ADVERTISEMENT

വിവാഹത്തിനു ശേഷം ജീവിതം യാത്രകളും ആഘോഷങ്ങളുമായി അടിച്ചുപൊളിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും. ഇപ്പോഴിതാ ദുബായില്‍ പിറന്നാള്‍ ആഘോഷത്തിലാണ് വിഘ്നേഷും നയന്‍താരയും. സെപ്റ്റംബർ 18 ന് തന്‍റെ 37-ാം ജന്മദിനം പ്രിയതമയ്ക്കൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങള്‍ വിഘ്നേഷ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. 

ഒരു കുടുംബത്തിന്‍റെ സ്നേഹം മുഴുവന്‍ നിറഞ്ഞ ജന്മദിനമാണിതെന്ന് വിഘ്നേഷ് കുറിച്ചു. സര്‍പ്രൈസായി എന്റെ പിറന്നാൾ ആഘോഷം ബുർജ് ഖലീഫയ്ക്ക് താഴെ സ്വപ്നതുല്യമായി ഒരുക്കിയത് എന്റെ പ്രിയപ്പെട്ടവളാണ്. തന്‍റെ അനുഗ്രഹീത ജീവിതത്തിൽ ദൈവം നൽകിയ എല്ലാ മനോഹരമായ നിമിഷങ്ങൾക്കും നന്ദി പറയുന്നതായും വിഘ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പിലുണ്ട്. 

ബുര്‍ജ് ഖലീഫയ്ക്ക് താഴെ, കറുപ്പ് നിറമുള്ള വസ്ത്രമണിഞ്ഞു പരസ്പരം നോക്കിനില്‍ക്കുന്ന നയന്‍താരയും വിഘ്നേഷുമാണ് ചിത്രത്തില്‍ ഉള്ളത്. വിവാഹത്തിന് ശേഷം കരിയറിലെ മികച്ച പ്രോജക്റ്റുകള്‍ക്കായി തയാറെടുക്കുകയാണ് ഇരുവരും. ഷാരൂഖ് ഖാനൊപ്പം അറ്റ്‌ലിയുടെ ജവാൻ, മെഗാസ്റ്റാർ ചിരഞ്ജീവിയ്‌ക്കൊപ്പം ഗോഡ്ഫാദർ, പൃഥ്വിരാജ് സുകുമാരനൊപ്പം ഗോൾഡ് എന്നിങ്ങനെ കൈനിറയെ സിനിമകള്‍ നയന്‍താരയുടെതായി വരാനിരിക്കുന്നുണ്ട്. എകെ 62 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന അജിത്‌ കുമാര്‍ ചിത്രമാണ് വിഘ്നേഷ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇരുവരും ബാഴ്സലോണയിലേക്ക് യാത്ര ചെയ്തിരുന്നു. നിരവധി ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

ലോകമെങ്ങുമുള്ള സഞ്ചാരികളുടെ ഹരമായ ദുബായ് നഗരം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയമാണ് ഇപ്പോള്‍. ഇവിടെയുള്ള ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ബുര്‍ജ് ഖലീഫ. ഇന്നുവരെ നിർമിച്ചിട്ടുള്ള മനുഷ്യനിർമിതികളിൽ ഏറ്റവും ഉയരം കൂടിയ ഈ പടുകൂറ്റന്‍ കെട്ടിടത്തിനുള്ളില്‍ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഷോപ്പിങ് സെന്‍ററുകൾ, ആയിരത്തോളം ലക്ഷ്വറി റസിഡൻഷ്യൽ അപ്പാർട്ട്മെന്റുകൾ, ഓഫീസുകൾ, റിക്രിയേഷൻ സൗകര്യങ്ങൾ, തുടങ്ങി ഒരു ആധുനിക നഗരത്തിൽ വേണ്ടതെല്ലാമുണ്ട്.

ബുര്‍ജ് ഖലീഫ പോലെ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഒട്ടനവധി നിര്‍മിതികളും മരുഭൂമി സഫാരിയും ഷോപ്പിങ് മാളുകളും തുടങ്ങി സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് ദുബായ് നല്‍കുന്നത്. ഇക്കൂട്ടത്തില്‍ സാഹസിക പ്രേമികള്‍ക്കിടയില്‍ ഏറെ പ്രിയമുള്ള ഒരു വിനോദമാണ്‌ ആകാശത്ത് പറക്കാനാവുന്ന സ്കൈ ഡൈവിങ്. സ്കൈ ഡൈവിങ് ചെയ്യാനായി, ഇൻഡോർ, ഔട്ട്ഡോർ ഓപ്ഷനുകൾ ലഭ്യമാണ് ദുബായില്‍.

English Summary: Nayanthara celebrates husband Vignesh Shivan’s birthday in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com