ADVERTISEMENT

സഞ്ചാരികൾ പോകാൻ കൊതിക്കുന്നിടമാണ് കംബോഡിയ. ലോക പ്രശസ്തമായ അങ്കോർവാത് ക്ഷേത്രം സ്ഥിതി ചെയ്യുന്ന നാട്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടമുള്ള അങ്കോർവാത് ക്ഷേത്രത്തിലാണ് കംബോഡിയയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത്. സാംസ്‌കാരിക ഗ്രാമമെന്ന തീം പാർക്കും സിയെം റീപ്പിലെ മ്യൂസിയവും കംബോഡിയയിലെ കല, സംസ്കാരം എന്നിവയും സന്ദർശകരെ ആകർഷിക്കും. അതിമനോഹരങ്ങളായ കാഴ്ചകൾ കൊണ്ട്  നിശ്ചയമായും സഞ്ചാരികളുടെ മനസുകീഴടക്കുന്ന ഒരു രാജ്യം. ഇത്രയും സുന്ദരമായ കംബോഡിയയിലേക്ക് പോകാൻ ഇന്ത്യക്കാർക്ക് മുൻകൂർ വീസ ആവശ്യമില്ല. മിക്ക രാജ്യങ്ങളിൽ നിന്നുള്ള  സഞ്ചാരികൾക്ക് കംബോഡിയ വീസ ഓൺ അറൈവൽ നൽകും. വീസ ഓൺ അറൈവൽ വഴി 30 ദിവസം വരെ താമസിക്കാം. 

എല്ലായ്പ്പോഴും ആകാശം നിറഞ്ഞു നിൽക്കുന്ന നീലിമയാർന്ന മേഘങ്ങൾ കംബോഡിയയുടെ പ്രത്യേകതയാണ്. ആകാശത്തിന്റെ മേഘവർണങ്ങൾക്കു കീഴെ ഫ്രഞ്ച് കൊളോണിയൽ കാലഘട്ടത്തിന്റെ സ്മരണകളുമായി നൂറു കണക്കിനു വീടുകളുണ്ട്. മരത്തടികളിൽ നിർമിച്ച ചുമരുകളോടെ കേടുപാടുകളില്ലാതെ ഉയർന്നു നിൽക്കുന്ന മന്ദിരങ്ങൾ വലിയൊരു ചരിത്രത്തിന്റെ കഥ പറയുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ നിർമിച്ച ‘വാട് റോക് കൻഡാൽ’ എന്ന ക്ഷേത്രം ഇക്കൂട്ടത്തിൽ മികച്ച നിർമിതിയാണ്.

കിഴക്കിന്റെ വന്യ സൗന്ദര്യം

കംബോഡിയയിലെ ക്രാതി ടൗൺ, കിഴക്കിന്റെ വന്യ സൗന്ദര്യമെന്നു സഞ്ചാരികൾ വിളിക്കുന്ന സ്ഥലം. കാംപോങ് ഷാമിന് അപ്പുറമുള്ള വഴി കുണ്ടും കുഴികളും നിറഞ്ഞതാണ്. എങ്കിലും ആ റോഡിലൂടെയുള്ള യാത്ര ടൂറിസ്റ്റുകളുടെ മനസ്സ് മടുപ്പിക്കില്ല. കാരണം, പുറംലോകത്തിന്റെ സ്പർശമില്ലാത്ത, ആധുനികതയുടെ കടന്നു കയറ്റമില്ലാത്ത നാടൻ കാഴ്ചകളാണ് കംബോഡിയയെ വ്യത്യസ്തമാക്കുന്നത്. അതിൽത്തന്നെ കോങ് ട്രോങ് നദിയുടെ പവിത്ര ചൈതന്യമാണ് വിശിഷ്ടം. വലിയ ആമകളുടെ സാന്നിധ്യമാണ് കോങ് ട്രോങ് നദിയെ ടൂറിസം ഭൂപടത്തിൽ എത്തിച്ചത്.

ക്രാതിയിലെ സൂര്യാസ്തമയം

നോം പെനിന്റെ കിഴക്കു – പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പട്ടണമാണ് ക്രാതി. മെകോങ് നദിയെ അഭിമുഖീകരിച്ച് നിൽക്കുന്ന പട്ടണത്തിൽ നല്ല ഭക്ഷണം കിട്ടുന്ന റസ്റ്ററന്റുകളും ഹോട്ടലുകളുമുണ്ട്. ഇലപൊഴിഞ്ഞ മരത്തിന്റെ ചില്ലയിൽ നിന്നു ചുവന്നു തുടുത്ത പഴം ഭൂമിയിലേക്ക് അലിഞ്ഞിറങ്ങുന്ന പോലെയാണ് ക്രാതിയിലെ സൂര്യാസ്തമയം. അതു കാണാനായി ആയിരക്കണക്കിനാളുകൾ ക്രാതിയിൽ എത്തുന്നു.

കോങ് ട്രോങ് ദ്വീപ്

കംബോ‍ഡിയയുടെ പൈതൃക സ്വത്തായ വലിയ ആമകളെ കണ്ടാസ്വദിക്കാൻ പറ്റിയ സ്ഥലം കോങ് ട്രോങ് എന്ന ദ്വീപാണ്. പുറം തോടുകൾക്ക് ബലമില്ലാത്ത വലിയ ആമകൾ തീരം നിറഞ്ഞ് ഇഴഞ്ഞു നീങ്ങുന്ന ദൃശ്യം ലോകത്തു മറ്റെവിടെയും കാണാനാവില്ല. ആകാശച്ചെരിവോളം പരന്നു കിടക്കുന്ന നെൽപ്പാടങ്ങളും പഴത്തോട്ടങ്ങളും ക്യാമറകൾക്ക് വിരുന്നൂട്ടുന്നു.  

കംബോഡിയയിൽ എത്തുന്നവർക്കു താമസിക്കാൻ ക്രാതിയിൽ നിരവധി ഹോം േസ്റ്റകളുണ്ട്. എൻജിഒ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഹോം സ്റ്റേകളിൽ താമസിക്കുന്നവർക്ക് നഗര പ്രദക്ഷിണം നടത്താനായി സൈക്കിൾ വാടകയ്ക്കു ലഭിക്കും. കാളവണ്ടികളാണ് നാട്ടിൻപുറങ്ങളിലൂടെ യാത്ര ചെയ്യാനുള്ള മറ്റൊരു വാഹനം. ദ്വീപിന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് വിയറ്റ്നാമീസ് വാസ്തുശൈലിയിലുള്ള ഒരു ക്ഷേത്രമുണ്ട്.

English Summary: Places to Visit in Cambodia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com