ADVERTISEMENT

ഏതു രാജ്യത്തും അത്ര പ്രസിദ്ധമല്ലാത്തതും എന്നാല്‍ സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവങ്ങള്‍ സമ്മാനിക്കുന്നതുമായി സ്ഥലങ്ങളുണ്ടാവും. അമേരിക്കയും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. യാത്രികര്‍ക്ക് തികച്ചും വ്യത്യസ്തമായ യാത്രാനുഭവം നല്‍കുന്ന അമേരിക്കയിലെ അഞ്ച് സ്ഥലങ്ങളെ പരിചയപ്പെടാം. ഈ പട്ടികയില്‍ അമേരിക്കയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ റോഡ് ഐലന്‍ഡും ചെര്‍ലസ്റ്റണിലെ നിഗൂഢ പൂന്തോട്ടങ്ങളും ഫോര്‍ട്ട് വര്‍ത്തിലെ കൗബോയ് ഫാമുമെല്ലാമുണ്ട്. 

 

1 റോഡ് ഐലന്‍ഡ്

us-travel

 

അമേരിക്കയിലെ സംസ്ഥാനങ്ങളില്‍ വലുപ്പം കൊണ്ട് ഏറ്റവും പിന്നിലാണെങ്കിലും യാത്രക്കാര്‍ക്കു വേണ്ട കാഴ്ചകളുടെ കാര്യത്തില്‍ റോഡ് ഐലന്‍ഡ് ഒട്ടും പിന്നിലല്ല. സ്വര്‍ണ നിറമാര്‍ന്ന കടല്‍തീരങ്ങളും ചരിത്രമുറങ്ങുന്ന കോട്ടകളും രുചിയേറും കടല്‍വിഭവങ്ങളും വൈന്‍ നിര്‍മാണ കേന്ദ്രങ്ങളുമെല്ലാമുള്ള പ്രദേശമാണിത്. അമേരിക്കയിലെ പല സമ്പന്ന കുടുംബങ്ങളുടേയും വേനല്‍കാല വസതിയുള്ള സ്ഥലമായി ന്യൂപോര്‍ട്ട് മാറിയത് കാലാവസ്ഥയുടേയും പ്രകൃതിയുടേയും അനുഗ്രഹം കൊണ്ടാണ്. ദ ഗ്രേറ്റ് ഗാറ്റ്‌സ്‌ബേ, എച്ച്.ബി.ഒ സീരീസ് ദ ഗില്‍ഡഡ് ഏജ് എന്നിവയിലെല്ലാം ന്യൂപോര്‍ട്ടിന്റെ സൗന്ദര്യം ആവോളം അറിയാം. കടല്‍രുചികളെ അറിയാതെ റോഡ് ഐലന്‍ഡിലെ യാത്രകള്‍ പൂര്‍ണമാവില്ല. മട്ടുനക് ഒയിസ്റ്റര്‍ ബാര്‍ ഇതിന് പറ്റിയ ഇടമാണ്. 

 

2 സിന്‍സിനാറ്റി, ഒഹിയോ

 

മൗണ്ട് ആദം മലയുടെ താഴ്‌വരയില്‍ ഒഹിയോ നദിയുടെ തീരത്തുള്ള സിന്‍സിനാറ്റി പട്ടണം സമ്പന്നമായ സംസ്‌കൃതിയുടെ കേന്ദ്രം കൂടിയാണ്. ഭക്ഷണപ്രിയരുടെ സ്വര്‍ഗമാണ് ഓവര്‍ ദ റൈന്‍. ലോക്കല്‍ റെസ്റ്ററന്റുകളും ബാറുകളും മദ്യ നിര്‍മാണ ശാലകളും ചന്തകളുമൊക്കെ ഇവിടെയുണ്ട്. ഒഹിയോയിലെ ഫിന്‍ഡ്‌ലേ മാര്‍ക്കറ്റ് ലോകത്തെ തന്നെ ആദ്യത്തെ പത്തു ഫുഡ് മാര്‍ക്കറ്റുകളിലൊന്നാണ്. കായികപ്രേമികള്‍ക്ക് ഏറെ പരിചിതമായ എന്‍.എഫ്.എല്‍ ടീം സിന്‍സിനാറ്റി ബെന്‍ഗള്‍സിന്റെയും എം.എല്‍.ബി ടീം സിന്‍സിനാറ്റി റെഡ്‌സിന്റേയും ആസ്ഥാനം സിന്‍സിനാറ്റിയിലാണ്. 

us-travel

 

3 ഫോര്‍ട്ട് വര്‍ത്ത്, ടെക്‌സസ്

 

കൗബോയ് സംസ്‌കാരത്തെ അമേരിക്കയില്‍ നിന്നും അടര്‍ത്തി മാറ്റാനാവില്ല. ഫോര്‍ട്ട് വര്‍ത്ത് അമേരിക്കന്‍ കൗബോയ്‌സിന്റെ ആസ്ഥാനമാണ്. നിരവധി സിനിമകളിലും സീരിസുകളിലും ഫോര്‍ട്ട് വര്‍ത്തിലെ പ്രകൃതി ചിത്രീകരിച്ചിട്ടുണ്ട്. ഫോര്‍ട്ട് വര്‍ത്തില്‍ നിന്നും 30 മിനുറ്റ് മാത്രം തെക്കു മാറിയാണ് ബോമോണ്ട്. ഇവിടം കുതിരയോട്ടത്തിന്റേയും ക്ലേ ഷൂട്ടിങിന്ഞറേയും അമ്പെയ്ത്തിന്റേയും സിപ്പ് ലൈനിങിന്റേയുമൊക്കെ കേന്ദ്രമാണ്. 

 

4 സൊനോമ കൗണ്ടി, കാലിഫോര്‍ണിയ

 

വൈന്‍ നിര്‍മാണത്തിന് പ്രസിദ്ധമാണ് സൊനോമ കൗണ്ടി. എന്നാല്‍ പസഫിക് സമുദ്രം അതിരിടുന്ന 80 കിലോമീറ്റര്‍ നീളമുള്ള തീരവും ഈ പ്രദേശത്തുണ്ട്. മലകയറ്റം ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് നിരവധി ട്രക്കിങുകള്‍ക്കുള്ള സൗകര്യം ഇവിടെയുണ്ട്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് ദേശാടനം നടത്തുന്ന തിമിംഗലങ്ങളുടെ കൂട്ടങ്ങളെ തീരത്തു നിന്നു പോലും കാണാനാവും. സൊനോമ കൗണ്ടിയില്‍ 40ലേറെ സ്പാകളും വെല്‍നെസ് സെന്ററുകളുമുണ്ട്. 

 

5 ചാര്‍ലെസ്റ്റോണ്‍, സൗത്ത് കരോലിന

 

അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള പബ്ലിക്ക് ഗാര്‍ഡനായ മഗ്നോലിയ പ്ലാന്റേഷനും പൂന്തോട്ടങ്ങളും ഇവിടെയാണ്. വസന്തകാലത്ത് പൂക്കള്‍ നിറയുന്ന ഇവിടം മായിക ഭൂമിയായി മാറാറുണ്ട്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് അമേരിക്കയിലെ ഈ രഹസ്യ പൂന്തോട്ടങ്ങള്‍ പൂക്കളാല്‍ നിറയുക. മൂന്നു നൂറ്റാണ്ടോളം പഴക്കമുള്ള പ്ലാന്റേഷനുകളും പഴമ നിറഞ്ഞ ബംഗ്ലാവുകളും ഇവിടെയുണ്ട്. മിഡില്‍ട്ടണ്‍ കൊട്ടാരത്തിലെ യൂറോപ്യന്‍ ശൈലിയില്‍ നിര്‍മിച്ച പൂന്തോട്ടത്തില്‍ വര്‍ഷത്തില്‍ എല്ലാ സമയത്തും പൂക്കളുണ്ടാവും. വാഡ്മലാവ് ദ്വീപിലെ തേയില തോട്ടങ്ങളും സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കും. 

English Summary: Five U.S. destinations that should be on your radar for 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com