തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ചിത്രങ്ങളിലെല്ലാം ഒരുപോലെ മിന്നിത്തിളങ്ങിയ നടിയാണ് വേദിക. ശൃംഗാരവേലൻ, ജെയിംസ് ആൻഡ് ആലീസ്, കസിൻസ് തുടങ്ങിയ സിനിമകളിലൂടെ ഈ മഹാരാഷ്ട്രക്കാരി മലയാളികള്‍ള്‍ക്കും പ്രിയങ്കരിയായി. ഇപ്പോഴിതാ, ആഫ്രിക്കയില്‍ വെക്കേഷനിലാണ് നടി. ഇവിടെ നിന്നുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും വേദിക സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
ആഫ്രിക്കയിലെ വളരെ പ്രശസ്തമായ സെറെൻഗെറ്റി ദേശീയോദ്യാനത്തിനുള്ളില്‍ നിന്നാണ് വേദിക ചിത്രങ്ങളും വിഡിയോകളും എടുത്തിരിക്കുന്നത്. പാര്‍ക്കിനുള്ളിലൂടെയുള്ള നദിയുടെ ജീപ്പ് സഫാരിയുടെ ദൃശ്യങ്ങള്‍ വിഡിയോയില്‍ കാണാം.
വടക്കൻ ടാൻസാനിയയില്‍, കിഴക്കൻ മാറാ മേഖലയിലും വടക്കുകിഴക്കൻ സിമിയു മേഖലയിലുമായി സ്ഥിതി ചെയ്യുന്ന ഒരു വലിയ ദേശീയോദ്യാനമാണ് സെറെൻഗെറ്റി. ആഫ്രിക്കയിലെ ഏറ്റവും കൂടുതല്‍ സിംഹങ്ങളുടെ ആവാസകേന്ദ്രമായ ഇടം കൂടിയാണിത്, മൂവായിരത്തിലധികം സിംഹങ്ങൾ ഇവിടെ വസിക്കുന്നു. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളില്‍ ഒന്നുകൂടിയാണ് സെറെൻഗെറ്റി.
സെറെൻഗെറ്റിയുടെ തെക്കുകിഴക്കൻ ഭാഗങ്ങള്‍ പുൽമേടുകൾക്ക് പേരുകേട്ടതാണ്. വടക്കൻ ഭാഗം കൂടുതൽ കുന്നുകളും പാറകളും നിറഞ്ഞതാണ്. പടിഞ്ഞാറ്, താഴ്വരകളും നദികളും വനവും കാണാം. വന്യജീവികളെ നിരീക്ഷിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം.
ആഫ്രിക്കയിലെ ഏറ്റവും മികച്ച സഫാരി ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് സെറെൻഗെറ്റി. ടാൻസാനിയ സന്ദർശനത്തിന്‍റെ ഹൈലൈറ്റ് ആയിരിക്കും സെറെൻഗെറ്റി സഫാരി യാത്ര. കാട്ടിനുള്ളിലൂടെ പ്രത്യേക വാഹനത്തില്‍ സഞ്ചരിച്ച്, വന്യമൃഗങ്ങളെ വളരെ അടുത്തുനിന്നും കാണാം. ടൂറിസ്റ്റുകള്‍ക്കായി വിവിധ നിരക്കുകളില്‍ ഉള്ള സഫാരി ടൂറുകള്‍ ലഭ്യമാണ്. ഒട്ടനേകം ടൂര്‍ ഓപ്പറേറ്റര്‍മാരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
English Summary: vedhika enjoys holiday in Africa