ADVERTISEMENT

സിംബാബ്‌വെയിലെ ഹ്വാംഗെ നാഷണൽ പാർക്കിലെ സവിശേഷമായ ഒരു സഫാരി അനുഭവമാണ് ദ എലിഫന്‍റ് എക്സ്പ്രസ്. ഡീറ്റെ സൈഡിങ്ങിനും എൻഗാമോ സൈഡിങ്ങിനുമിടയിലുള്ള മരുഭൂമിയിലേക്ക് സന്ദര്‍ശകരെ കൊണ്ടുപോകുന്ന അടിപൊളി റെയില്‍കാര്‍ യാത്രയാണിത്. ദൈർഘ്യമേറിയതും ബുദ്ധിമുട്ടുള്ളതുമായ റോഡ് യാത്രയ്ക്ക് പകരം, വളരെ സുഖകരമായ ഈ യാത്ര ഒരുക്കുന്നത് ഇംവെലോ എന്നു പേരുള്ള ഒരു സഫാരി കമ്പനിയാണ്.

elephant-express-2

 

2014 അവസാനത്തോടെയാണ് ഈ സര്‍വീസ് ആരംഭിച്ചത്. റെയില്‍കാറിലെ വ്യക്തിഗത കോച്ച് സീറ്റുകളിൽ 22 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. കോച്ചിനുള്ളില്‍ തേക്ക് മേശകളുമുണ്ട്. റെയിൽ‌കാറിന്‍റെ മുൻ‌ഭാഗത്തും പിന്നിലുമായി ഓരോ എഞ്ചിനും ഗിയർ‌ബോക്‌സും കാണാം. ട്രെയിനിന്‍ ഇരുവശത്തേക്കും നീങ്ങാന്‍ കഴിയും എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഒരു കെമിക്കൽ ടോയ്‌ലറ്റും ഇതിൽ ഉൾപ്പെടുന്നു.

 

ഇംവെലോ തങ്ങളുടെ അതിഥികളെ ഹ്വാംഗെ നാഷണൽ പാർക്കിന്‍റെ പ്രവേശന കവാടത്തിനടുത്തുള്ള ഡിറ്റെ സൈഡിംഗിലേക്ക് റോഡ് വഴി എത്തിക്കുകയാണ് ആദ്യം ചെയ്യുന്നത്. അവിടെ നിന്നും അവർ എലിഫന്‍റ് എക്സ്പ്രസിൽ കയറുന്നു, തുടർന്ന് റെയിൽകാറിൽ 70 കിലോമീറ്റർ മനോഹരമായ ട്രെയിന്‍ യാത്ര ആസ്വദിക്കുന്നു. രണ്ടു മണിക്കൂർ നീളുന്ന യാത്രയിൽ ആന, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളെയും വിവിധ പക്ഷി ഇനങ്ങളെയും കാണാൻ കഴിയും. 

 

elephant-express-1

എലിഫന്‍റ് എക്സ്പ്രസ് ഏകദേശം രാവിലെ 11 മണിക്ക് എൻഗാമോ സൈഡിംഗിൽ നിന്ന് പുറപ്പെട്ട്, ഉച്ചയ്ക്ക് ഏകദേശം 1 മണിക്ക് ഡിറ്റെ സൈഡിംഗിൽ എത്തിച്ചേരുന്നു. ഡിറ്റെയിൽ നിന്ന് ഏകദേശം 2 മണിക്ക് തിരിച്ചു പുറപ്പെടുന്ന ട്രെയിന്‍, ഉച്ചതിരിഞ്ഞ് ഏകദേശം 4 മണിക്ക് എൻ‌ഗാമോയിൽ തിരിച്ചെത്തുന്നു. യാത്രകളിലുടനീളം സഞ്ചാരികള്‍ക്ക് പാനീയങ്ങളും ലഘുഭക്ഷണങ്ങളും നൽകും.

 

സിംബാബ്‌വെയിലെ ദേശീയ റെയിൽവേയാണ് ട്രെയിന്‍ പുറപ്പെടൽ സമയത്തിനുള്ള നിർദ്ദേശം നൽകുന്നത്.മറ്റുള്ള ട്രെയിനുകള്‍ ട്രാക്കില്‍ ഇറങ്ങുന്ന കാര്യം കൂടി പരിഗണിക്കേണ്ടതിനാല്‍, എലിഫന്‍റ് എക്സ്പ്രസിന് കൃത്യമായ പുറപ്പെടൽ സമയങ്ങളില്ല. എന്നാൽ, ഇംവെലോ യാത്രകളുടെ വിവരങ്ങള്‍ സഞ്ചാരികളെ കൃത്യമായി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പാടാക്കിയിട്ടുണ്ട്.

 

അനുഭവപരിചയമുള്ള എഞ്ചിനീയർമാരാണ് സഫാരി റെയിൽ‌കാറിന്‍റെ ഡ്രൈവർമാർ എല്ലാവരും തന്നെ. സമീപത്തുള്ള എല്ലാ ട്രെയിനുകളുമായും ട്രാഫിക് കൺട്രോളർമാരുമായും അവര്‍ നിരന്തരം ആശയവിനിമയം നടത്തുന്നു. അതുകൊണ്ടുതന്നെ സഞ്ചാരികള്‍ക്ക് സുരക്ഷയെക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ട കാര്യമില്ല. ഓരോ 10 കിലോമീറ്ററിലുമുള്ള ജംഗ്ഷനുകളില്‍ നിര്‍ത്തിനിര്‍ത്തിയാണ് ട്രെയിന്‍ പോകുന്നത്. റെയിൽ‌കാറിൽ ഗൈഡുകളും ഉണ്ട്. രണ്ടു പേരുള്ള ഗ്രൂപ്പുകള്‍ ആയാണ് ടിക്കറ്റുകള്‍ നല്‍കുന്നത്. 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് https://imvelosafarilodges.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

 

ഹ്വാംഗെ നാഷണൽ പാർക്ക്

 

സിംബാബ്‌വെയിലെ ഏറ്റവും വലിയ പ്രകൃതി സംരക്ഷണ കേന്ദ്രമാണ് ഹ്വാംഗെ നാഷണൽ പാർക്ക്. മുമ്പ് വാങ്കി ഗെയിം റിസർവ് എന്നറിയപ്പെട്ടിരുന്ന ദേശീയോദ്യാന പ്രദേശത്തിന്, 14,600 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. രാജ്യത്തിന് വടക്കുപടിഞ്ഞാറായി, ബുലവായോയ്ക്കും വിക്ടോറിയ വെള്ളച്ചാട്ടത്തിനും ഇടയിലുള്ള പ്രധാന റോഡിൽ നിന്ന് അല്‍പ്പം അകലെമാറിയാണ് ഇത് സ്ഥിതിചെയ്യുന്നത്. ഏറ്റവും അടുത്തുള്ള പട്ടണം ഡിറ്റെ ആണ്. പ്രശസ്തമായ കലഹാരി മരുഭൂമിയും പാര്‍ക്കിനടുത്താണ്.

 

സഞ്ചാരികള്‍ക്ക് പാര്‍ക്കിനുള്ളില്‍ താമസവും ക്യാമ്പിങ്, പിക്നിക് മുതലായവയ്ക്കുള്ള സൗകര്യവും ലഭ്യമാണ്. പാർക്കിൽ മൂന്ന് വലിയ വിശ്രമ ക്യാമ്പുകളും നാല് ചെറിയ സ്ഥിരം ക്യാമ്പുകളും ഉണ്ട്. ഒരു സമയത്ത് ഒരു ടീമിന് മാത്രമേ ക്യാമ്പിങ് നടത്താനാവൂ. ഇതിനായി നാഷണൽ പാർക്ക് ബോർഡിൽ മുൻകൂട്ടി ബുക്കിങ് നടത്തണം. പകല്‍സമയത്ത് എല്ലാവര്‍ക്കും പാര്‍ക്കിനുള്ളില്‍ കടക്കാനുള്ള അനുവാദമുണ്ട്.

 

English Summary: Elephant Express Hwange Zimbabwe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com