ADVERTISEMENT

രാജീവ്‌ രവിയുടെ 'അന്നയും റസൂലും' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അന്നയായെത്തി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ആന്‍ഡ്രിയ ജെർമിയ. പിന്നീട് നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളിലും അഭിനയിച്ച ആന്‍ഡ്രിയ പാട്ടെഴുത്തുകാരിയായും ഗായികയായും ആരാധകരുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ചു. 

ഇപ്പോഴിതാ മനോഹരമായ യാത്രാ ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവരുകയാണ് നടി. ബാലിയിൽ നിന്നുള്ള ഏറ്റവും പുതിയ അവധിക്കാല ചിത്രങ്ങളും വിഡിയോകളും ആന്‍ഡ്രിയ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ബാലിയിലെ പെനതരൻ അഗുങ് ലെംപുയാങ് ക്ഷേത്രത്തില്‍ നിന്നെടുത്ത മനോഹരമായ ഒരു ചിത്രവും ഇക്കൂട്ടത്തിലുണ്ട്. 'അതിൽ മയങ്ങി നിന്നുപോയി, എന്റെ ഫോട്ടോ എടുത്തത് പോലും അറഞ്ഞില്ല. അതുകൊണ്ടായിരിക്കാം ഈ യാത്രയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമയാണിതെന്നും'ഏറ്റവും പുതിയതായി പങ്കുവച്ച ചിത്രത്തിനൊപ്പം ആന്‍ഡ്രിയ കുറിച്ചു.

ബാലിയിലെ കരംഗസെമിൽ ലെംപുയാങ് പർവതത്തിന്‍റെ ചരിവിൽ സ്ഥിതി ചെയ്യുന്ന ഒരു ബാലിനീസ് ഹിന്ദു ക്ഷേത്രമാണിത്. ബാലിയിലെ വളരെ ബഹുമാനിക്കപ്പെടുന്ന ക്ഷേത്രങ്ങളിലൊന്നായ പുര സമുച്ചയത്തിന്‍റെ ഭാഗമായാണ് ഇത് കണക്കാക്കുന്നത്. ബാലിക്ക് ആത്മീയ സന്തുലിതാവസ്ഥ നൽകുന്ന ഏറ്റവും വിശുദ്ധമായ ആറ് ആരാധനാലയങ്ങളായ ‘സദ് കഹ്യാംഗൻ ജഗദി’ന്‍റെ ഭാഗമാണ് ഇവ. ബാലിനീസ് ഹിന്ദുവിശ്വാസപ്രകാരം, ഏറ്റവും ഉയർന്ന ദൈവമായ സാങ് ഹയാങ് വിധിക്കും ത്രിമൂർത്തികള്‍ക്കുമാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്.

മനോഹരമായ വാസ്തുവിദ്യയാണ് ക്ഷേത്രത്തിന്‍റെ പ്രധാനപ്രത്യേകതകളിലൊന്ന്. സമുദ്രനിരപ്പിൽ നിന്ന് 600 മീറ്റർ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ കാൻഡി ബെന്‍റര്‍ സ്പ്ലിറ്റ് ഗേറ്റില്‍ നിന്നെടുത്ത ചിത്രങ്ങളാണ് ആന്‍ഡ്രിയ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിന്‍റെ പുറംഭാഗത്തുള്ള ശ്രീകോവിലായ ജബ പിസാനിലേക്കുള്ള പ്രവേശനകവാടമാണിത്. 

ബാലിയിലെ മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമായ ഗിലി ദ്വീപുകളില്‍ നിന്നും എടുത്ത ചിത്രങ്ങളും ആന്‍ഡ്രിയ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇന്തോനേഷ്യയിലെ ലോംബോക്കിന് വടക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന, ഗിലി ട്രാവൻഗൻ, ഗിലി മെനോ, ഗിലി എയർ എന്നീ മൂന്ന് ദ്വീപുകളുടെ സമൂഹമാണിത്.

ടൂറിസ്റ്റുകള്‍ക്കായി ഒട്ടേറെ റിസോര്‍ട്ടുകളും ഹോട്ടലുകളും കുടിലുകളുമെല്ലാം ഈ ദ്വീപുകളിലുണ്ട്. ട്രാവൻഗൻ ദ്വീപിലാണ് ഏറ്റവും കൂടുതല്‍ പ്രാദേശിക സമൂഹമുള്ളത്. ഇതിന്‍റെ കിഴക്കുഭാഗം ഉൾനാടൻ ഭാഗങ്ങളാണ്. ഇവിടെ മോട്ടോര്‍ വാഹനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. പ്രദേശവാസികളും ടൂറിസ്റ്റുകളും സൈക്കിൾ, സിഡോമോ എന്നു വിളിക്കുന്ന കുതിരവണ്ടി എന്നിവ ഉപയോഗിച്ചാണ് സഞ്ചരിക്കുന്നത്. 

സുന്ദരമായ പവിഴപ്പുറ്റുകള്‍ ഗിലി ദ്വീപുകളുടെ പ്രത്യേകതയാണ്. സ്കൂബ ഡൈവിംഗ്, ഫ്രീ ഡൈവിങ്, സ്നോര്‍ക്കലിങ് മുതലായ സാഹസിക വിനോദങ്ങള്‍ക്കും ദ്വീപ്‌ ഏറെ പ്രശസ്തമാണ്. ഷാർക്ക് പോയിന്‍റ്, മാന്ത പോയിന്‍റ്, സൈമൺസ് റീഫ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഡൈവിങ് സ്പോട്ടുകള്‍. ഇന്തോനേഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ അഗ്നിപർവതമായ മൗണ്ട് റിൻജാനിയും ഇതിനടുത്തായാണ് സ്ഥിതിചെയ്യുന്നത്.

English Summary: Andrea Jeremiah Shares Beautiful Pictures from Bali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com