തുടര്‍ച്ചയായി യാത്രകള്‍ ചെയ്യുന്ന ആളാണ് നടി സാനിയ ഇയ്യപ്പന്‍. സാനിയയുടെ സോഷ്യല്‍മീഡിയയില്‍ ഉടനീളം മനോഹരമായ യാത്രാചിത്രങ്ങള്‍ കാണാം. ഈയിടെ നടത്തിയ ഓസ്ട്രേലിയന്‍ യാത്രയുടെ കൊതിപ്പിക്കുന്ന ചിത്രങ്ങളും വിഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് സാനിയ.
ജീവിതത്തില്‍ ആദ്യമായി പാചകം ചെയ്ത ആവേശകരമായ അനുഭവമാണ് ആദ്യം സാനിയ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഗ്രില്‍ ചെയ്ത് ഇംഗ്ലീഷ് രീതിയിലുള്ള ഭക്ഷണം തയ്യാറാക്കുന്ന വിഡിയോ കാണാം. സ്വന്തം ഡിന്നര്‍ ആദ്യമായി പാചകം ചെയ്ത് കഴിച്ചത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്ന് സാനിയ പറയുന്നു. സ്വന്തമായി പാചകം ചെയ്ത ഭക്ഷണം കഴിക്കുന്ന സന്തോഷവും സാനിയയുടെ മുഖത്ത് കാണാം.
ഓസ്ട്രേലിയയിലെ ഐക്കോണിക് അനുഭവമായ പഫിംഗ് ബില്ലി റെയിൽവേയിലെ യാത്രയുടെ വീഡിയോ ആണ് സാനിയ അടുത്തതായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഓപ്പണ്‍ കാര്യേജില്‍ കാല്‍ പുറത്തേക്ക് തൂക്കിയിട്ട് യാത്ര ചെയ്യുന്ന സാനിയയാണ് വീഡിയോയില്‍. ഒപ്പം ചുറ്റുമുള്ള പച്ചപ്പും കോടമഞ്ഞും നിറഞ്ഞ പ്രകൃതിയുടെ മനോഹരമായ കാഴ്ചകളും കാണാം. പഫിംഗ് ബില്ലിയിലെ സവാരിയുടെ ഒരു ജനപ്രിയ സവിശേഷതയാണ് തുറന്ന വശങ്ങളില്‍ ഇരുന്നുള്ള ഈ യാത്ര. മുഖത്തെ തഴുകുന്ന കാറ്റും മനോഹരമായ പ്രകൃതിദൃശ്യങ്ങളും ഈ അനുഭവം കൂടുതല്‍ സുന്ദരമാക്കുന്നു എന്ന് സാനിയ കുറിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയിലെ മെൽബണിലെ ഡാൻഡെനോംഗ് പർവതനിരകളുടെ തെക്കൻ താഴ്‌വരയിലാണ് പ്രശസ്തമായ പഫിംഗ് ബില്ലി റെയിൽവേ. ഈ നാരോ ഗേജ് ഹെറിറ്റേജ് റെയിൽവേ, ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആവി പൈതൃക റെയിൽവേകളിൽ ഒന്നാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ തുറന്ന വിക്ടോറിയൻ റെയിൽവേയുടെ അഞ്ച് നാരോ ഗേജ് ലൈനുകളിൽ ഒന്നായ ഇത്, ഓസ്‌ട്രേലിയയിൽ നിന്നും വിദേശത്തു നിന്നുമുള്ള ഒട്ടേറെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു.
ക്രിസ്മസ് ദിനം ഒഴികെ എല്ലാ ദിവസവും റെയിൽവേ പ്രവർത്തിക്കുന്നുണ്ട്. ബെൽഗ്രേവിൽ നിന്നുള്ള ട്രെയിനുകൾ ജെംബ്രൂക്ക് റെയിൽവേ സ്റ്റേഷനില്‍ അവസാനിക്കും. ഏകദേശം 25 കി.മീ ആണ് ട്രാക്കിന്‍റെ നീളം.
ഏകദേശം പന്ത്രണ്ടോളം സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തും. ഇക്കൂട്ടത്തിലുള്ള മെൻസീസ് ക്രീക്ക് സ്റ്റേഷനിൽ ഒരു നാരോ ഗേജ് റെയിൽവേ മ്യൂസിയമുണ്ട്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഇത് തുറന്നിരിക്കും. യാത്രക്കാര്‍ക്ക് ഇതും സന്ദര്‍ശിക്കാം.
English Summary: Saniya Enjoys Holiday in Australia