ഭൂമിക്കടിയിലെ അദ്ഭുതക്കാഴ്ചകള്‍; ഗുഹാനഗരവും യാത്രയും

147095444
Entrance stairs in Turda Salt Mine, Romania-Pixachi/shutterstock
SHARE

മനുഷ്യര്‍ക്ക് ഒരായുസ്സു കൊണ്ട് ഒരിക്കലും കണ്ടുതീര്‍ക്കാനാവാത്ത കാഴ്ചകള്‍ നിറഞ്ഞ ഇടമാണ് ഭൂമി. മണ്ണിനു മുകളില്‍ മാത്രമല്ല, താഴേക്കും ഒട്ടേറെ വിചിത്രവും അത്ഭുതകരവുമായ കാഴ്ചകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ കാണുന്ന ചില വിസ്മയക്കാഴ്ചകള്‍ ഇതാ...

1. സാൾട്ട് കത്തീഡ്രൽ ഓഫ് സിപാക്വിറ, കൊളംബിയ

കൊളംബിയയിലെ സിപാക്വിറ നഗരത്തിനടുത്തുള്ള ഹാലൈറ്റ് പർവതത്തിൽ. 200 മീറ്റർ താഴേക്ക്തുരന്ന് നിർമ്മിച്ച ഒരു ഭൂഗർഭ റോമൻ കത്തോലിക്കാ പള്ളിയാണ് സാൾട്ട് കത്തീഡ്രൽ ഓഫ് സിപാക്വിറ. ഉപ്പുഖനിയുടെ തുരങ്കങ്ങള്‍ക്കുള്ളില്‍ നിര്‍മ്മിച്ച ഈ പള്ളി കാഴ്ചയ്ക്ക് അതിമനോഹരമാണ്, അതുകൊണ്ടുതന്നെ തീര്‍ഥാടകര്‍ക്കൊപ്പം ഒട്ടേറെ വിനോദസഞ്ചാരികളും ഇവിടെ എത്തുന്നു.

717706078
Salt Cathedral of Zipaquirá-Fausto Riolo/shutterstock

യേശുവിന്‍റെ ജനനം, ജീവിതം, മരണം എന്നിവയെ പ്രതിനിധീകരിക്കുന്ന മൂന്ന്ഭാഗങ്ങള്‍ പള്ളിക്കുണ്ട്. എന്നാല്‍ ബിഷപ്പ് ഇല്ലാത്തതിനാല്‍ പള്ളിക്ക് കത്തോലിക്കാ മതത്തിൽ കത്തീഡ്രൽ എന്ന ഔദ്യോഗിക പദവിയില്ല. ഞായറാഴ്ചകളിൽ ഏകദേശം 3,000 ത്തോളം സന്ദർശകര്‍ ഇവിടെ എത്താറുണ്ട്. 

2. സലീന തുർദ, റൊമാനിയ

വടക്കുപടിഞ്ഞാറൻ റൊമാനിയയിലെ രണ്ടാമത്തെ വലിയ നഗരമായ തുർദയിലെ ഒരു ഉപ്പ് ഖനിയാണ് സലീന തുർദ. 1992 ൽ വിനോദസഞ്ചാരികൾക്കായി തുറന്ന സലീന തുർദ ഖനി, 2017 ൽ ഏകദേശം 618,000 റൊമാനിയൻ വിനോദ സഞ്ചാരികളും വിദേശസഞ്ചാരികളും സന്ദർശിച്ചു എന്നാണ് കണക്ക്. ഇതിനുള്ളില്‍ ഐയോസിഫ്, തെരേസിയ, റുഡോൾഫ്, ഗിസേല തുടങ്ങിയ ഉപ്പുഖനികളുടെ കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് കാണാം. 

192759650
Salt Mine Salina Turda in Romania-Xseon/shutterstock

3.  അണ്ടർ, നോർവേ

വെള്ളത്തിനടിയിലുള്ള ഏറ്റവും വലിയ റസ്‌റ്റോറന്‍റ് ആണ് നോര്‍വെയിലെ അണ്ടര്‍. ഏകദേശം 500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ, 100 അതിഥികൾക്ക് വരെ ഇടമുള്ള ഈ അന്തർവാഹിനി റസ്‌റ്റോറന്‍റ് ഭൂനിരപ്പില്‍ നിന്നും അഞ്ചര മീറ്റർ താഴെയാണ്. മനോഹരമായ ഇന്റീരിയറും രുചികരമായ ഭക്ഷണവും ഒന്നുചേരുന്ന ഈയിടം, ലോകത്തിലെ തന്നെ ഏറ്റവും മികച്ച റസ്‌റ്റോറന്റുകളില്‍ ഒന്നായാണ് കണക്കാക്കുന്നത്. ഭക്ഷണം കഴിക്കുമ്പോള്‍ ചില്ലുഭിത്തികളിലൂടെ കടല്‍ക്കാഴ്ചകളും ആസ്വദിക്കാനാവും.

4.  ഡെറിങ്കുയു, തുർക്കി

തുർക്കിയിലെ കപ്പഡോഷ്യ മേഖലയിലെ ഡെറിങ്കുയു ഭൂഗർഭ നഗരം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ്. കപ്പഡോഷ്യയിലുടനീളം കാണപ്പെടുന്ന നിരവധി ഭൂഗർഭ സമുച്ചയങ്ങളിൽ ഒന്നായ ഇത്, തുർക്കിയിൽ കുഴിച്ചെടുത്ത ഏറ്റവും വലിയ ഭൂഗർഭ നഗരമാണ്. 20,000 ത്തോളം ആളുകൾക്കും അവരുടെ കന്നുകാലികൾക്കുമെല്ലാം ഒരുമിച്ച് താമസിക്കാന്‍ കഴിയുന്നത്ര വലുതാണിത്. 1969 ൽ, ഈ സൈറ്റ് സന്ദർശകർക്കായി തുറന്നുകൊടുത്തു, ഭൂഗർഭ നഗരത്തിന്‍റെ പകുതിയോളം ഭാഗം സന്ദര്‍ശിക്കാവുന്നതാണ്.

209995384
Inside the Volcano - Thrihnukagigur Magma Chamber. Iceland-sergemi/shutterstock

5.  തൃഹ്നുകഗിഗൂർ, ഐസ്‍ലന്‍ഡ്

ഐസ്‍‍ലൻഡിലെ  ബ്രെനിസ്റ്റ് അഗ്നിപർവത പ്രദേശത്തിന് സമീപമുള്ള ഒരു സജീവമല്ലാത്ത അഗ്നിപർവതമാണ് തൃഹ്നുകഗിഗൂർ. 3,270 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും 213 മീറ്റർ ആഴവുമുള്ള ഇത്, കഴിഞ്ഞ 4000 വർഷമായി പൊട്ടിത്തെറിച്ചിട്ടില്ല. 2012 ൽ ഇവിടം വിനോദസഞ്ചാരത്തിനായി തുറന്നു. സന്ദർശകർക്ക് എലിവേറ്ററിൽ കയറി സുരക്ഷിതമായി മാഗ്മ ചേമ്പറിലേക്ക് ഇറങ്ങാൻ കഴിയുന്ന ലോകത്തിലെ ഏക അഗ്നിപർവതമാണിത്. .

English Summary: Worlds Coolest and Weirdest Underground Attractions

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA