ADVERTISEMENT

ആഘോഷനാളുകൾ യാത്രകളുടേയും കൂടിയാണ്. ക്രിസ്മസും പുതുവർഷവുമൊക്കെ അടിച്ചുപൊളിക്കുകയാണ് മിക്കവരും, ഇപ്പോഴിതാ വത്തിക്കാനിലാണ് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും കുടുംബവും. അനിയത്തി പ്രാവെന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ ഒരു ബൈക്കില്‍ കയറി ‘ഒരു രാജമല്ലി വിടരുന്ന പോലെ’ എന്നു പാടിക്കൊണ്ട് പോകുന്ന സീന്‍ ഓര്‍മയില്ലേ? ഇപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അതേപോലൊരു സീനിന്‍റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് ചാക്കോച്ചന്‍. ഭാര്യ പ്രിയക്കൊപ്പം, ഒറ്റച്ചക്രമുള്ള സൈക്കിളില്‍ യാത്ര ചെയ്യുന്ന വിഡിയോയാണിത്. വത്തിക്കാനിലെ ഒരു തെരുവിലൂടെയാണ് ഇവരുടെ യാത്ര.

നേരത്തെ മഞ്ജുവാര്യര്‍, ആര്‍ജെ മിഥുന്‍ മുതലായവര്‍ക്കൊപ്പമുള്ള യാത്രാ ചിത്രങ്ങളും കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചിരുന്നു. ക്രിസ്മസ്- ന്യൂ ഇയര്‍ സമയത്ത് ഏറെ മനോഹര ആഘോഷങ്ങള്‍ നടത്തുന്ന രാജ്യമാണ് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം കൂടിയായ വത്തിക്കാന്‍. ദീപാലങ്കാരങ്ങള്‍ നിറഞ്ഞ ചന്തകളും ക്രിസ്മസ് ട്രീകളും കരോളുകളും നിര്‍ത്താതെ ചലിക്കുന്ന ജനക്കൂട്ടവുമെല്ലാമായി, ക്രിസ്മസ് എന്നാല്‍ 21 ദിവസത്തെ അടിപൊളി പരിപാടികളാണ് വത്തിക്കാനില്‍. വത്തിക്കാനിലെ ക്രിസ്മസ് സീസൺ ഡിസംബർ 8- ന് ആരംഭിച്ച് ജനുവരി 6- ന് അവസാനിക്കും.

എല്ലാ വർഷവും, പീറ്റർ സെന്‍റ് പീറ്റേഴ്‌സ് സ്‌ക്വയറിന്‍റെ മധ്യഭാഗത്ത് പ്രഗത്ഭരായ കലാകാരന്മാർ ഒരുക്കുന്ന ക്രിസ്മസ് കാഴ്ച കാണാനാവും. ഇവിടെ ഒരുക്കുന്ന ക്രിസ്മസ് ട്രീയുടെ അനാച്ഛാദനത്തോടെയാണ്  വത്തിക്കാനിലെ ഉത്സവകാലത്തിന് തുടക്കമാകുന്നത്. ശിശുവായ യേശുവും മറിയവും ജോസഫും ഒപ്പം മൃഗങ്ങളും മാലാഖമാരുമെല്ലാം പ്രതിമകളുടെ രൂപത്തില്‍ മണ്ണിലേക്ക് ഇറങ്ങി വരും. ഈ കാഴ്ച കാണാന്‍ സഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

സാധാരണയായി, വത്തിക്കാൻ മ്യൂസിയങ്ങളും സിസ്റ്റൈൻ ചാപ്പലും ഡിസംബർ 25, 26 തീയതികളിൽ അടച്ചിരിക്കും. എന്നിരുന്നാലും, സഞ്ചാരികള്‍ക്ക് സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയും സെന്‍റ് പീറ്റേഴ്‌സ് സ്‌ക്വയറും സന്ദര്‍ശിക്കാനും സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ക്രിസ്മസ് കുർബാനയിൽ പങ്കെടുക്കാനും കഴിയും.ക്രിസ്മസ് അപ്പൂപ്പന്‍ മാത്രമല്ല ഇവിടെ കുട്ടികള്‍ക്കുള്ള സമ്മാനവുമായി പറന്നുവരുന്നത് എന്നൊരു പ്രത്യേകതയുമുണ്ട്. സമ്മാനസഞ്ചിയുമായി ചൂലില്‍ പറന്നുവരുന്ന ലാ ബെഫാന എന്ന മന്ത്രവാദിനി വത്തിക്കാനിലെ ക്രിസ്മസ് ആഘോഷത്തിന്‍റെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണമാണ്.

കൂടാതെ, ജീവകാരുണ്യ ആവശ്യങ്ങൾക്കായുള്ള പണം സ്വരൂപിക്കുന്നതിനായി, 1993 മുതൽ എല്ലാ വർഷവും വത്തിക്കാൻ സിറ്റിയില്‍ ഒരു ക്രിസ്മസ് കച്ചേരി നടത്തിവരുന്നു. കൺസേർട്ടോ ഡി നതാലെ എന്ന് പേരുള്ള ഈ പരിപാടിയില്‍ രാജ്യാന്തര പ്രശസ്തരായ സംഗീത കലാകാരന്മാര്‍ പങ്കെടുക്കുന്നു. 

English Summary: Kunchacko Boban Enjoys Holiday in Vatican City

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com