ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്രയില്‍ നിന്നുമുള്ള യാത്രാചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. സഹോദരനൊപ്പം നയാഗ്രയിലേക്ക് പുലര്‍കാലത്ത് നടത്തിയ ഹൈക്കിങ്ങിന്റെ ചിത്രമാണ് പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. വീണുകിട്ടുന്ന അവസരത്തിൽ ഒരുപാട് യാത്രകൾ നടത്തുന്നയാളാണ് പാർവതി. മാന്ത്രിക ചിത്രങ്ങൾ പകർത്താനായി പ്രഭാതയാത്ര എന്നും പങ്കുവച്ച ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. കാനഡയിലെ മനോഹരയാത്രയ്ക്ക് മുമ്പ് സ്വീഡനിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

യുഎസ് സംസ്ഥാനമായ ന്യൂയോർക്കിന്റെയും കനേഡിയൻ പ്രവിശ്യയായ ഒന്റാറിയോയുടെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് നയാഗ്ര വെള്ളച്ചാട്ടം. ഏകദേശം 10,000 വർഷങ്ങൾക്ക് മുമ്പ് ഹിമയുഗത്തിന്‍റെ അവസാനത്തിൽ രൂപംകൊണ്ട നയാഗ്ര വെള്ളച്ചാട്ടം, സൗന്ദര്യത്തിനും ചരിത്രപ്രധാന്യത്തിനും പ്രശസ്തമാണ്. ഓരോ വര്‍ഷവും ശരാശരി 30 ദശലക്ഷം വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത് എന്നാണ് കണക്ക്. 

ഹോഴ്സ്ഷൂ ഫാൾസ്, അമേരിക്കൻ ഫാൾസ്, ബ്രൈഡൽ വെയിൽ ഫാൾസ് എന്നിങ്ങനെയുള്ള മൂന്നു വെള്ളച്ചാട്ടങ്ങളുടെ കൂട്ടമാണ്‌ നയാഗ്ര എന്നറിയപ്പെടുന്നത്. ഹോഴ്സ്ഷൂ വെള്ളച്ചാട്ടം കാനഡയും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള അന്തർദേശീയ അതിർത്തിയിലും അമേരിക്കൻ ഫാൾസും ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടവും പൂർണ്ണമായും അമേരിക്കൻ ഐക്യനാടുകളുടെ അതിർത്തിക്കുള്ളിലുമാണ് സ്ഥിതിചെയ്യുന്നത്. അമേരിക്കയിൽ നിന്നും കാനഡയിലേക്കു പതിക്കുന്നതിനാൽ കാനഡയിൽ നിന്നുമാണ്‌ നയാഗ്രയുടെ ഭംഗി പൂർ‌ണ്ണമായും ആസ്വദിക്കാൻ‌ കഴിയുക. 

ആകർഷിക്കും നയാഗ്ര

മിനിറ്റിൽ ശരാശരി 168000 ക്യുബിക് മീറ്റർ ഒഴുക്കുള്ള നയാഗ്ര വെള്ളച്ചാട്ടം ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത സ്രോതസ്സുകളിലൊന്നാണ്. നയാഗ്ര വെള്ളച്ചാട്ടത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഹോഴ്‌സ്‌ഷൂ വെള്ളച്ചാട്ടമാണ്, സെക്കൻഡിൽ ശരാശരി 225000 ക്യുബിക് അടി വെള്ളമാണ് ഈ വെള്ളച്ചാട്ടത്തിലൂടെ താഴേക്ക് പതിക്കുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടവും ഇതുതന്നെയാണ്. 

സഞ്ചാരികള്‍ക്ക് നയാഗ്ര നദിയിലൂടെയുള്ള ക്രൂസ് യാത്രയും ഹെലികോപ്റ്റർ യാത്രയുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ, പൂന്തോട്ടങ്ങൾ, ഗുഹകള്‍, ഭൂഗർഭ നടപ്പാതകൾ, വെള്ളച്ചാട്ടത്തിന്‍റെ കാഴ്ചകള്‍ കാണാനുള്ള എന്നിവയും ഇവിടുത്തെ കാഴ്ചകളില്‍ ഉൾപ്പെടുന്നു. വെള്ളച്ചാട്ടത്തിനു തൊട്ടരികില്‍ പോയി കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് ബോട്ട് സവാരിയും ലഭ്യമാണ്. വെള്ളത്തിന്‍റെ ഒരു കൂറ്റൻ മതിലു പോലെ താഴേക്ക് ഇടതടവില്ലാതെ പതിക്കുന്ന വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച  കണ്ടുകൊണ്ടുള്ള ഈ യാത്ര അവിസ്മരണീയമായ അനുഭവമാണ്. 'മെയിഡ് ഓഫ് ദി മിസ്റ്റ്' എന്നാണ് അമേരിക്കയുടെ വശത്ത് നിന്നുള്ള ബോട്ട് യാത്രക്ക് പേര്. കാനഡയിൽ ഈ ബോട്ട് സവാരിക്ക് 'ഹോൺ ബ്ലോവർ ക്രൂയിസ്' എന്നും പറയും.

സന്ദർശനം എപ്പോള്‍

ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളാണ് നയാഗ്ര സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം. വേനല്‍ക്കാലമായതിനാല്‍ ഈ സമയത്ത് വളരെ മികച്ച കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. കനേഡിയൻ ഭാഗത്ത് നിന്ന്, അർദ്ധരാത്രി വരെ മണിക്കൂറുകളോളം വെള്ളച്ചാട്ടത്തിന്‍റെ ഇരുവശവും ഫ്ലഡ്‌ലൈറ്റുകൾ പ്രകാശിപ്പിക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്. 

English Summary: Parvathy Thiruvothu Shares Travel pictures from Niagara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com