ADVERTISEMENT

യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ബോളിവുഡ് നടിമാരില്‍ ഒരാളാണ് തപ്‌സി പന്നു. ഇപ്പോഴിതാ മാള്‍ട്ടയുടെ മനോഹാരിത ആസ്വദിച്ചുള്ള യാത്രയിലാണ് ‌തപ്സി‌. അവധിക്കാല യാത്രക്കായി മാള്‍ട്ടയില്‍ എത്തിയ നടി മനോഹര സ്ഥലത്തെ നിരവധി ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. വീണുകിട്ടുന്ന അവസരങ്ങളിൽ ഒരുപാട് യാത്രകള്‍ നടത്താറുമുണ്ട്. 

 

മാൾട്ടീസ് ദ്വീപസമൂഹത്തിലെ മാൾട്ട, ഗോസോ, കോമിനോ എന്നീ മൂന്ന് പ്രധാന ദ്വീപുകളിൽ ഏറ്റവും വലുതാണ് മാൾട്ട. ഇറ്റാലിയന്‍ നഗരമായ സിസിലിക്കും വടക്കേ ആഫ്രിക്കയ്ക്കുമിടയിലായി മെഡിറ്ററേനിയൻ കടലിലാണ് ഇത് സ്ഥിതിചെയ്യുന്നത്. വളരെയേറെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം. പ്രതിവർഷം 1.2 ദശലക്ഷം വിനോദസഞ്ചാരികള്‍ ഇവിടെയെത്തുന്നു എന്നാണ് കണക്ക്, ദ്വീപ്‌ നിവാസികളുടെ മൂന്നു മടങ്ങ്‌ വരും ഇത്. ഗോസോ ദ്വീപില്‍ നിന്നുള്ള ഒരു ചിത്രവും തപ്സി പങ്കുവച്ചവയുടെ കൂട്ടത്തില്‍ ഉണ്ട്. 

 

 

മാൾട്ട ദ്വീപ് കഴിഞ്ഞാൽ, ദ്വീപസമൂഹത്തിലെ രണ്ടാമത്തെ വലിയ ദ്വീപാണിത്. മനോഹരമായ കുന്നുകള്‍ക്കും ബീച്ചുകള്‍ക്കും ജലവിനോദങ്ങള്‍ക്കും പേരുകേട്ടതാണ് ഇവിടം. മെഡിറ്ററേനിയനിലെ ഏറ്റവും മികച്ച ഡൈവിങ് ലക്ഷ്യസ്ഥാനങ്ങളിലൊന്നായും ജല കായിക വിനോദങ്ങളുടെ കേന്ദ്രമായും ഗോസോ കണക്കാക്കപ്പെടുന്നു. ഡൈവിംഗ് കൂടാതെ സ്നോര്‍ക്കലിങ്, നീന്തല്‍ തുടങ്ങിയവയ്ക്കെല്ലാം സൗകര്യമുള്ള ഒട്ടേറെ ഇടങ്ങളുമുണ്ട്. മെയിൻ ലാന്റിനും ഗോസോയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന കൊമിനോ ദ്വീപിലെ ഗുഹയ്ക്കുള്ളിലൂടെയുള്ള ഡൈവിങ്ങിന് ജനപ്രീതി ഏറെയാണ്‌.

 

 

ഈജിപ്തിലെ പിരമിഡുകൾക്ക് മുമ്പു നിര്‍മിച്ച അഗന്തിജ ക്ഷേത്രങ്ങൾ മാള്‍ട്ടയിലെ മറ്റൊരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാണ്. രണ്ടാം ലോക മഹായുദ്ധ കാലത്തെ നിരവധി സൈനിക അവശിഷ്ടങ്ങളും കൃത്രിമ പാറകളുമെല്ലാം ഇവിടെയുണ്ട്. മാൾട്ടയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിചിത്രമായ മത്സ്യബന്ധന ഗ്രാമമായ മാർസാക്സ്ലോക്, നാഷണൽ മ്യൂസിയം ഓഫ് ആർക്കിയോളജി, രണ്ടാം ലോകമഹായുദ്ധകാലത്തെ ഒരു പഴയ എയർഫീൽഡിൽ സ്ഥിതി ചെയ്യുന്ന ടാക്വാളി ക്രാഫ്റ്റ് വില്ലേജ്, മാൾട്ടയിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയവും യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രവുമായ ടാർസിയൻ ക്ഷേത്രങ്ങൾ, 7,400 വർഷങ്ങളുടെ പഴക്കമുള്ളതും വംശനാശം സംഭവിച്ച മൃഗങ്ങളുടെ ഫോസിലുകൾ നിറഞ്ഞതുമായ ഘർ ദലം ഗുഹ എന്നിങ്ങനെ വേറെയും ആകര്‍ഷണങ്ങള്‍ മാള്‍ട്ടയിലുണ്ട്.

 

 

വസ്ത്രങ്ങളും കലാസൃഷ്ടികളും പുരാതന വസ്തുക്കളുമെല്ലാം സൂക്ഷിച്ച  കാസ റോക്ക പിക്കോള മ്യൂസിയം, മാൾട്ട ഉപരോധത്തിന്‍റെ കേന്ദ്രവും നക്ഷത്രരൂപത്തില്‍ നിര്‍മ്മിച്ചിരിക്കുന്നതുമായ സെന്‍റ് എല്‍മോ കോട്ട, നിയോ ക്ലാസിക്കൽ ശൈലിയില്‍ നിര്‍മിച്ച മോസ്റ്റ ഡോം പള്ളി, അസ്തമയസൂര്യന്‍റെ മനോഹാരിത ആസ്വദിച്ച് കടല്‍ത്തീരത്ത് കൂടിയുള്ള കുതിരസവാരി ഒരുക്കുന്ന ഗോള്‍ഡന്‍ ബേ, ബൈബിളിലെ പ്രധാന രംഗങ്ങളുടെ ചിത്രീകരണമുള്ള അലങ്കാര ഫ്രെസ്കോകൾ ഉള്ള സെന്‍റ് ജോൺസ് കത്തീഡ്രൽ എന്നിവയെല്ലാം മാള്‍ട്ടയിലെ പ്രധാന കാഴ്ചകളില്‍ പെടുന്നു.

 

പുരാതനമായ കോട്ടകള്‍ക്കും മനോഹരമായ കഫേകൾക്കും ഭക്ഷണശാലകൾക്കും പേരുകേട്ടതാണ് മാൾട്ടയുടെ തലസ്ഥാനമായ എംഡിന. ദ്വീപിന്‍റെ മധ്യഭാഗത്തായി മനോഹരമായ ഒരു കുന്നിൻ മുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

English Summary: Taapsee Pannu Enjoys Holiday in Malta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com