തായ്‌ലൻഡില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് സാനിയ

saniya-iyappan
Image Source: Saniya Iyappan | Instagram
SHARE

ക്രാബിയില്‍ നിന്നും അടിപൊളി വെക്കേഷന്‍ ചിത്രങ്ങളുമായി നടി സാനിയ അയ്യപ്പന്‍. കുടുംബത്തോടൊപ്പമാണ് സാനിയയുടെ വെക്കേഷന്‍. ബീച്ചില്‍ നിന്നും എടുത്ത ഒട്ടേറെ ചിത്രങ്ങള്‍ സാനിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കാണാം. 

നാലു ദിവസമായിരുന്നു യാത്ര. ഒരു ജീവിതകാലം മുഴുവന്‍ ഓര്‍ക്കാവുന്ന അനുഭവമായിരുന്നു കുടുംബത്തോടൊപ്പമുള്ള ഈ യാത്രയെന്ന് സാനിയ ഇതോടൊപ്പമുള്ള ക്യാപ്ഷനില്‍ കുറിച്ചു.

ക്രാബി: ബീച്ച് പ്രേമികളുടെ പറുദീസ

തെക്കൻ തായ്‌ലൻഡില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ക്രാബി. ഫുകേതില്‍ നിന്ന് ഒന്നര മണിക്കൂര്‍ സ്പീഡ്ബോട്ടില്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം. ബാങ്കോക്കിൽ നിന്ന് 783 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം.

അതിമനോഹരമായ ബീച്ചുകള്‍ ആണ് ക്രാബിയുടെ മുഖമുദ്ര. ലോകത്ത് തന്നെ ഏറ്റവും മനോഹരമായ പവിഴപ്പുറ്റുകളുടെ കാഴ്ചയും ക്രാബിയുടെ പ്രത്യേകതയാണ്. കൂടാതെ 150-ലധികം ദ്വീപുകളും ചുടുനീരുറവകളും കടല്‍ ഗുഹകളും വിസ്മയമുണര്‍ത്തുന്നര്‍ത്തുന്ന ജൈവവൈവിധ്യവുമെല്ലാം ക്രാബിയിലേക്ക് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഹണിമൂണ്‍ പോലുള്ള അവസരങ്ങളിലും അവധിക്കാലത്തും ആഘോഷിക്കാനായി വിവിധ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ ഇവിടേക്ക് പറന്നെത്തുന്നു. 

ക്രാബി, ആവോ നാങ്, റെയ്‌ലേ ബീച്ച് എന്നിവയാണ് ഇവിടുത്തെ ചില പ്രസിദ്ധമായ ബീച്ചുകള്‍. ഇവിടങ്ങളിലെ ഉദയാസ്തമയക്കാഴ്ചകള്‍ ആസ്വദിക്കാം. കൂടാതെ വേക്ക്ബോർഡിംഗ്, വിൻഡ്‌സർഫിംഗ്, കൈറ്റ്‌സർഫിംഗ്, സ്നോർക്കലിംഗ്, ഡൈവിംഗ് എന്നിങ്ങനെയുള്ള സാഹസിക വിനോദങ്ങളും ഇവിടങ്ങളില്‍ സജീവമാണ്. ജെയിംസ് ബോണ്ട് ഐലൻഡ്, ഫൈ ഫൈ ദ്വീപുകൾ തുടങ്ങിയ ദ്വീപുകളും തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടവയാണ്. സോയ്‌ ആര്‍സിഎ, ആവോ നാങ്ങ് സെന്‍റര്‍ പോയിന്‍റ്, ഓൾഡ് വെസ്റ്റ് ബാർ തുടങ്ങിയ സ്ഥലങ്ങള്‍ പാര്‍ട്ടി പ്രേമികള്‍ക്ക് പരീക്ഷിക്കാവുന്നവയാണ്. 

തുങ് ടീവോ ഫോറസ്റ്റ് നാച്ചുറൽ പാർക്കിലെ വനത്തിലൂടെ നടക്കുന്നത് പ്രകൃതിസ്നേഹികള്‍ക്ക് ആനന്ദം പകരും. ഇതിനുള്ളില്‍ ക്രിസ്റ്റൽ ലഗൂൺ, ചൂടുള്ള എമറാൾഡ് പൂൾ തുടങ്ങിയവയുണ്ട്. ട്രെക്കിംഗ് ഇഷ്ടമുള്ളവര്‍ക്ക് ഖാവോ ഖനാബ് നാം പർവതനിരകളിലേക്ക് നടന്നുകയറാം. ക്രാബി പട്ടണത്തിന് നടുവിലുള്ള പ്രസിദ്ധമായ വാട്ട് കേവ് ക്ഷേത്രവും സന്ദര്‍ശിക്കേണ്ടതാണ്.

പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണെങ്കിലും പോക്കറ്റടിയും മോഷണവും സാധാരണ സംഭവമാണ് ക്രാബിയില്‍, അതുകൊണ്ടുതന്നെ വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിക്കാറുണ്ട്. 

നവംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ക്രാബി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. മണ്‍സൂണ്‍ കഴിഞ്ഞ് സുഖകരമായ കാലാവസ്ഥയാണ് ഈ സമയത്ത് അനുഭവപ്പെടുന്നത്. ജൂൺ മുതൽ ഒക്‌ടോബർ വരെയുള്ള കാലത്ത് ക്രാബിയിൽ കനത്ത മഴയായതിനാല്‍ യാത്ര അത്ര സുരക്ഷിതമല്ല.

English Summary: Saniya Iyappan Celebrating Her Vacation With Family In Thailand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS