര്‍ മുകളിലേക്ക് എത്തിച്ചു. വിനോദസഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ ഇവിടുത്തെ ശാന്തത നഷ്ടമാവുകയും  2015 ൽ അദ്ദേഹം മുകളില്‍നിന്ന് ഇറങ്ങുകയും ചെയ്തു. ഇപ്പോൾ കാറ്റ്സ്കി മൊണാസ്ട്രിയുടെ നിലവിലെ മഠാധിപനാണ് മാക്സിം.

ഒരു സമയം ഒരു സന്യാസിയെ മാത്രമേ പള്ളിയിൽ അനുവദിക്കൂ എന്നതാണ് സ്റ്റൈലൈറ്റ് പ്രാർഥനയുടെ രീതി. ഇവിടെയുള്ള സന്യാസിമാർ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വീതം ഊഴമിട്ടു മുകളിൽ കയറുന്നു. ആശ്രമത്തിന്‍റെ രാത്രി പ്രാർഥനയിൽ പങ്കെടുക്കാൻ സന്ധ്യക്ക് മുമ്പ് ഇറങ്ങുന്നു. ഏകദേശം 15-20 മിനിറ്റെടുക്കും മുകളില്‍ എത്താന്‍.

English Summary: The Mysteries of Georgia's Katskhi Pillar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com