ADVERTISEMENT

മലയാളികളുടെ പ്രിയതാരമായ അമലയുടെ ജീവിതത്തിന്റെ ഭാഗമാണ് സുന്ദര യാത്രകൾ. ഈ താരസുന്ദരിക്ക് ഏറെ ഇഷ്ടം ഒറ്റയ്ക്കുള്ള യാത്രയോടാണ്. മനോഹരമായ നിരവധി ഇടത്തേയ്ക്ക് യാത്ര പോകുന്നതിന്റെ ചിത്രങ്ങളും വിഡിയോയും ആരാധകർക്കായി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബാലിയിൽ അവധിക്കാലം ആഘോഷമാക്കുകയാണ് അമല പോൾ. സുന്ദരമായ നിരവധി ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്

 

പ്രകൃതി സൗന്ദര്യവും മാന്ത്രികതയും നിലനിൽക്കുന്ന ഒരു സ്ഥലമെന്നും അമല പങ്കുവച്ച വിഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്. ബാലിയില്‍ മഴ ആസ്വദിക്കുന്നതാണ് വിഡിയോയിൽ. കൂടാതെ ബാലിയുടെ ആത്മീയ ഹൃദയഭൂമി എന്നറിയപ്പെടുന്ന ഉബുദിൽ നിന്നുള്ള ചിത്രങ്ങളുമുണ്ട്. ഏറെ സന്തോഷത്തോടെ അവധിക്കാലം ആഘോഷിക്കുകയാണ് അമല പോൾ.

 

ഇന്തൊനീഷ്യൻ ദ്വീപസമൂഹത്തിലെ ഏറ്റവും പ്രശസ്തമായ ദ്വീപുകളിലൊന്നായ ബാലി എന്നും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്. പർവതങ്ങളും പച്ചപ്പും പുരാതന ക്ഷേത്രങ്ങളുമെല്ലാമായി ഏറെ അനുഗ്രഹീതമാണ് ഈ ഭൂമി. സംസ്കാരം, പാരമ്പര്യങ്ങൾ, പാചകരീതികൾ തുടങ്ങി ഇവിടെ അറിയാനും അനുഭവിക്കാനും ഒട്ടേറെയുണ്ട്. 

 

ബാലിയുടെ ആത്മീയ ഹൃദയഭൂമി

 

ബാലിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വച്ച് നോക്കുമ്പോള്‍ ഒരു സമ്പൂർണ പാക്കേജാണ് ഉബുദ്. ബാലിയുടെ ആത്മീയ ഹൃദയഭൂമി എന്നാണ് ഉബുദ് അറിയപ്പെടുന്നത്. പുരാതനക്ഷേത്രങ്ങൾക്കും കലാപരമായ പൈതൃകത്തിനും ഏറെക്കാലമായി ആദരിക്കപ്പെടുന്ന ഈ ഗ്രാമം സമീപ വർഷങ്ങളിൽ പ്രവാസികളെയും യോഗികളെയും ഡിജിറ്റൽ നാടോടികളെയും ആകർഷിക്കുന്ന ഒരിടമായി വളര്‍ന്നുകഴിഞ്ഞു. കഫേകൾ, ഗാലറികൾ, യോഗ സ്റ്റുഡിയോകൾ, ബോട്ടിക്കുകൾ, മ്യൂസിയങ്ങള്‍ എന്നിവയെല്ലാം നിറഞ്ഞ നഗരപ്രദേശങ്ങളും, അവയില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമായി നെല്‍പ്പാടങ്ങളും ആട്ടിന്‍പറ്റങ്ങളുമെല്ലാമുള്ള നാട്ടിന്‍പുറങ്ങളും ഇവിടെ കാണാം. ബാലിയുടെ ഒരു കൊച്ചുപതിപ്പ് എന്നാണ് ഉബുദിനെ വിശേഷിപ്പിക്കുന്നത്. ഇവിടെ വിനോദസഞ്ചാരികള്‍ക്കായി സ്പെഷ്യല്‍ ആനസവാരിയും മിന്നാമിന്നികളെ കാണാനുള്ള ടൂറുമെല്ലാം ഒരുക്കാറുണ്ട്‌. 

 

ബത്തൂർ പര്‍വതവും തടാകവും

 

ഇന്തൊനീഷ്യയിലെ ബാലി ദ്വീപിലെ അഗുങ് പർവതത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്തായി, കാൽഡെറകളുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു സജീവ അഗ്നിപർവതമാണ് മൗണ്ട് ബത്തൂർ. ഇത് കിന്റമണി അഗ്നിപർവതം എന്നും അറിയപ്പെടുന്നു. 13 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കാൽഡെറയുടെയും കാൽഡെറയുടെ വലിയൊരു ഭാഗം മുഴുവനും നിറഞ്ഞുകിടക്കുന്ന മനോഹരമായ തടാകത്തിന്‍റെയും കാഴ്ച സന്ദർശകർക്ക് ആസ്വദിക്കാം.

 

 പുര ബെസാകിഹ്

 

ബാലിയിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ് പുര ബെസാകിഹ്. ഇവിടെ ബാലിയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഒരു ക്ഷേത്രമുണ്ട്. ഏകദേശം 86 കുലക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും ഒരു വലിയ സമുച്ചയമാണിത്. ബാലിയെ തിന്മയിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് ഒൻപത് ദിശകളുള്ള ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് ഐതിഹ്യങ്ങൾ പറയുന്നു. ബാലിയിലെ ഏറ്റവും വലുതും പവിത്രവുമായ ക്ഷേത്രമായാണ് ബെസാകിഹ് കണക്കാക്കപ്പെടുന്നത്. ജാതിമതഭേദമന്യേ ഇവിടെ സന്ദര്‍ശനം നടത്താം.

 

ഭക്ഷണം രുചിക്കാന്‍ മറക്കല്ലേ

ബാലിയുടെ തനതു രുചി ആസ്വദിക്കാതെ തിരിച്ചു വന്നാല്‍ യാത്ര ഒരിക്കലും പൂര്‍ണമാവില്ല. ഇറച്ചി ഉരുട്ടിയത് ചേര്‍ത്തുണ്ടാക്കുന്ന 'ബാക് സോ'യില്‍ തുടങ്ങാം. ഇന്തൊനീഷ്യയുടെ തനതു ഭക്ഷണമാണ് ഇത്. ഇതല്ലെങ്കില്‍ ബീച്ചിനരികെ തിരകളും നോക്കി അത്താഴം കഴിക്കാം. ബീഫ്, ചിക്കന്‍ സാറ്റെ, സ്പ്രിംഗ് റോള്‍സ്, ചോള പക്കോട, ഫ്രൈ ചെയ്ത ചെമ്മീന്‍, സൂപ്പ് ബന്‍ടുട്ട് ഉബുദ്, കലമാരി, സാല്‍മന്‍, ഒക്സ്ടെയില്‍ സൂപ്പ്... അങ്ങനെയങ്ങനെ എത്ര രുചി വൈവിധ്യങ്ങളാണെന്നോ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്! 

English Summary: Amala Paul Enjoys Holiday In Bali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com