നിലാവുദിക്കുന്ന രാത്രിയിൽ വിരിയുന്ന മഴവില്ല്, പ്രകൃതിയുടെ മാന്ത്രിക കാഴ്ച

Mail This Article
മഴയ്ക്ക് മുന്‍പ് ആകാശത്ത് ഏഴുനിറങ്ങളില്‍ വിരിയുന്ന മഴവില്ല് കാണാന്‍ ഇഷ്ടമില്ലാത്തവരായി ആരുമില്ല. സൂര്യപ്രകാശം അന്തരീക്ഷത്തിലെ ജലകണികകളിൽ പതിക്കുമ്പോള്‍ പ്രകീര്‍ണനം സംഭവിക്കുകയും ഏഴു ഘടകവര്‍ണങ്ങളായി മാറുകയുമൊക്കെ ചെയ്യുന്നതു മൂലമാണ് മഴവില്ല് ഉണ്ടാകുന്നത് എന്നു നമ്മള്‍ സ്കൂളില്‍ പഠിച്ചിട്ടുണ്ട്. എന്നാല്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ചന്ദ്രന്‍റെ വെളിച്ചത്തിന് മഴവില്ല് ഉണ്ടാക്കാന്‍ പറ്റുമോ എന്ന്? നിലാവുദിക്കുന്ന സുന്ദരരാത്രികളില്‍ ഒരു മഴവില്ല് കൂടി മുന്നില്‍ തെളിഞ്ഞാലോ? അത്തരം സ്വര്‍ഗീയ അനുഭവങ്ങള്‍ ഒരുക്കുന്ന ഇടങ്ങള്‍ ഈ ഭൂമിയിലുണ്ട്!
വിക്ടോറിയ വെള്ളച്ചാട്ടത്തിനരികിലാണ് ചാന്ദ്ര മഴവില്ലിന്‍റെ ഈ മാന്ത്രികത വിരിയുന്നത്. ഈ പ്രകൃതി പ്രതിഭാസം സംഭവിക്കുന്ന ഭൂമിയിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം. വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ ഏറ്റവും ആകർഷകമായ കാഴ്ചകളിലൊന്നാണിത്.
എന്താണ് ചാന്ദ്ര മഴവില്ല്?
പകല്‍സമയങ്ങളില്‍ സൂര്യപ്രകാശമെന്ന പോലെ, രാത്രി സമയത്ത് ചന്ദ്രനില്‍ നിന്നുള്ള പ്രകാശം അന്തരീക്ഷത്തിലെ ജലകണികകളിലൂടെ കടന്നുപോകുമ്പോഴാണ് ചാന്ദ്ര മഴവില്ല് ഉണ്ടാകുന്നത്. ജലകണികകളിലൂടെ പ്രകാശം വ്യതിചലിക്കപ്പെടുമ്പോള്‍ ഈ 'മൂൺബോ' സൃഷ്ടിക്കപ്പെടുന്നു.
പൂര്‍ണചന്ദ്രനുദിക്കുന്നതും മേഘാവൃതമല്ലാത്തതുമായ ആകാശമുള്ള ദിനങ്ങളില്‍ മാത്രമാണ് ഈ പ്രതിഭാസം ദര്‍ശിക്കാനാവുക. എന്നാല്‍ ദുര്‍ബലമായ പ്രകാശമായതിനാല്‍ സൂര്യനില്‍ നിന്നുണ്ടാകുന്ന മഴവില്ലിന്‍റെ അത്ര പൊലിമയോ തെളിച്ചമോ ഇതിനുണ്ടാവില്ല.
എല്ലാവര്‍ക്കും കാണാനാവില്ല
ചന്ദ്രനിലെ നിറങ്ങൾ തിരിച്ചറിയാൻ മനുഷ്യന്‍റെ കണ്ണിന് സാധാരണയായി ബുദ്ധിമുട്ടാണ്. ചന്ദ്രനിൽ നിന്നുള്ള പ്രകാശം സാധാരണയായി മനുഷ്യരുടെ കോൺ വർണ്ണ റിസപ്റ്ററുകളെ ഉത്തേജിപ്പിക്കുന്നത് കുറവാണ്. ആളുകളുടെ രാത്രി കാഴ്ചാശേഷിയും കണ്ണുകളുടെ റെറ്റിനയിൽ കാണപ്പെടുന്ന വർണ്ണ സെൻസിറ്റീവ് കോണുകളുടെ എണ്ണവും പ്രതികരണശേഷിയും അനുസരിച്ച് മഴവില്ലിന്‍റെ കാഴ്ചാനുഭവം വ്യത്യാസപ്പെടാം.
ചാന്ദ്ര മഴവില്ല് കാണാൻ ഏറ്റവും നല്ല സമയം
വെള്ളച്ചാട്ടത്തില്‍ നിന്നുള്ള ജലകണികകളില്‍ നിലാവ് പതിക്കുമ്പോഴാണ് മഴവില്ല് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ നല്ല നീരൊഴുക്കുള്ളതും പൂര്‍ണ്ണചന്ദ്രനുദിക്കുന്നതും എന്നാല്‍ മേഘാവൃതമല്ലാത്തതുമായ ദിനങ്ങളില്‍ മാത്രമേ ഇത് കാണാന്‍ കഴിയൂ. മാസത്തില്‍ മൂന്നു ദിവസങ്ങളില്‍ മാത്രമാണ് ഈ പ്രതിഭാസം സാധാരണയായി ഉണ്ടാകുന്നത്. ഈ കാഴ്ച കാണാനായി എത്തുന്ന സഞ്ചാരികളുടെ വന്‍ തിരക്ക് ഈ സമയത്ത് അനുഭവപ്പെടാറുണ്ട്.
സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ ആദ്യ മാസങ്ങളിലെ വരണ്ട സീസണിൽ, ചില വ്യൂ പോയിന്റുകളിൽ നിന്ന് മാത്രമേ ചന്ദ്രനെ കാണാൻ കഴിയൂ. ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങൾ പ്രധാന മഴക്കാലമായതിനാല്‍ നിലാവ് ഉണ്ടാകുമെന്ന് ഉറപ്പിക്കാനാവില്ല.
ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളാണ് ചാന്ദ്ര മഴവില്ല് കാണാന്‍ ഏറ്റവും മികച്ച സമയം, തെളിഞ്ഞ ആകാശമുള്ള ശൈത്യകാലമാണിത്. ചന്ദ്രോദയത്തിന് തൊട്ടുപിന്നാലെ ചന്ദ്രൻ വളരെ ഉയരത്തിൽ എത്തുന്നതിന് മുമ്പുള്ള മണിക്കൂറുകളിൽ മഴവില്‍ക്കാഴ്ച ഏറ്റവും മനോഹരമാകുന്നു.
മഴവില്ല് കാണുന്ന വ്യൂപോയിന്‍റുകള്‍
വെള്ളച്ചാട്ടം കിഴക്ക്-പടിഞ്ഞാറ് ദിശയിലാണ് ഒഴുകുന്നത്. ചന്ദ്രൻ കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നു. മഴവില്ല് കാണണമെങ്കിൽ ചന്ദ്രൻ നോക്കുന്ന ആളുടെ പുറകിലായിരിക്കണം. ഇതിനായി ചന്ദ്രൻ ഉദിച്ചതിന് ശേഷമുള്ള മണിക്കൂറുകളിൽ പടിഞ്ഞാറ് ദിശയിലേക്ക് നോക്കേണ്ടതുണ്ട്. സാംബിയയിലാണ് ഏറ്റവും മികച്ച വ്യൂപോയിന്റുകള്‍ ഉള്ളത്. സിംബാബ്‌വെ ഭാഗത്തും മഴവില്ല് കാണാം. സഞ്ചാരികള്‍ക്ക് വെള്ളച്ചാട്ടം ചുറ്റി നടന്നു കാണിക്കാനും വിവരങ്ങൾ നൽകാനുമായി ഒട്ടേറെ ഗൈഡ് ടൂറുകള്‍ ഈ പ്രദേശത്തുണ്ട്.
വിക്ടോറിയ വെള്ളച്ചാട്ടം
തെക്കൻ ആഫ്രിക്കയിലെ സാംബിയ, സിംബാബ്‍വെ അതിർത്തിയിലുള്ള സാംബെസി നദിക്കരയിലെ വെള്ളച്ചാട്ടമാണ് വിക്ടോറിയ വെള്ളച്ചാട്ടം. 1,708 മീറ്റർ നീളവും 108 മീറ്റർ ഉയരവും ഉള്ള ഇത്, ലോകത്തിലെ ഏറ്റവും ഉയർന്നതും, വിശാലമായ വെള്ളച്ചാട്ടമാണ്. വര്‍ഷംതോറും ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കുന്നു.
English Summary: Lunar Rainbow Victoria Falls Tourism