600 വർഷം പഴക്കമുള്ള മരങ്ങളും കോടമഞ്ഞും; മഡെയ്‌റയിലെ മായാവനം!

1754200400
lorant.toth | Shutterstock
SHARE

ചില്ലകള്‍ വളര്‍ന്ന്, വള്ളികള്‍ പോലെ പരസ്പരം കെട്ടിപ്പിണഞ്ഞു കിടക്കുന്ന മരങ്ങള്‍... അവയ്ക്കിടയില്‍ നിഗൂഢമായ ചിത്രങ്ങള്‍ വരച്ച് പരക്കുന്ന മൂടൽമഞ്ഞ്... ആറു നൂറ്റാണ്ടോളം പഴക്കമുള്ള മരത്തടികള്‍ക്ക് മേല്‍ പച്ചപ്പായല്‍ പായ വിരിച്ചിരിക്കുന്നു... ചുറ്റും ചെറിയ അരുവികളുടെ കളനാദം കേള്‍ക്കാം.  നേരിട്ട് കാണുമ്പോള്‍പ്പോലും ഇത് യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ അതോ ഏതെങ്കിലും അനിമേഷന്‍ സിനിമയിലെ രംഗമാണോ എന്നു തോന്നിപ്പോകുന്നത്ര വിചിത്രമനോഹരമാണ് പോര്‍ച്ചുഗലിലെ മഡെയ്‌റ ദ്വീപിന്‍റെ വടക്കൻ ഭാഗത്തുള്ള ഫാനൽ ഫോറസ്റ്റ് എന്ന മാന്ത്രികവനം. ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ധാരാളം പേര്‍ പങ്കുവച്ചതോടെ ഒട്ടേറെ സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.

ഫാനൽ ഫോറസ്റ്റിലേക്ക് എങ്ങനെ എത്തിച്ചേരാം

ഈയിടെയായി വളരെയധികം ജനപ്രീതിയാര്‍ജ്ജിച്ചു വരുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ഫാനൽ ഫോറസ്റ്റ്. റിബെയ്‌റ ഡാ ജനേല പട്ടണത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ കിഴക്കായി മഡെയ്‌റയുടെ വടക്ക്പടിഞ്ഞാറ് ഭാഗത്ത് പോൾ ഡാ സെറ പീഠഭൂമിയിലാണ് ഫാനൽ ഫോറസ്റ്റ് സ്ഥിതി ചെയ്യുന്നത്. അടുത്തുള്ള പട്ടണം 50 കിലോമീറ്റര്‍ ദൂരെയുള്ള ഫഞ്ചാല്‍ ആണ്, ഇവിടെനിന്നും കാര്‍ വഴിയാണ് വനത്തിലേക്ക് യാത്ര ചെയ്യാനാവുക.

ഗൂഗിൾ മാപ്പിൽ 'ഫൈയൽ പാർക്കിംഗ്' എന്നു തിരഞ്ഞാല്‍ വനത്തിനുള്ളിലേക്ക് പോകാന്‍ എത്തുന്നവര്‍ വാഹനം പാര്‍ക്ക് ചെയ്യുന്ന പ്രത്യേക പാർക്കിംഗ് ഏരിയ കാണാം. ഇവിടെ നിന്നും കാട്ടിനുള്ളിലേക്ക് നടക്കാം. നടന്നുപോകുമ്പോള്‍ മനോഹരമായ ഒട്ടേറെ വ്യൂപോയിന്‍റുകള്‍ കാണാം.

ഫാനൽ ഫോറസ്റ്റിനുള്ളിൽ

മഡെയ്‌റ ദ്വീപിന്‍റെ 20% വനപ്രദേശമാണ്. ഫാനല്‍ കൂടാതെ, ഫ്ലോറസ്റ്റൽ ദാസ് ക്യൂമാദാസ്, റബാസൽ, ചാവോ ഡോസ് ലൂറോസ്, ചാവോ ദ റിബെയ്‌റ തുടങ്ങിയ വനങ്ങളും ഇവിടെയുണ്ട്.

പുരാതന വനമായ ഫാനൽ, യക്ഷിക്കഥകളില്‍ നിന്നിറങ്ങി വന്നതു പോലെ, വിസ്മയിപ്പിക്കുന്ന സൗന്ദര്യത്തിന് പേരുകേട്ടതാണ്. മരങ്ങളുടെ ഇടതൂർന്ന മേലാപ്പിനിടയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചം സഞ്ചാരികളുടെ ഉള്ളിലേക്ക് കുളിരായി പടര്‍ന്നിറങ്ങും. മൂടല്‍മഞ്ഞിനിടയിലൂടെ നടക്കുമ്പോള്‍ പരിചയമില്ലെങ്കില്‍ വഴിതെറ്റുമെന്നുറപ്പ്.

വനത്തിലൂടെ സഞ്ചരിക്കുമ്പോൾ വ്യത്യസ്തമായ നിരവധി ഹൈക്കിംഗ് പാതകൾ കാണാം. ഇവയിലൂടെ നടക്കാം. രാത്രികളില്‍ കാട്ടിനുള്ളില്‍ ഹൈക്കിംഗിന് പോകുന്നത് തികച്ചും അഭൗമമായ അനുഭൂതിയാണ്. മൂടല്‍മഞ്ഞില്‍ പൊതിഞ്ഞ കാടിനുള്ളിലേക്ക് നിലാവും നക്ഷത്രങ്ങളുടെ വെളിച്ചവും അരിച്ചിറങ്ങുമ്പോള്‍ ഭീതിയും വിസ്മയവും ഒരേസമയം മനസ്സിലേക്ക് കടന്നെത്തും. കാട്ടിലൂടെ ഗൈഡഡ് നൈറ്റ് ഹൈക്ക് നടത്തുന്ന ഒട്ടേറെ ടൂറിസ്റ്റ് കമ്പനികള്‍ ഇവിടെയുണ്ട്. 

ഫാനൽ ഫോറസ്റ്റിനുള്ളിലെ ഏറ്റവും ജനപ്രിയമായ ഹൈക്കിംഗ് പാതയാണ് വെരേദ ഡോ ഫനൽ. പോൾ ഡാ സെറ പീഠഭൂമിയിൽ നിന്ന് ആരംഭിച്ച്, ലോറിസിൽവ വനത്തിലൂടെ കടന്നുപോയ ശേഷം, ഫാനൽ ഫോറസ്റ്റിൽ അവസാനിക്കുന്ന ഹൈക്കിംഗ് ആണിത്. ഏകദേശം 22 കിലോമീറ്റർ കാട്ടിനുള്ളിലൂടെ നടക്കുമ്പോള്‍ ആത്മാവിന് നവോന്മേഷം ലഭിക്കുന്നത് അനുഭവിച്ചറിയാം.

ലെവാഡ ഡോസ് സെഡ്രോസ് ആണ് ജനപ്രിയമായ മറ്റൊരു ഹൈക്കിംഗ് റൂട്ട്.  പതിനേഴാം നൂറ്റാണ്ടിലെ ഒരു കനാൽ ആണ് ലെവാഡ ഡോസ് സെഡ്രോസ്. പോൾ ഡാ സെറ പീഠഭൂമിയിലാണ് ലെവാഡ ആരംഭിക്കുന്നത്. ലോറിസിൽവ വനത്തിലൂടെയും ഫനാൽ ഗർത്തത്തിലൂടെയുമാണ് പാത കടന്നുപോകുന്നത്.

ഫാനൽ ഫോറസ്റ്റ് സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയം

ഫാനൽ വനം വർഷം മുഴുവനും സന്ദർശിക്കാവുന്നതാണ്. സമുദ്രനിരപ്പിൽ നിന്ന് 1,150 മീറ്റർ ഉയരമുള്ള ഈ പ്രദേശത്ത് എല്ലാക്കാലത്തും മൂടൽമഞ്ഞ് ഉണ്ടാകുന്നത് പതിവാണ്. പരിസരപ്രദേശങ്ങളില്‍ നല്ല വെയിലുള്ള സമയങ്ങളില്‍പ്പോലും ഇവിടെ നല്ല മഞ്ഞായിരിക്കും. വൈകുന്നേരത്തേക്കാൾ രാവിലെയാണ് മൂടൽമഞ്ഞു കാണുന്നത്. അതുകൊണ്ടുതന്നെ ഫോട്ടോഗ്രാഫിക്കും മറ്റും മികച്ച സമയം പുലരുന്നതിനു മുന്‍പേ ആയിരിക്കും

English Summary: Fanal Madeira: Visit the magical Laurisilva forest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS