ADVERTISEMENT

സഞ്ചാരികൾക്ക് കാണാനും അറിയാനുമായി ഓസ്ട്രേലിയയില്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. സിനിമകളിലൂടെയും മറ്റും പ്രശസ്തമായ സിഡ്‌നി ഓപ്പറ ഹൗസ് തുടങ്ങി ആരെയും ആകര്‍ഷിക്കുന്ന നിരവധി ടൂറിസ്റ്റ് സ്പോട്ടുകളുമുണ്ട്. അവധിയാഘോഷത്തിനായി ഒരുപാട് പേർ എത്തിച്ചേരാറുണ്ട്. കാഴ്ചകൾ മാത്രമല്ല, വിചിത്രമായ ഒട്ടേറെ ആചാരങ്ങളെയും ആഘോഷങ്ങളെയും കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. ഇവയില്‍ പലതും ആരെയും അമ്പരപ്പിക്കുന്നവയാണ്.  ഈയിടെ ഇന്‍റര്‍നെറ്റില്‍ വളരെയധികം വൈറലായ അത്തരമൊരു ആചാരമുണ്ട്, മറ്റൊന്നുമല്ല, എന്തെങ്കിലും പാനീയം ഷൂവില്‍ നിറച്ച ശേഷം അത് കുടിക്കല്‍! ഓസ്ട്രേലിയയിലാണ് ഇൗ വിചിത്ര ആചാരം.

സ്പോർട്സ്, മ്യൂസിക് പരിപാടികളുമായി ബന്ധപ്പെട്ടാണ് ‘ഷൂയി’(shoey) എന്നറിയപ്പെടുന്ന ഈ ആഘോഷം അരങ്ങേറുന്നത്. സാധാരണയായി മദ്യം ആണ് ഷൂവില്‍ ഒഴിച്ച് ഇങ്ങനെ കുടിക്കുക, ഇത് സ്വന്തം ഷൂവിലോ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും ഷൂവിലോ ഒഴിച്ച് കുടിക്കുന്നു. എല്ലാ എതിര്‍പ്പുകളും നേരിട്ട് വിജയം നേടുന്നതാണ് ഇങ്ങനെ ആഘോഷിക്കുന്നത്. തലമുറകളായി ഓസ്ട്രേലിയക്കാര്‍ ഈ രീതി പിന്തുടര്‍ന്നുവരുന്നു.

2016 ജൂൺ 26 ന് ഡച്ച് സർക്യൂട്ട് ഓഫ് അസെനിൽ വെച്ച് ഓസ്‌ട്രേലിയൻ മോട്ടോജിപി റൈഡർ ജാക്ക് മില്ലർ ഷൂവിൽ നിന്ന് ഷാംപെയ്ൻ കുടിച്ചുകൊണ്ട് തന്‍റെ ആദ്യ പ്രീമിയർ ക്ലാസ് വിജയം ആഘോഷിച്ചത് വാര്‍ത്ത‍യായിരുന്നു. അതിനുശേഷം, ഫോർമുല വൺ ഡ്രൈവർ ഡാനിയൽ റിക്കിയാർഡോയും ഇത് ആവര്‍ത്തിച്ചു. കൂടാതെ, എഫ്1 ഡ്രൈവർ സർ ലൂയിസ് ഹാമിൽട്ടൺ, നടൻ സർ പാട്രിക് സ്റ്റുവർട്ട്, റാപ്പർ പോസ്റ്റ് മലോൺ, മെഷീൻ ഗൺ കെല്ലി, നാടൻ ഗായകൻ കാസി മസ്ഗ്രേവ്സ് എന്നിവരുൾപ്പെടെയുള്ള സംഗീതകാരന്മാരും ഷൂവില്‍ നിന്നും പാനീയം കുടിച്ചിട്ടുണ്ട്. ഈയിടെ ബ്രിട്ടീഷ് പോപ്പ് താരം ഹാരി സ്റ്റൈൽസ്, തടിച്ചുകൂടിയ പതിനായിരക്കണക്കിന് ആരാധകര്‍ക്ക് മുന്നില്‍ തന്‍റെ ഷൂവില്‍ നിന്നും പാനീയം കുടിച്ചത് ഇന്‍റര്‍നെറ്റില്‍ വൈറലായി.

എന്നാല്‍, ഈ ആചാരത്തിന് ഒട്ടനേകം വര്‍ഷങ്ങള്‍ പഴക്കമുണ്ട്. 1902 ൽ ചിക്കാഗോയിലെ ഒരു വേശ്യാലയമായ എവർലീ ക്ലബ്ബിൽ നിന്നാണ് ഈ രീതി ആരംഭിച്ചതെന്ന് കരുതപ്പെടുന്നു . ഒരു നർത്തകിയുടെ ഷൂ തറയിൽ വീണപ്പോൾ, പ്രഷ്യയിലെ ഹെൻറി രാജകുമാരന്‍റെ ഒരു ജോലിക്കാരന്‍ അത് എടുത്ത് ഷാംപെയ്ൻ കുടിക്കാൻ ഉപയോഗിച്ചത്രേ. അന്നത്തെക്കാലത്ത് ഇങ്ങനെ കുടിക്കുന്നത് അധപതനത്തിന്‍റെ അടയാളമായിട്ടായിരുന്നു കണ്ടിരുന്നത്. 

ചെരുപ്പിൽ നിന്നോ ബൂട്ടിൽ നിന്നോ കുടിക്കുന്നത് ഭാഗ്യം കൊണ്ടുവരും എന്നൊരു വിശ്വാസം  മധ്യകാലഘട്ടത്തിൽ ഉണ്ടായിരുന്നു. ഓസ്ട്രേലിയയില്‍ മാത്രമല്ല ഈ രീതി നിലനിന്നിരുന്നത് എന്നു ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാകും. ജർമൻ സൈന്യത്തിലെ ഒരു പരമ്പരാഗത ആചാരമായിരുന്നു, മറ്റൊരു പട്ടാളക്കാരന്‍റെ ബൂട്ടിൽ നിന്ന് പാനീയം കുടിക്കുന്നത്. യുദ്ധവിജയത്തിന് ശേഷം സൈനികർ ജനറലിന്‍റെ ബൂട്ടിൽ നിന്ന് കുടിക്കും. ഒന്നാം ലോകമഹായുദ്ധസമയത്ത് , ജർമൻ പട്ടാളക്കാർ ലെതർ ബൂട്ടില്‍ ബിയര്‍ നിറച്ച് അത് കുടിച്ചുവത്രേ, ഇത് തങ്ങള്‍ക്ക് വിജയം ഉറപ്പാക്കും എന്നായിരുന്നു അവരുടെ വിശ്വാസം.

English Summary: Behold Australia’s Grossest Drinking Tradition: The Shoey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com