ADVERTISEMENT

ഫുട്ബോൾ‌ ലോകകപ്പ് ഇക്കുറി ഖത്തറിലാണ്. ഒരുമാസം നീളുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശം പകരുന്ന ആഘോഷമാണ്. അതിനായി ലോകമെമ്പാടുമുള്ള ‘കളിപ്രാന്തന്‍’മാര്‍ ഖത്തറില്‍ എത്തിക്കഴിഞ്ഞു.

Qatar2
FIFA World Cup Qatar 2022 ,hasan zaidi/Istock

തണുപ്പുകാലമായതിനാല്‍ ഫുട്ബോള്‍ കളി കാണുന്നതോടൊപ്പം, ഖത്തറിലെ മനോഹരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയുമാവാം എന്നൊരു ഗുണം കൂടിയുണ്ട്. വെയിലും ചൂടും കൊണ്ട് വലയാതെ, ഖത്തര്‍ എന്ന കൊച്ചു രാജ്യം കാണാന്‍ ഈ അവസരം ഉപയോഗപ്പെടുത്താം. ഖത്തറിന്‍റെ തലസ്ഥാനമായ ദോഹ വര്‍ഷംതോറും നിരവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളില്‍ ഒന്നായാണ് ഖത്തര്‍ കണക്കാക്കപ്പെടുന്നത്. ഇവിടെയുള്ള ചില ആകര്‍ഷണങ്ങള്‍ പരിചയപ്പെടാം. 

1. മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്ട്

Qatar4
Museum of Islamic Art in Doha :FrankvandenBergh/Istock

ദോഹ വാട്ടർഫ്രണ്ടിലെ എംഐഎ പാർക്കിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്ട് മനോഹരമായ വാസ്തുവിദ്യയ്ക്ക് പ്രശസ്തമാണ്. ദോഹയിലെ പ്രശസ്തമായ  വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. ലോകപ്രശസ്ത വാസ്തുശില്പിയായ ഐ.എം.പെയ് ആണ് ഈ കെട്ടിടം രൂപകല്പന ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക കലാശേഖരമുള്ള മ്യൂസിയമാണ് ഇത്. 1400 വർഷത്തിനിടയിൽ മൂന്നു ഭൂഖണ്ഡങ്ങളിൽനിന്നു ശേഖരിച്ച പെയിന്റിങ്ങുകൾ ഇവിടെയുണ്ട്. രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെ ഇവിടം സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും. പ്രവേശനം സൗജന്യമാണ്. 

2. ആസ്പയർ പാർക്ക്

കുടുംബത്തോടൊപ്പം ഖത്തറിൽ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നായ ആസ്പയർ പാർക്ക്, ഗൾഫ് മേഖലയിലെ ഏറ്റവും വലിയ പാർക്കുകളിലൊന്നാണ്. പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് സമയം ചെലവഴിക്കാം. ടോർച്ച് ടവർ ആണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം, ഇത് ആസ്പയർ ടവർ എന്നും അറിയപ്പെടുന്നു. 15-ാമത് ഏഷ്യൻ ഗെയിംസിന് ഒരു ഭീമാകാരമായ ടോര്‍ച്ചായി പ്രവർത്തിച്ച ഈ ടവറിന് 300 മീറ്റർ ഉയരമുണ്ട്. ഇപ്പോൾ ഇത് മനോഹരമായ ഒരു ഹോട്ടലാണ്. രാവിലെ 8 മണി മുതല്‍ രാത്രി 12 മണി വരെ ഇവിടം തുറന്നിരിക്കും. പ്രവേശന ഫീസ് ഇല്ല

Qatar1
Arabia at the Pearl-Qatar, Credit:bennymarty/Istock

3. കത്താറ കൾച്ചറൽ വില്ലേജ്

കിഴക്കൻ തീരത്ത് വെസ്റ്റ് ബേയ്ക്കും ദ് പേളിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ കത്താറ കൾച്ചറൽ വില്ലേജ് ദോഹയിലെ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ്. ദോഹ ട്രിബേക്ക ഫിലിം ഫെസ്റ്റിവൽ, TEDx ദോഹ, അജ്യാൽ യൂത്ത് ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ വമ്പൻ പരിപാടികൾ ഇവിടെ അരങ്ങേറാറുണ്ട്. ഒരു പരമ്പരാഗത ഖത്തരി അൽ ഫറാജ് പോലെയാണ് ഇവിടുത്തെ കെട്ടിടങ്ങളും സൗകര്യങ്ങളും ക്രമീകരിച്ചിരിക്കുന്നത്. 24 മണിക്കൂറും തുറന്നിരിക്കുന്ന ഇവിടെ പ്രവേശനം സൗജന്യമാണ്. 

4. ദ് പേൾ

ദോഹയിലെ വെസ്റ്റ് ബേ ലഗൂൺ ഏരിയയുടെ കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന പേൾ ഒരു കൃത്രിമ ദ്വീപാണ്. വിദേശ പൗരന്മാർക്ക് ഫ്രീഹോൾഡ് ഉടമസ്ഥതയ്ക്ക് ലഭ്യമായ ഖത്തറിലെ ആദ്യത്തെ ഭൂമിയാണിത്‌. ധാരാളം ഹൈ-എൻഡ് റീട്ടെയിൽ ഷോപ്പുകളും മറ്റുമുള്ള ഒരു ലക്ഷ്വറി ഏരിയയാണിത്‌. 

Qatar3
A huge building in the form of a torch located in the middle of a public park in the city of Doha. autau/Istock

5. ഖത്തർ നാഷനൽ മ്യൂസിയം

ദോഹയിലെ ഏറ്റവും വലിയ രണ്ടാമത്തെ മ്യൂസിയമാണ് ഖത്തർ നാഷനൽ മ്യൂസിയം. പുരാതനമായ ഒട്ടേറെ വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ദോഹയിലെ പ്രശസ്തമായ കാഴ്ചകളിൽ ഒന്നായ ഈ മ്യൂസിയം ഖത്തറിലെ അറേബ്യൻ സംസ്കാരത്തിന്‍റെ  നൂറ്റാണ്ടുകള്‍ നീളുന്ന പഴമ സഞ്ചാരികള്‍ക്കു മുന്നില്‍ തുറന്നിടുന്നു. രാവിലെ 9 മുതൽ വൈകിട്ട് 7 വരെ ഇവിടം സന്ദര്‍ശിക്കാം. മുതിർന്നവർക്ക് ഏകദേശം 1000 രൂപയാണ് പ്രവേശന ഫീസ്‌.

6. സീലൈൻ ബീച്ച് റിസോർട്ട്

ഖത്തറിൽ സന്ദർശിക്കേണ്ട മറ്റൊരു പ്രധാന സ്ഥലമാണ് സീലൈൻ ബീച്ച് റിസോർട്ട്. അറബിക്കടലിനഭിമുഖമായി, അറേബ്യൻ മരുഭൂമിയിലെ മൺകൂനകൾക്കിടയിലാണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ആഡംബരപൂർണമായ താമസം കൂടാതെ, റിസോർട്ടിന് സമീപമുള്ള കടൽത്തീരത്ത് ഡ്യൂൺ ബാഷിങ് പോലുള്ള വിനോദങ്ങളും ഉണ്ട്. ദോഹയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന  വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. റിസോര്‍ട്ടില്‍ ഒരു ദിവസത്തിന് 2500 രൂപ മുതൽ മുകളിലേക്കാണ് നിരക്കായി ഈടാക്കുന്നത്. 

English Summary: Best Places to Visit During FIFA World Cup Qatar 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com