അമേരിക്കൻ യാത്രയുടെ ഹൃദയഹാരിയായ കുറിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് നടി മീരാനന്ദന്‍. യു.എസിലെ സ്റ്റാർവ്ഡ് റോക്ക് സ്റ്റേറ്റ് പാർക്കില്‍ നിന്ന് ഹൈക്കിങ് ചെയ്യുന്നതിനിടെ എടുത്ത ചിത്രങ്ങളാണ് ഇവ. യാത്രയെക്കുറിച്ച് മീര എഴുതിയ കുറിപ്പും ഈ ചിത്രങ്ങള്‍ക്കൊപ്പമുണ്ട്. കാഴ്ചകൾ കണ്ട്, പുതിയ നാടിന്റെ കൾച്ചർ മനസ്സിലാക്കി സഞ്ചരിക്കാൻ അറെ ഇഷ്ടപ്പെടുന്നയാളാണ് മീരാനന്ദൻ.
മീരാനന്ദന്‍റെ കുറിപ്പ് വായിക്കാം:
“ജീവിതകാലം മുഴുവൻ ഞാൻ വിലമതിക്കുന്ന ഒരു യാത്രയായിരിക്കുമിത്. ഈ ചിത്രം എടുത്തത് ഒരു സഹയാത്രികനാണ്..
എല്ലാവരും ഗ്രൂപ്പുകളായാണ് വന്നിരുന്നത്, ഞാന്‍ ഒറ്റയ്ക്കും, അതുകൊണ്ടുതന്നെ ഒരുപാടു തവണ ഫോട്ടോ എടുത്തുതരാന്‍ ആളുകളോട് പറയാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനാല്‍ ഹൈക്ക് ചെയ്യുന്നതിനിടയില്‍ എന്നെ കണ്ടുമുട്ടുമ്പോഴെല്ലാം എന്‍റെ ഫോട്ടോ എടുത്തുതരാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ‘എന്തുകൊണ്ട് ഒറ്റയ്ക്ക് വന്നു’ എന്ന് അദ്ദേഹം എന്നോട് ചോദിച്ചപ്പോള്‍, എന്‍റെ ഏറ്റവും മികച്ച കമ്പനി എനിക്ക് ഞാന്‍ തന്നെയാണെന്ന് മറുപടിയും നല്‍കി” യാത്രയെ അത്രത്തോളം പ്രണയിക്കുന്നുവെന്ന് ഇൗ കുറിപ്പിലൂടെ മനസ്സിലാക്കാം.
സ്റ്റാർവ്ഡ് റോക്ക് സ്റ്റേറ്റ് പാർക്ക്
യു.എസ് സംസ്ഥാനമായ ഇല്ലിനോയിസിലാണ് സ്റ്റാർവ്ഡ് റോക്ക് സ്റ്റേറ്റ് പാർക്ക് സ്ഥിതിചെയ്യുന്നത്. ഇല്ലിനോയിസ് നദിയുടെ തെക്കേ കരയിൽ, ലാസാലെ കൗണ്ടിയിലെ ഡീർ പാർക്ക് ടൗൺഷിപ്പിൽ യുട്ടിക്ക ഗ്രാമത്തിന് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പാർക്ക് പ്രതിവർഷം രണ്ട് ദശലക്ഷത്തിലധികം ആളുകളാണ് സന്ദര്‍ശിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ, സ്റ്റാർവ്ഡ് റോക്കിന് ചുറ്റുമുള്ള പ്രദേശം ഒരു അവധിക്കാല റിസോർട്ടായി വികസിപ്പിച്ചെടുക്കുകയായിരുന്നു. ചരിത്രപ്രധാന്യത്തോടൊപ്പം, ധാരാളം സസ്യജാലങ്ങളും ജൈവവൈവിധ്യവുമുള്ള ഈ പാര്‍ക്ക് യുഎസില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന ഇടമാണ്.

സ്റ്റാർവ്ഡ് റോക്ക് സ്റ്റേറ്റ് പാർക്കിൽ 21 കിലോമീറ്ററോളം നീളുന്ന ഹൈക്കിംഗ് പാതകളുണ്ട്. കൂടാതെ പതിനെട്ടോളം ചെങ്കുത്തായ മലയിടുക്കുകളും ഇവിടെയുണ്ട്. ഫ്രഞ്ച്, ലാസല്ലെ, ഒട്ടാവ, സെന്‍റ് ലൂയിസ് കാന്യോൺസ് എന്നിങ്ങനെയുള്ള ഭീമന്‍ വെള്ളച്ചാട്ടങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്. നദിക്കരയിലൂടെ നടക്കുമ്പോള്‍, ലവേഴ്‌സ് ലീപ്പ് ഓവർലുക്ക്, ഈഗിൾ ക്ലിഫ് ഓവർലുക്ക്, ബീഹൈവ് ഓവർലുക്ക് തുടങ്ങിയ ആകർഷണങ്ങള്‍ കാണാം. പാര്‍ക്കിനുള്ളില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ള 133 ക്യംപ് സൈറ്റുകളിൽ 100 എണ്ണം റിസർവ് ചെയ്യാം. പാർക്കിന്‍റെ പടിഞ്ഞാറ് ഭാഗത്ത് കുതിരസവാരി നടത്താന്‍ പ്രത്യേകമായി നിര്‍മ്മിച്ച പാതകളും ഉണ്ട്. ബോട്ടിംഗ്, മീൻപിടുത്തം എന്നിവയും പാര്‍ക്കിനുള്ളിലെ ജനപ്രിയ വിനോദങ്ങളില്‍പ്പെടുന്നു.
ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയത്ത് ബാള്‍ഡ് ഈഗിള്‍സ് എന്നു പേരുള്ള പ്രത്യേകയിനം കഴുകന്‍മാരെ ഇവിടെ കാണാനാവും. മറ്റു ധാരാളം പക്ഷികളും പാര്‍ക്കിലുണ്ട്. പക്ഷിപ്രേമികൾക്ക് ബൈനോക്കുലറുകൾ ഇവിടെ വാടകയ്ക്ക് കിട്ടും.
ശൈത്യകാലത്ത്, പാർക്കിന്‍റെ ചില ഭാഗങ്ങളിൽ ഐസ് സ്കേറ്റിങ്, ടോബോഗനിങ്, ക്രോസ്-കൺട്രി സ്കീയിങ്, സ്ലെഡിങ് തുടങ്ങിയ കായിക വിനോദങ്ങൾ അനുവദനീയമാണ്. സ്നോമൊബൈലിംഗ് ഇവിടെ അനുവദനീയമല്ല. ചിലയിടങ്ങളില്‍ ഐസ് ക്ലൈംബിംഗും ഉണ്ടാവാറുണ്ട്. വെള്ളച്ചാട്ടങ്ങള്‍ വലിയ ഐസ്ഫോള്‍സ് അഥവാ ഹിമപാതങ്ങളായി മാറുന്ന കാഴ്ചയും ഈ സമയത്തെ പ്രത്യേകതയാണ്. ലാസല്ലെ, ഫ്രഞ്ച്, സെന്റ് ലൂയിസ്, ടോണ്ടി, വൈൽഡ്കാറ്റ്, ഹെന്നപിൻ, ഒട്ടാവ, കസ്‌കാസ്‌കിയ കാന്യോൺസ് എന്നീ ഭാഗങ്ങള്‍ ഈ കാഴ്ചയ്ക്ക് പ്രസിദ്ധമാണ്.
English Summary: Meera Nandan Enjoys Holiday in Starved Rock State Park United States