ശാന്തിയും സമാധാനവും ആനന്ദവും തേടിയുള്ളതാണ് ഓരോ യാത്രയും. പക്ഷേ ആ സങ്കല്‍പ്പത്തെ പൊളിച്ചെഴുതുകയാണ് യുക്രെയ്ന്‍. തിരക്കേറിയ ജീവിതത്തില്‍ നിന്നും കടല്‍ക്കാറ്റ് വീശുന്ന മണല്‍തീരങ്ങളിലേക്കും പച്ച പുതച്ചു നില്‍ക്കുന്ന മലനിരകളിലേക്കും കുഞ്ഞോളങ്ങളിളകുന്ന കായല്‍ക്കരയിലേക്കും അവധിക്കാല യാത്രകള്‍ പ്ലാന്‍ ചെയ്തിരുന്നവര്‍ക്ക്, ആധുനിക ലോകത്ത് ഇതുവരെ ഇല്ലാതിരുന്ന ഒരു അവസരമാണ് ആ രാജ്യം ഒരുക്കുന്നത്– ‘വരൂ വാര്‍ ടൂറിസ’ത്തിലേക്കെന്നു ക്ഷണിച്ച്, വാതിലുകള്‍ തുറന്നിടുകയാണ് യുക്രെയ്ന്‍. ആനന്ദം കണ്ടെത്താനുള്ള യാത്രയ്ക്കു പകരം ദുരിതവും യാതനകളും നിറഞ്ഞ, സകലതും തകര്‍ന്നുവീണ സ്ഥലത്തേക്ക്, മനുഷ്യരുടെ തീരാവേദനകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ക്ഷണിക്കുകയാണ് അവർ. യുദ്ധം തകര്‍ത്ത ഒരു രാജ്യം ആളുകളെ ക്ഷണിക്കുന്നത് സന്തോഷിപ്പിക്കാനല്ല, വേദനകള്‍ക്കും നഷ്ടങ്ങള്‍ക്കുമിടയില്‍ അവർ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നത് കാണിക്കാനാണ്. കണ്ണീരും രക്തവും വീണ് കുതിര്‍ന്ന യുക്രെയ്ൻ യുദ്ധഭൂമിയിലേക്ക് ആരു വരാനാണ് എന്നാണോ സംശയം? എന്നാൽ ആ ചിന്ത അസ്ഥാനത്താണ്. വാർ ടൂറിസത്തിന്റെ ഭാഗമായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സഞ്ചാരികളാണ് യുക്രെയ്നിലേക്കെത്തുന്നത്. യുക്രെയ്ന്‍ -റഷ്യ യുദ്ധം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോൾ ഇത്തരത്തിൽ യുക്രെയ്‌നിലേക്ക് എത്തിച്ചേരുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. യുക്രെയ്‌നിലേക്ക് യാത്രയരുതെന്ന് ലോകരാജ്യങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടും ഇത്തരം 'യുദ്ധസഞ്ചാരികള്‍'ക്കു കുറവില്ല. സുരക്ഷ മാത്രമല്ല മറുനാട്ടിലെ യുദ്ധകാല സന്നദ്ധസേവനത്തിന്റെ നിയമപരവും ധാര്‍മികവുമായ പ്രശ്‌നങ്ങളും നിലനിൽക്കുന്നുമുണ്ട്. 112 വിദേശികള്‍ക്കാണ് യുക്രെയ്‌നിലെ പോരാട്ടഭൂമിയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്. റഷ്യന്‍ സേനയുടെ പിടിയിലായവരും ഏറെയാണ്. എന്നിട്ടും ദുരിതകാലത്ത് യുക്രെയ്‌നിന്റെ കണ്ണീരൊപ്പാന്‍ ഇത്തരം സന്നദ്ധപ്രവര്‍ത്തനങ്ങളുമായി ഒട്ടേറെ പേർ വന്നുചേരുന്നവും പോരാട്ടക്കാഴ്ചകള്‍ കാണാനെത്തുന്നവരുമായ വിദേശികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയാണെന്നു ചുരുക്കം.
HIGHLIGHTS
- യാത്ര പോലും അരുതെന്ന് ലോകരാജ്യങ്ങൾ മുന്നറിയിപ്പു നൽകുമ്പോൾ യുക്രെയ്നിലേക്ക് 'വാർ ടൂറിസ്റ്റുകൾ' ഒഴുകുകയാണ്
- എന്താണ് വാർ ടൂറിസം? ആനന്ദം തേടിയുള്ള യാത്രകളുടെ കാലത്ത് ദുരിത ഭൂമിയിൽ ടൂറിസ്റ്റുകൾ എന്തു ചെയ്യാനാണ്?
- യുക്രെയ്നിലെത്തുന്ന 'വാർ ടൂറിസ്റ്റു'കളെ കാത്തിരിക്കുന്നത് എന്താണ്?