ഹൃദയം തൊട്ടറിഞ്ഞ യാത്ര; അവധിയാഘോഷമാക്കി നിമിഷ സജയൻ

nimisha
Image Source: Nimisha Sajayan/Instagram
SHARE

യാത്രകൾ ഇഷ്ടമല്ലാത്തവരായി ആരുമില്ല. തിരക്കിട്ട ജീവിതത്തിൽ നിന്ന് മനസ്സിനെ സ്വസ്ഥമാക്കുവാന്‍ യാത്ര സഹായിക്കും. മലയാളികളുടെ പ്രിയതാരം നിമിഷ സജയൻ യാത്രാപ്രേമിയാണ്. നിമിഷയുടെ ഇഷ്ടം എന്തെന്ന് ചോദിച്ചാൽ യാത്രകളും കാഴ്ചകളുമാണെന്ന് ഒറ്റവാക്യത്തിൽ ഉത്തരം പറയും. കുട്ടിക്കാലം മുതൽ യാത്രകള്‍ ചെയ്യാൻ അത്രമേൽ ഇഷ്ടമാണ്. വീണുകിട്ടുന്ന അവസരങ്ങളിലൊക്കെയും യാത്രകൾ നടത്താറുണ്ട്. മനോഹരമായ സ്ഥലത്തുനിന്ന് നിരവധി ചിത്രങ്ങളും വിഡിയോയും  സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്. 

ഷൂട്ടിങ്ങിന്റെ ഭാഗമായും യാത്രകൾ ഒരുപാട് നടത്തിയിട്ടുണ്ട് നിമിഷ. ഷൂട്ടു കഴിഞ്ഞുള്ള സമയം ആ സ്ഥലത്തെ പ്രധാന കാഴ്ചകൾ ആസ്വദിക്കുകയാണ് താരത്തിന്റെ ഹോബി. യാത്രകളാണ് ജീവിതത്തെ തിളക്കമുള്ളതാക്കിമാറ്റുന്നതെന്നും മനസ്സ് വല്ലാതെ ടെന്‍ഷനടിച്ചിരിക്കുമ്പേൾ ട്രിപ്പ് പോകണം, മനസ്സിന്റെ എല്ലാ ആകുലതയെയും ആ യാത്ര തുടച്ചുമാറ്റുമെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തില്‍ നിമിഷ പറയുന്നു. ഇപ്പോഴിതാ സ്കോട്ട്ലൻഡിൽ നിന്നുള്ള ചിത്രങ്ങളാണ് പുതിയതായി നിമിഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

യൂറോപ്പിന്‍റെ സാമ്പത്തിക കേന്ദ്രങ്ങളില്‍ ഒന്നാണ് സ്കോട്ട്ലൻഡ്. വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം വളരെയധികം കാഴ്ചകളും അനുഭവങ്ങളുമുള്ള നാട്. ഇപ്പോള്‍ സ്കോട്ട്ലന്‍ഡിന്‍റെ കാണാക്കാഴ്ചകളിലൂടെയുള്ള യാത്രയിലാണ് നിമിഷ സജയന്‍. ചരിത്രപരവും സാംസ്കാരികപ്രാധാന്യമുള്ളതുമായ എഡിന്‍ബര്‍ഗ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും നിമിഷ പങ്കുവച്ചുട്ടുണ്ട്.

സ്കോട്ട്ലൻഡിന്‍റെ തലസ്ഥാന നഗരമാണ് എഡിൻബർഗ്. ഏറെക്കാലമായി, വൈദ്യശാസ്ത്രം, സ്കോട്ടിഷ് നിയമം, സാഹിത്യം, തത്ത്വചിന്ത, ശാസ്ത്രം, എഞ്ചിനീയറിംഗ് തുടങ്ങിയവയുടെയെല്ലാം കേന്ദ്രമാണ് ഇവിടം. സ്കോട്ട്ലൻഡിലെ ബ്രിട്ടീഷ് രാജവാഴ്ചയുടെ ഔദ്യോഗിക വസതിയായ ഹോളിറൂഡ്ഹൗസ് കൊട്ടാരം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്‌. ഇതുകൂടാതെ, ചരിത്രപരവും സാംസ്കാരികവുമായ ആകർഷണങ്ങൾ ഉള്ളതിനാല്‍ യുകെയിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന രണ്ടാമത്തെ വിനോദസഞ്ചാര കേന്ദ്രമാണ് എഡിൻബർഗ്. 

 എഡിൻബർഗ് കാസിൽ, സെന്‍റ് ഗൈൽസ്, ഗ്രേഫ്രിയേഴ്സ്, കാനോംഗേറ്റ് പള്ളികൾ, 18/19 നൂറ്റാണ്ടുകളിൽ നിർമ്മിച്ച ജോർജിയൻ ന്യൂ ടൗൺ എന്നിവയും നാഷണൽ മ്യൂസിയം ഓഫ് സ്കോട്ട്ലൻഡ്, നാഷണൽ ലൈബ്രറി ഓഫ് സ്കോട്ട്ലൻഡ്, സ്കോട്ടിഷ് നാഷണൽ ഗാലറി തുടങ്ങിയ ദേശീയ സാംസ്കാരിക സ്ഥാപനങ്ങളും നഗരത്തിലെ പ്രധാന കാഴ്ചകളാണ്.

 സ്കോട്ടിഷ് നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്

എഡിൻബർഗ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാഷണൽ ഗാലറി ഓഫ് സ്കോട്ട്ലൻഡിന്‍റെ ഭാഗമാണ് സ്കോട്ടിഷ് നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്. 1900 മുതൽ ഇന്നുവരെയുള്ളവയും സമകാലീനവുമായ കലകളുടെ വന്‍ ശേഖരമാണ് ഇവിടെയുള്ളത്. 6000- ലധികം പെയിന്റിംഗുകൾ, ശിൽപങ്ങൾ, ഇൻസ്റ്റാളേഷനുകൾ, വീഡിയോ വർക്ക്, പ്രിന്റുകൾ, ഡ്രോയിംഗുകൾ എന്നിവ ഇവിടെ കാണാം. ഇടയ്ക്കിടെ പ്രദര്‍ശനങ്ങളും നടത്താറുള്ള ഗാലറിയിലേയ്ക്ക് സന്ദര്‍ശകര്‍ക്ക് തികച്ചും സൗജന്യമായി പ്രവേശിക്കാം.

 എഴുത്തുകാരുടെ മ്യൂസിയം

എഡിൻബർഗിലെ റോയൽ മൈലിലുള്ള ലോൺമാർക്കറ്റിലെ ലേഡി സ്റ്റെയേഴ്‌സ് ഹൗസിലാണ് പ്രശസ്തമായ റൈറ്റേഴ്‌സ് മ്യൂസിയം. പ്രശസ്ത സ്കോട്ടിഷ് എഴുത്തുകാരായ റോബർട്ട് ബേൺസ്, വാൾട്ടർ സ്കോട്ട്, റോബർട്ട് ലൂയിസ് സ്റ്റീവൻസൺ എന്നിവരുടെ ജീവിതമാണ് ഇവിടുത്തെ പ്രമേയം. ഇവര്‍ ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളും എഴുതിയ പുസ്തകങ്ങളുമെല്ലാം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മ്യൂസിയത്തിനടുത്തായി രാജ്യത്തെ വളർന്നുവരുന്ന ദേശീയ സാഹിത്യ സ്മാരകമായ മക്കാർസ് കോർട്ടുമുണ്ട്.

റോയല്‍ മൈല്‍

സ്കോട്ട്ലൻഡിന്‍റെ രാജകീയ ചരിത്രത്തിലെ രണ്ട് പ്രധാന സ്ഥലങ്ങൾക്കിടയിലാണ് റോയൽ മൈൽ സ്ഥിതിചെയ്യുന്നത്; എഡിൻബർഗ് കാസിൽ, ഹോളിറൂഡ് പാലസ് എന്നിവയ്ക്കിടയില്‍. ഏകദേശം രണ്ടു കിലോമീറ്റര്‍ നീളുന്ന പാതയാണിത്. ഓൾഡ് ടൗണിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് സ്ട്രീറ്റാണ് റോയൽ മൈൽ.

English Summary: Nimisha Sajayan Enjoys Holiday in Scotland

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}