ADVERTISEMENT

സഞ്ചാരികള്‍ക്ക് തികച്ചും വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന പ്രദേശമാണ് അമേരിക്കയിലെ പെന്‍സില്‍വാനിയ സംസ്ഥാനത്തിലെ ഫിലാഡെല്‍ഫിയ. മനോഹരമായ നദീ തീരത്തു കൂടെയുള്ള പ്രകൃതിയെ ആസ്വദിച്ചുള്ള നടത്തം, മ്യൂസിയങ്ങളും ചരിത്ര സ്മാരകങ്ങളും സന്ദര്‍ശിക്കല്‍, റൊമാന്റിക് ഡിന്നറുകള്‍ക്കും വര്‍ണവും സംഗീതവും നിറഞ്ഞ രാത്രി ജീവിതം ആസ്വദിക്കുന്നതിനുമുള്ള അവസരം എന്നിങ്ങനെ ഫിലാഡെല്‍ഫിയയിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് നിരവധി അനുഭവങ്ങളാണ്. ഫിലാഡെല്‍ഫിയ യാത്രയെ എന്തൊക്കെ ചേര്‍ന്നാണ് സ്‌പെഷ്യലാക്കുന്നതെന്ന് നോക്കാം. 

philadelphia5

 

നദീ തീരത്തുകൂടെയുള്ള ഒരു മനോഹരമായ നടത്തം. അതാണ് ഡെലാവേര്‍ നദീ തീരത്തെ റേസ് സ്ട്രീറ്റ് പീറിലെത്തുന്നവര്‍ക്കുള്ള പ്രതിഫലം. ഇത് പ്രഭാതത്തിലോ വൈകുന്നേരങ്ങളിലോ ആണെങ്കില്‍ സൗന്ദര്യം കൂടും. ഫിലാഡെല്‍ഫിയയിലെ മറ്റൊരു നദിയായ ഷൂല്‍കിലും വെസ്റ്റ് ഫെയര്‍മൗണ്ട് പാര്‍ക്കിലെ ബെല്‍മോണ്ട് പീഠഭൂമിയുമെല്ലാം സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട സ്‌പോട്ടുകളാണ്. 

philadelphia3

 

philadelphia4

ഫിലാഡെല്‍ഫിയയിലെത്തുന്നവര്‍ എന്തായാലും കണ്ടിരിക്കേണ്ടതാണ് ലൗ പാര്‍ക്ക്. നഗരഹൃദയത്തിലുള്ള ഈ പാര്‍ക്കിലെ റോബര്‍ട്ട് ഇന്‍ഡിയാനയുടെ പ്രതിമയും പ്രസിദ്ധമാണ്. ഫിലാഡെല്‍ഫിയയിലെ തന്നെ ഏറ്റവും കൂടുതല്‍ തവണ ചിത്രങ്ങളെടുത്തിട്ടുള്ള സ്ഥലവും ഒരുപക്ഷേ ഈ പ്രതിമയുടെ പരിസരങ്ങളാവാം. ഓള്‍ഡ് സിറ്റിയിലെ മാര്‍ക്കറ്റ് സ്ട്രീറ്റിലുള്ള ഷോണ്‍ മധുരപലഹാരക്കട രാജ്യത്തെ തന്നെ ഏറ്റവും പഴക്കമേറിയ മിഠായി വില്‍പന ശാലകളിലൊന്നാണ്. പരമ്പരാഗത രുചിക്കൂട്ടുകളും ഉപകരണങ്ങളുമൊക്കെയാണ് ഈ കടയെ വ്യത്യസ്തമാക്കുന്നത്. മനോഹരമായ പൂന്തോട്ടങ്ങളും പാര്‍ക്കുകളും ഫിലാഡെല്‍ഫിയ യാത്രയില്‍ കൂടുതല്‍ ഓര്‍മകളെ നിറക്കും. 37 പബ്ലിക് ഗാര്‍ഡനുകളാണ് ഇവിടെയുള്ളത്. കെന്നറ്റ് സ്‌ക്വയറിലുള്ള ആയിരത്തിലേറെ ഏക്കര്‍ വിസ്തൃതിയുള്ള ലോങ് വുഡ് ഗാര്‍ഡനില്‍ നോര്‍ത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വൈവിധ്യമാര്‍ന്ന ഫൗണ്ടനുകളുണ്ട്. 

philadelphia

 

ഫെയര്‍മൗണ്ട് പാര്‍ക്കിലെ മന്‍ സെന്ററിലിരുന്നുകൊണ്ട് ഒരു പ്രണയാര്‍ദ്രമായ സംഗീത പരിപാടി ആസ്വദിക്കാം. മന്‍ സെന്ററിലെ തുറന്ന വേദി ഒരേസമയം വിശാലവും അകലെ ഫിലാഡെല്‍ഫിയയുടെ ആകാശം വരെ ആസ്വദിക്കാന്‍ അവസരം നല്‍കുന്നതുമാണ്. വി.ഐ.പി ക്ലബിലാണ് പ്രവേശനം നേടുന്നതെങ്കില്‍ നേരത്തെ തന്നെ നിങ്ങളുടെ സീറ്റുകള്‍ ബുക്കു ചെയ്തിരിക്കും. കൂടുതല്‍ വിശാലമായ സൗകര്യങ്ങളോടെ പരിപാടി ആസ്വദിക്കാനും സാധിക്കും. 

 

കോംസാറ്റ് സെന്ററിലെ ഫോര്‍ സീസണ്‍സ് ഹോട്ടല്‍ ഫിലാഡല്‍ഫിയുടെ അറുപതാം നിലയില്‍ ഇരുന്നുകൊണ്ട് കഴിക്കുന്ന കോക്‌ടെയില്‍ നിങ്ങള്‍ ജീവിതത്തില്‍ മറക്കാനിടയില്ല. കോക് ടെയിലിന്റെ പ്രത്യേകത മാത്രമല്ല അവിടെ നിന്നുള്ള ഫിലാഡെല്‍ഫിയയുടെ ആകാശ കാഴ്ച്ചകളും മാസ്മരികമാണ്. ഫ്രഞ്ച് അമേരിക്കന്‍ ഷെപ്പായ ഷോണ്‍ ജോര്‍ജിന്റെ ഈ പ്രസിദ്ധമായ ഹോട്ടല്‍ ഫിലാഡെല്‍ഫിയയുടെ 360 ഡിഗ്രി വ്യു കൂടിയാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്. ഇതിനു ശേഷം ഫോര്‍സീസണിലെ 57ാം നിലയിലുള്ള സ്പായില്‍ പോയി മസാജിങ് കൂടി നടത്താം. രാത്രി 10.30 മുതല്‍ ആരംഭിക്കുന്ന നൈറ്റ് സ്പായും ആഢംബരവും വ്യത്യസ്തതയും നിറഞ്ഞ അനുഭവമായിരിക്കും. ഒരു മണിക്കൂറോളം നീളുന്ന മസാജിങിനു ശേഷം ഷാംപെയ്‌നും രുചിച്ച് ഒരു മണി വരെ നീന്തല്‍ കുളത്തിലും ചിലവിടാനുള്ള അവസരവും ഇവിടെ ലഭിക്കും. 

 

അമേരിക്കയിലെ തന്നെ ഏറ്റവും റൊമാന്റിക്കായ റെസ്റ്ററന്റുകളിലൊന്നായി ഫോബ്‌സ് തെരഞ്ഞെടുത്ത 'ദ ലൗ' റിട്ടന്‍ഹൗസ് സ്‌ക്വയറിനോട് ചേര്‍ന്നാണുള്ളത്. പ്രധാന ഡൈനിങ് ഏരിയക്ക് പുറമേ ഔട്ട് ഡൗര്‍ സീറ്റിങും ഇവിടെയുണ്ട്. അമേരിക്കന്‍ വിഭവങ്ങളും പ്രത്യേകമായി തയ്യാറാക്കിയ തിമാറ്റിക് മീല്‍സും ഇവിടെ ലഭിക്കും. മുന്തിരിപ്പാടങ്ങള്‍ കണ്ടുകൊണ്ട് വൈന്‍ രുചിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും അതിനും ദ ലൗ അവസരം ഒരുക്കും. ഇങ്ങനെ എണ്ണിയാല്‍ തീരാത്ത സാധ്യതകളുടെ കേന്ദ്രമാണ് സഞ്ചാരികള്‍ക്ക് ഫിലാഡല്‍ഫിയയെന്നത്.

English Summary: memorable-romantic-experiences-in-the-city-of-love-philadelphia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com