മൗറീഷ്യസ് ബീച്ചില്‍ ചുവടുകള്‍ വച്ച് നോറ; കനേഡിയന്‍ സുന്ദരിക്ക് കയ്യടിച്ച് ആരാധകര്‍

Mail This Article
ഇന്ത്യ മുഴുവന്‍ ആരാധകരുള്ള നടിമാരില്‍ ഒരാളാണ് നോറ ഫത്തേഹി. കാനഡയില്‍ നിന്നd വന്ന്, ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളോടെ ഇന്ത്യന്‍ ആരാധകരുടെ ഹൃദയത്തിലേക്കാണ് നോറ നടന്നുകയറിയത്. നടിയും നര്‍ത്തകിയും ആയി മാത്രമല്ല മോഡല്‍, പാട്ടുകാരി, പ്രൊഡ്യൂസര്‍ എന്നീ നിലകളിലെല്ലാം തന്നെ നോറ കഴിവു തെളിയിച്ചിട്ടുണ്ട്. മലയാളത്തിലെ ഡബിള്‍ ബാരല്‍, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സിനിമകളിലും നോറ ഉണ്ടായിരുന്നു. റിലീസാവാനിരിക്കുന്ന താങ്ക് ഗോഡ് എന്ന ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ‘മണികെ മാഗേ’ ഗാനത്തിന്‍റെ ഹിന്ദി പതിപ്പില്‍ സിദ്ധാര്‍ഥ് മല്‍ഹോത്രക്കൊപ്പം ആടിത്തകര്‍ത്ത ഡാന്‍സ് വിഡിയോ യുട്യൂബില്‍ വന്‍ ഹിറ്റാണ്.
ഇപ്പോഴിതാ തിരക്കുകളില്‍ നിന്നെല്ലാം അകന്നു മൗറീഷ്യസില്‍ അവധിക്കാല ആഘോഷത്തിലാണ് നോറ. തന്‍റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ മാർസെ പെഡ്രോസോയ്‌ക്കൊപ്പം മൗറീഷ്യസില്‍ നിന്നെടുത്ത ചിത്രങ്ങള്‍ നോറ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. കറുത്ത ബിക്കിനി ടോപ്പും ഷോർട്ട്‌സും കൂളിങ് ഗ്ലാസുമണിഞ്ഞ് പോസ് ചെയ്തു നില്‍ക്കുന്ന നോറയെ ചിത്രത്തില്‍ കാണാം. ഇതിനു മുൻപ് കടല്‍ത്തീരത്ത് നൃത്തം ചെയ്യുന്ന ഒരു വിഡിയോയും നോറ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.
ഇന്ത്യക്കാര്‍ക്കിടയില്‍ മാലദ്വീപ് പോലെത്തന്നെ ഏറെ ജനപ്രിയമായ ഒരു ദ്വീപ് രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യൻ വംശജരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് ഇവിടം. ജനസംഖ്യയിൽ എഴുപതു ശതമാനത്തോളം ഇന്ത്യൻ വംശജരാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ മനോഹരമായ ഈ ദ്വീപ് രാഷ്ട്രം, തടാകങ്ങൾ, ബീച്ചുകൾ, ബഹുവർണ പവിഴപ്പുറ്റുകൾ, മഴക്കാടുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയെല്ലാം കൊണ്ട് അനുഗ്രഹീതമാണ്.
മൗറീഷ്യസിലെ ഗ്രാൻഡ് ബേ, പെരേബെരെ, ബെല്ലെ മേരെ, ബ്ലൂ ബേ തുടങ്ങിയ ബീച്ചുകള്‍ വര്‍ഷംതോറും ആയിരക്കണക്കിന് ഹണിമൂണ്‍ സഞ്ചാരികളെ ആഘോഷാരവങ്ങളോടെ വരവേല്‍ക്കുന്നു. പല നിറത്തിലുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ ചമരെൽ എന്ന ചെറിയ ഗ്രാമം മൗറീഷ്യസിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിൽ ഒന്നാണ്. കൂടാതെ, സാഹസിക പ്രേമികൾക്ക് സ്കൈ ഡൈവിങ്, ബൈക്കിംങ്, സിപ്‌ലൈനിങ്, ട്രെക്കിങ്, പാരാഗ്ലൈഡിങ്, ഹെലികോപ്റ്റർ, സീപ്ലെയിൻ യാത്രകൾ എന്നിങ്ങനെയുള്ള വിനോദങ്ങളും പരീക്ഷിക്കാം.
ഇന്ത്യൻ പൗരന്മാർ മൗറീഷ്യസ് വീസയ്ക്ക് മുൻകൂട്ടി അപേക്ഷിക്കേണ്ടതില്ല എന്നൊരു പ്രത്യേകത കൂടിയുണ്ട്. സാധുവായ യാത്രാ രേഖകൾ ഉണ്ടെങ്കിൽ മൗറീഷ്യസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോൾ മൗറീഷ്യസ് വീസ ലഭിക്കും. ഈ വിസ ഓൺ അറൈവൽ 60 ദിവസം വരെ ഉപയോഗിക്കാം. മാത്രമല്ല, സാധുവായ വീസ ഉള്ള ഇന്ത്യക്കാര്‍ക്ക് 90 ദിവസം വരെ ഇവിടെ താമസിക്കാം.
English Summary: Nora Fatehi Enjoys Holiday In Mauritius