യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് സാനിയ ഇയ്യപ്പൻ. ഇന്ത്യയിലടക്കം വിദേശത്തേക്കും നിരവധി യാത്രകൾ നടത്താറുണ്ട്. പോകുന്നയിടത്തെ ചിത്രങ്ങളും വിഡിയോയും ആരാധകർക്കായി പങ്കുവയ്ക്കാനും സാനിയ മറക്കാറില്ല. സാനിയ ഒറ്റയ്ക്കും സുഹൃത്തുക്കൾ ഒരുമിച്ചുമൊക്കെ യാത്ര തിരിക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും ദുബായ് യാത്രയുടെ വിഡിയോയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി മാസവും ദുബായ് യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ചിരിന്നു. സഞ്ചാരികൾ ചെയ്യാൻ ആഗ്രഹിക്കുന്ന സ്കൈഡൈവിങ്ങും സാനിയ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബർ മാസത്തിൽ ദുബായിലാണ് സ്കൈഡൈവിങ് ചെയ്തത്. ഷൂട്ടിങ്ങിനും അല്ലാതെയുമൊക്കെ താരം യാത്ര തിരിക്കുന്നിടമാണ് ദുബായ്.
വര്‍ഷം മുഴുവനും യാത്ര ചെയ്യാവുന്ന നഗരങ്ങളില്‍ ഒന്നാണ് ദുബായ്. ബുർജ് ഖലീഫ, പാം ജുമൈറ, ദുബായ് മാൾ, ദുബായ് മറീന, അറ്റ്ലാന്റിസ് ദി പാം, ദുബായ് ഫൗണ്ടൻ, ജുമൈറ ബീച്ച് തുടങ്ങിയ ദുബായിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍ സന്ദര്‍ശിക്കാന്‍ നിരവധിപേരാണ് ഇവിടേയ്ക്ക് എത്തിച്ചേരുന്നത്. ഷോപ്പിങ് പ്രേമികളുടെ സ്വർഗമാണിവിടം. സെലിബ്രിറ്റികളടക്കം മിക്ക സഞ്ചാരികളും ഷോപ്പിങ്ങിനായി ദുബായിലേക്ക് എത്താറുണ്ട്.
ദുബായിലെ മറ്റൊരു മികച്ച അനുഭവമാണ് സൂക്കുകളും മാളുകളും. ഷോപ്പിങ്പ്രേമികൾക്ക് മികച്ച ഷോപ്പിങ് അനുഭവത്തിന് പുറമേ ദുബായിലെ മിക്ക മാളുകളിലും ഡൈനിങ്ങിനും ഷോപ്പിങ്ങിനും പുറമെ വിനോദസഞ്ചാര കേന്ദ്രങ്ങളും ഉണ്ട്. ദുബായ് അക്വേറിയം, അണ്ടർവാട്ടർ മൃഗശാല, കിഡ്‌സാനിയ, വിആർ പാർക്ക് തുടങ്ങി നിരവധി ആകർഷണങ്ങൾ ദുബായ് മാളിൽ ഉണ്ട്. ഹൈ-സ്ട്രീറ്റ് ഫാഷൻ ബ്രാൻഡുകളിൽ നിന്ന് ഷോപ്പിങ് ചെയ്യുന്നതിനും പ്രിയപ്പെട്ട റസ്റ്ററന്റുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനും പുറമെ, സിനിമാപ്രേമികൾക്കായി സിനിമാശാലകളും മറ്റ് വേനൽക്കാല സൗഹൃദ ഇൻഡോർ ആകർഷണങ്ങളും ഇവിടങ്ങളില്‍ ഉണ്ട്.
English Summary: Saniya Iyappan Shares Travel Video from Dubai