വീസയുടെ നൂലാമാലകൾ വേണ്ട, ഇന്ത്യക്കാർക്ക് ഇൗ രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം

Mail This Article
തികച്ചും വ്യത്യസ്തമായ സംസ്‌ക്കാരവും ഭക്ഷണവും കാഴ്ചകളുമൊക്കെയാണ് ഓരോ രാജ്യങ്ങളിലും സഞ്ചാരികളെ കാത്തിരിക്കുന്നത്. പല യാത്രികരുടേയും ഉള്ളിലെ പ്രധാന സ്വപ്‌നമാണ് വിദേശ രാജ്യത്തേക്കുള്ള യാത്ര. സ്വപ്‌നം കാണുന്ന വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ പലപ്പോഴും വീസ നടപടികളുടെ സങ്കീര്‍ണതകള്‍ മൂലം മുളയിലേ കെട്ടു പോവാറുമുണ്ട്. എന്നാല്‍ വളരെയെളുപ്പത്തില്‍ വീസ ലഭിക്കുന്ന വിദേശ രാജ്യങ്ങളുമുണ്ട്. ഇന്ത്യന്‍ യാത്രികര്‍ക്ക് എളുപ്പം എത്തിപ്പെടാവുന്ന അത്തരത്തിലുള്ള അഞ്ച് രാജ്യങ്ങളെയറിയാം.
1 ഇന്തൊനീഷ്യ
ഭൂമിയിലെ ഏറ്റവും വലിയ ദ്വീപ സമൂഹമായ ഇന്തൊനീഷ്യയെന്നത് രുചിയും കാഴ്ചകളും ശബ്ദവും മണവുമൊക്കെ ഒത്തു ചേര്‍ന്ന യാത്രാനുഭവത്തിന്റെ പേരുകൂടിയാണ്. 17,000ത്തിലേറെ ദ്വീപുകളുണ്ട് ഈ രാജ്യത്ത്. ജാവയിലെ അഗ്നിപര്‍വതങ്ങളും ബാലിയിലെ തട്ടു തട്ടായുള്ള നെല്‍പാടങ്ങളും ജക്കാര്‍ത്തയിലെ ആഡംബര മാളുകളും അതിമനോഹര കടല്‍തീരങ്ങളും ബോനിയോയിലെ മഴക്കാടുകളുമെല്ലാം ഇന്തൊനീഷ്യയിലെ വൈവിധ്യങ്ങളില്‍ ചിലതാണ്.

ഇന്തൊനീഷ്യയിലെ ജനങ്ങള്‍ പൊതുവേ യാത്രികരോട് മാന്യമായി പെരുമാറുന്നവരാണ്. മനോഹരമായ ബീച്ചുകളും കടലും സമൃദ്ധിയായതിനാല്‍ യാത്രികര്‍ക്ക് ഡൈവിങും സ്‌നോര്‍ക്കലിങ്ങും അടക്കമുള്ള സമുദ്ര വിനോദങ്ങള്‍ക്ക് അവസരമുണ്ട്. കടലിനകത്തെ മായികലോകം കണ്ടറിയാന്‍ പറ്റിയ ഇടം കൂടിയാണ് ഇന്തോനേഷ്യ. ബൊറോബുദുര്‍, പ്രംബനന്‍ എന്നിങ്ങനെ വിപുലമായ ക്ഷേത്ര സമുച്ചയങ്ങളുടെ കൂടി നാടാണിത്.
ഏപ്രില്‍ മുതല്‍ സെപ്റ്റംബർ വരെയാണ് ഇന്തൊനീഷ്യ കാണാന്‍ യോജിച്ച സമയം. ഇവിടെ വന്നിറങ്ങുന്ന യാത്രികര്‍ക്ക് വീസ ഓണ്‍ അറൈവല്‍ സൗകര്യമുണ്ട്. ആറു മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്ക ടിക്കറ്റുമാണ് ഹാജരാക്കേണ്ടത്.
2.സീഷെല്‍സ്
ആഫ്രിക്കയുമായി ചേര്‍ന്ന് ഇന്ത്യന്‍ മഹാ സമുദ്രത്തിലായാണ് സീഷെല്‍സിന്റെ സ്ഥാനം. ആകെ 115 ദ്വീപുകള്‍ സീഷെല്‍സിന്റെ ഭാഗമായുണ്ട്. ഇതില്‍ 45 എണ്ണം പാറകള്‍ നിറഞ്ഞതും 74 എണ്ണം പവിഴപ്പുറ്റു ദ്വീപുകളുമാണ്. ഹണിമൂണ്‍ പാരഡൈസ് എന്നൊരു പേരു കൂടി സീഷെല്‍സിനുണ്ട്. തലസ്ഥാനമായ വിക്ടോറിയ സ്‌നേഹത്തിന്റെ ദ്വീപെന്ന പേരില്‍ പ്രസിദ്ധമാണ്.

ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ കടല്‍ത്തീരമെന്നാണ് സീഷെല്‍സിലെ അന്‍സെ സോഴ്‌സ് ഡാര്‍ജെന്റിനെ വിശേഷിപ്പിക്കുന്നത്. സ്വതന്ത്രമായി ഇഴഞ്ഞു നീങ്ങുന്ന ആമകള്‍ ഗതാഗത തടസത്തിന് വരെ കാരണമാകുന്ന നാടു കൂടിയാണിത്. ഭൂമിയിലെ ഏറ്റവും വലിയ വിത്തായ കോകൊ ഡി മേറിന്റെ ജന്മനാടും സീഷെല്‍സാണ്.
ഇന്ത്യക്കാരായ യാത്രികര്‍ക്ക് ചെന്നിറങ്ങാന്‍ വീസ ആവശ്യമില്ലാത്ത രാജ്യമാണ് സീഷെല്‍സ്. സാധുവായ പാസ്‌പോര്‍ട്ടും മടക്ക ടിക്കറ്റുമാണ് ആവശ്യമുള്ള രേഖകള്‍. ഏപ്രില്‍, മെയ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളാണ് യാത്രികര്‍ക്ക് ഏറ്റവും അനുയോജ്യമായത്.
3.കെനിയ
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയ ആഫ്രിക്കന്‍ സഫാരികളുടെ പേരില്‍ പ്രസിദ്ധമാണ്. നാഷനല്‍ ജിയോഗ്രഫിയിലും ഡിസ്‌കവറിയിലുമല്ലാം കണ്ട് നമുക്ക് പരിചിതമായ മസായ് മരാ ദേശീയ പാര്‍ക്ക് കെനിയയിലാണ്. ആഫ്രിക്കയിലെ ഏറ്റവും വലിയ പര്‍വതമായ കിളിമഞ്ചാരോക്ക് താഴെയുള്ള അംബോസെല്ലി നാഷണല്‍ റിസര്‍വും സാവോ നാഷണല്‍ പാര്‍ക്കും സാംബുരു, ബഫെല്ലോ സ്പ്രിങ്‌സ്, ഷാബ നാഷണല്‍ റിസര്‍വുകളും യാത്രികര്‍ക്ക് ആഫ്രിക്കയിലെ വന്യ അനുഭവങ്ങള്‍ക്ക് സമ്മാനിക്കും.
കെനിയയില്‍ 90 ദിവസം വരെ താമസിക്കാന്‍ അനുമതി നല്‍കുന്ന ഇ വീസ ഓണ്‍ലൈനിലൂടെ എളുപ്പം സ്വന്തമാക്കാം. സാധുതയുള്ള പാസ്‌പോര്‍ട്ട്, ഫോട്ടോ, താമസ സ്ഥലത്തിന്റെ രേഖയുടെ പകര്‍പ്പ്, വിമാനയാത്രാ ടിക്കറ്റ് എന്നിവയാണ് ഇ വീസക്ക് അപേക്ഷിക്കാന്‍ വേണ്ട വിവരങ്ങള്‍.

4.മാലദ്വീപ്
ഏറ്റവും സുന്ദരമായ കടലനുഭങ്ങള്‍ക്കൊപ്പം തിരക്കുകളൊന്നുമില്ലാതെ സ്വകാര്യത ആസ്വദിച്ചുകൊണ്ട് കഴിയാന്‍ പറ്റിയ ഇടമാണ് മാലദ്വീപ്. അതുകൊണ്ടുതന്നെയാണ് ഇന്ത്യക്കാരായ സിനിമയിലേയും കായികമേഖലയിലേയും അടക്കമുള്ള പല സെലിബ്രിറ്റികളും അവധിക്കാലം ആഘോഷിക്കാന്‍ മാലദ്വീപിനെ തിരഞ്ഞെടുക്കുന്നത്. ബജറ്റിന് യോജിച്ച താമസസ്ഥലങ്ങളും ജല വിനോദങ്ങള്‍ക്കുള്ള അവസരങ്ങളും ഇവിടെയുണ്ട്.
ടൂറിസം പ്രധാന വരുമാനമാര്‍ഗമായ രാജ്യമായതിനാല്‍ തന്നെ പരമാവധി സഞ്ചാരി സൗഹൃദ രീതികളാണ് മാലദ്വീപിലേത്. കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ള പാസ്‌പോര്‍ട്ട്, രണ്ട് കളര്‍ ഫോട്ടോ, ഹോട്ടല്‍ റിസര്‍വേഷന്‍ രേഖകള്‍, മടക്ക ടിക്കറ്റിന്റെ വിശദാംശങ്ങള്‍ എന്നിവ ഹാജരാക്കിയാല്‍ വിനോദ സഞ്ചാരികളായി മാലദ്വീപിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് വീസ ലഭിക്കും. മാലദ്വീപ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് 30 ദിവസത്തേക്കാണ് ടൂറിസ്റ്റ് വീസ അനുവദിക്കുക. അധികനിരക്ക് ഈടാക്കി കൊണ്ട് ആവശ്യമെങ്കില്‍ 60 ദിവസത്തേക്കു കൂടി വീസ പുതുക്കാവുന്നതാണ്.

5.ജോര്‍ജിയ
നേരത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ജോര്‍ജിയ ഇന്ന് സ്വതന്ത്ര രാഷ്ട്രമാണ്. യൂറോപിനും ഏഷ്യക്കും ഇടയിലാണ് ജോര്‍ജിയയുടെ സ്ഥാനം. കോക്കസസിലെ മലയോര ഗ്രാമങ്ങള്‍ മുതല്‍ കരിങ്കടലിലെ കടല്‍തീരങ്ങള്‍ വരെ ജോര്‍ജിയയില്‍ കാണാനുണ്ട്. വ്യത്യസ്തമായ ഭൂപ്രകൃതി തന്നെയാണ് ജോര്‍ജിയയുടെ സമ്പത്ത്. എണ്ണായിരം വര്‍ഷത്തെ പഴക്കമുണ്ട് ഇവിടുത്തെ വൈന്‍ നിര്‍മാണ വ്യവസായത്തിന്. ചരിത്രവും പ്രകൃതിയും ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ ഇടമാണ് ജോര്‍ജിയ.
ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ജോര്‍ജിയയിലേക്ക് ഇ വീസ ലഭിക്കും. 30 ദിവസത്തേക്ക് ജോര്‍ജിയന്‍ വീസ ഇന്ത്യക്കാര്‍ക്ക് ലഭിക്കും. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, ഫോട്ടോ, താമസിക്കുന്നതിന്റെ വിശദാംശങ്ങള്‍, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ നല്‍കിയാല്‍ ഈ മുന്‍ സോവിയറ്റ് രാജ്യത്തേക്കെത്താം.
English Summary: Five Hassle free visa country for Indians