ADVERTISEMENT

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ നാടുകളില്‍ ഒന്നാണ് ഫ്രാന്‍സ്. കുറഞ്ഞ ചെലവില്‍ ഫ്രാന്‍സ് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ഏറ്റവും മികച്ച സമയമാണ് മാര്‍ച്ച്‌ മാസം. ഓഫ്സീസണ്‍ ആയതിനാല്‍ ഈ സമയത്ത് അധികം ടൂറിസ്റ്റുകളുടെ തിരക്ക് ഉണ്ടാവില്ല. മാത്രമല്ല, ഫ്ലൈറ്റ് ടിക്കറ്റുകള്‍ക്കും ഹോട്ടല്‍ താമസത്തിനും മറ്റു ടൂറിസ്റ്റ് സൗകര്യങ്ങള്‍ക്കുമെല്ലാം പൊതുവേ നിരക്ക് കുറയുന്ന സമയമാണിത്, ഫ്ലൈറ്റ് ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യണം എന്നുമാത്രം. 

ഫ്രാന്‍സില്‍ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് പുറമേ, അധികം ടൂറിസ്റ്റുകള്‍ എത്താത്ത ഒട്ടേറെ ഇടങ്ങള്‍ ഉണ്ട്. അത്തരത്തിലുള്ള ചില മനോഹര സ്ഥലങ്ങള്‍...

 1. ഫ്രഞ്ച് ആൽപ്‌സ്

ഫ്രാന്‍സില്‍ എത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട പ്രദേശമാണ് ആല്‍പ്സ് പര്‍വ്വതനിരയുടെ ഭാഗമായ ഫ്രഞ്ച് ആൽപ്‌സ്. ഫ്രഞ്ച് ആൽപ്സിന്‍റെ ചില ഭാഗങ്ങള്‍  പൂർണ്ണമായും ഫ്രാൻസിലാണെങ്കിലും, മോണ്ട് ബ്ലാങ്ക് മാസിഫ് പോലുള്ളവ സ്വിറ്റ്സർലൻഡുമായും ഇറ്റലിയുമായും പങ്കിടുന്നു. ഗ്രെനോബിൾ , ചാമോണിക്‌സ് , ആനെസി , ചേംബെറി , എവിയാൻ-ലെസ്-ബെയിൻസ് , ആൽബർട്ട്‌വില്ലെ തുടങ്ങി അതിമനോഹരമായ ഒട്ടേറെ പട്ടണങ്ങളും പ്രകൃതിഭംഗി നിറഞ്ഞൊഴുകുന്ന ഒരുപിടി ഗ്രാമങ്ങളും ഈ ഭാഗത്തുണ്ട്.

2. സ്ട്രോസ്ബർഗ്

പൈതൃകം, സംസ്കാരം, കല എന്നിവയെല്ലാം ഇഷ്ടപ്പെടുന്നവര്‍  സ്ട്രാസ്ബർഗുമായി പ്രണയത്തിലാകും. ഫ്രാൻസിലെ അൽസെയ്സ് പ്രവിശ്യയുടെ തലസ്ഥാനമായ സ്ട്രാസ്ബർഗ് നഗരം യൂറോപ്യൻ പാർലമെന്റിന്‍റെ ഔദ്യോഗിക സീറ്റുകൂടിയാണ്. റൈൻ നദിയുടെ തീരത്താണ് നഗരം, സ്ട്രാസ്ബർഗിൽ സ്ഥിതിചെയ്യുന്ന ഗ്രാന്റ് ദ്വീപ് 1988 ൽ ലോകപൈതൃകസ്ഥാനം ആയി യുനെസ്കോ പ്രഖ്യാപിച്ചിരുന്നു.

3. ദിനാന്‍

ചരിത്രപരമായ വാസ്തുവിദ്യയ്ക്ക് പേരുകേട്ടതാണ് ദിനാന്‍ പട്ടണം. 130 ലധികം തടി-ഫ്രെയിം വീടുകൾ ഉള്‍പ്പെടെ ഒട്ടേറെ കൗതുകക്കാഴ്ചകള്‍ ഇവിടെയുണ്ട്. വടക്കുപടിഞ്ഞാറൻ ഫ്രാൻസിലാണ് ദിനാന്‍ സ്ഥിതിചെയ്യുന്നത്.

4. നജാക് 

ഫ്രാൻസിലെ വളരെ പ്രശസ്തമായ ഒരു മധ്യകാല നഗരമാണ് നജാക്. ചരിത്രപരമായ ഒട്ടേറെ കെട്ടിടങ്ങൾ ഇവിടെയുണ്ട്. അവെറോൺ നദിയുടെ കരയില്‍ ഉള്ള ഈ നഗരത്തിന്‍റെ പ്രകൃതിഭംഗി കാരണം ഒട്ടേറെ സിനിമകള്‍ ഇവിടെവെച്ച് ചിത്രീകരിച്ചിട്ടുണ്ട്. പ്രധാനമായും ടൂറിസത്തെയും കൃഷിയെയും അടിസ്ഥാനമാക്കിയുള്ളതാണ് ഇവിടുത്തെ സമ്പദ്വ്യവസ്ഥ. 

5. വാലൻസോളിലെ ലാവെൻഡർ പാടങ്ങള്‍

ഒറ്റ നോട്ടത്തില്‍ നീലപ്പരപ്പു വിരിച്ച ഒരു കടല്‍ എന്നു തോന്നിക്കും വിധം, ലാവണ്ടര്‍ പുഷ്പങ്ങള്‍ വിടര്‍ന്നുനില്‍ക്കുന്ന വയലുകളാണ്  വാലൻസോളിന്‍റെ പ്രത്യേകത. ജൂൺ അവസാനവാരവും ജൂലൈ ആദ്യവാരവുമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം. ഫ്രാൻസിന്‍റെ തെക്കുകിഴക്കു ഭാഗത്തായാണ്‌ ലാവെന്‍സോള്‍.

6. കെയ്സർബർഗ്

വടക്കുകിഴക്കൻ ഫ്രാൻസിലെ അൽസാസിലെ ഒരു ചരിത്ര നഗരമാണ് കെയ്സർബർഗ്. അൽസാസിലെ ഏറ്റവും മികച്ച വൈൻ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് കെയ്‌സർബർഗിന് ചുറ്റുമുള്ള പ്രദേശം. പതിനാറാം നൂറ്റാണ്ടിൽ ഹംഗറിയിൽ നിന്നാണ് ആദ്യത്തെ മുന്തിരിവള്ളികൾ ഇവിടെ കൊണ്ടുവന്നത് , വൈൻ ഉത്പാദനം ഇന്നും നഗരത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാനഭാഗമാണ്. ടൂറിസ്റ്റ് ആകര്‍ഷണമായി പണ്ടുകാലത്തെ ഒരു കോട്ടയും ഇവിടെയുണ്ട്.

7. റിക്വിഹ്ർ

ഫ്രാൻസിലെ ഒരു മധ്യകാല ഗ്രാമമാണ് റിക്വിഹ്ർ. മനോഹരമായ കുന്നിൻപുറത്തെ മുന്തിരിത്തോട്ടങ്ങൾക്കും മികച്ച രുചികരമായ വൈനുകൾക്കും പേരുകേട്ട ഇവിടെ ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ കെട്ടിടങ്ങളും ഉണ്ട്.

Eṇglish Summary: Visit Places in France

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com