ADVERTISEMENT

ചെങ്കടലോരത്ത് പണിയുന്ന മായാനഗരമാണ് സൗദി അറേബ്യയിലേക്ക് ഇപ്പോള്‍ ലോകത്തിന്‍റെ ശ്രദ്ധ തിരിക്കുന്നത്. 265000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍, 500 ബില്യൺ ഡോളര്‍ ചെലവില്‍ പണിയുന്ന ‘നിയോം’ എന്ന് പേരുള്ള ഈ മെഗാനഗരം രാജ്യത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് ആകര്‍ഷണമായി മാറാന്‍ അധികം കാലതാമസം ഉണ്ടാവില്ല. ഇപ്പോള്‍ത്തന്നെ ഏകദേശം 20% ഇൻഫ്രാസ്ട്രക്ചർ ജോലികൾ പൂർത്തിയായതായാണ് വിവരം. പണി തീരുമ്പോള്‍ അയല്‍രാജ്യമായ കുവൈത്തിനേക്കാള്‍ വലുതായിരിക്കും ഇത്.

പുതുമയും രാജകുമാരനും

പുതിയ നഗരത്തിന് NEOM എന്ന പേര് നല്‍കിയതിനു പിന്നില്‍ കാര്യമുണ്ട്. ഗ്രീക്ക് പദമായ ‘NEO’ (പുതിയത്), അറബ് പദമായ മുസ്തക്ബാല്‍(ഭാവി)ന്‍റെയും മുഹമ്മദ് ബിൻ സൽമാന്‍ രാജകുമാരന്‍റെയും ആദ്യ അക്ഷരമായ ‘M’ എന്നിവയുടെ സംയോജനമാണ് ഇത്. സൗദി അറേബ്യയുടെ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാനാണ് ഈ സ്വപ്നനഗരത്തിന്‍റെ ആശയത്തിന് പിന്നില്‍.

കാറുകള്‍ ഉണ്ടാവില്ല

ഇത്രയും വലിയ നഗരത്തില്‍ കാറുകള്‍ ഉണ്ടാവില്ല എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. കാര്‍ബണ്‍ പുറന്തള്ളല്‍ തടയുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി സൂര്യനെയും കാറ്റിനെയും ആശ്രയിക്കും, കൂടാതെ ഹൈഡ്രജൻ അധിഷ്ഠിത വൈദ്യുതി ഉൽപ്പാദനവും ഉണ്ടാകും. ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദന പ്ലാന്റാണ് നിയോമില്‍ ഉണ്ടാവുക.

യാത്രകള്‍ക്ക് വോളോകോപ്റ്റർ

കാറുകള്‍ ഇല്ലെങ്കില്‍പ്പിന്നെ മറ്റെങ്ങനെയാണ് ഇത്ര വലിയൊരു നഗരത്തില്‍ ഉടനീളം യാത്ര ചെയ്യുന്നത്? വോളോകോപ്റ്റർ എന്ന പുതിയ തലമുറ ഗതാഗത മാർഗ്ഗമാണ് യാത്രകള്‍ക്കായി ഉപയോഗിക്കുക. കുഞ്ഞന്‍ ഹെലികോപ്റ്ററുകള്‍ ആണിവ. നിയോമില്‍ നിന്ന് ലണ്ടനിലേക്കും ദുബായിലേക്കും പോകാന്‍ നേരിട്ടുള്ള വിമാനങ്ങൾ ലഭ്യമായിരിക്കും.

നിയോമിന്‍റെ ഘടന

സർവാത് പർവതനിരകളിലെ സ്കീ റിസോർട്ട് ആയ ഫ്ലോട്ടിങ് പോർട്ട്, മിറർഡ് സിറ്റി എന്നിവയുൾപ്പെടെ 10 വ്യത്യസ്ത മേഖലകളായി നിയോമിനെ തിരിക്കും. ആഡംബര ദ്വീപ് ഡെസ്റ്റിനേഷനായ സിന്ദാല വിനോദസഞ്ചാരത്തിനായി തുറക്കും. ട്രോജെന ഹില്‍സ്റ്റേഷനിലും സഞ്ചാരികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കും. പ്രധാന നഗരമായി ലൈൻ, വ്യവസായങ്ങള്‍ക്കായി ഓക്സഗൺ മുതലായ നഗരങ്ങളും ഉണ്ടാകും. 

2026 ആകുമ്പോഴേക്കും നിയോമില്‍  ഏകദേശം 450,000 പേർ താമസക്കാരായി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, 2030 ഓടെ ഇത് 1.5 മുതൽ 2 ദശലക്ഷം ആളുകളായി ഉയരും. ലൈന്‍  നഗരം ഒമ്പത് ദശലക്ഷം നിവാസികളുടെ ഭവനമാകും.

വികസിതമായ ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം തന്നെ, സുസ്ഥിരതയും ഉന്നം വയ്ക്കുന്നുണ്ട് നിയോം നഗരം. നൂതനമായ കൃഷിയും ഹരിതഗൃഹങ്ങളും ഉപയോഗപ്പെടുത്തി "ലോകത്തിലെ ഏറ്റവും ഭക്ഷ്യ സ്വയംപര്യാപ്ത നഗരം" ആകുക എന്നൊരു ലക്‌ഷ്യം കൂടിയുണ്ട്. നിലവിൽ ആവശ്യമായതിന്‍റെ 80 ശതമാനം ഭക്ഷണവും ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമാണ് സൗദി അറേബ്യ. 

ഏഷ്യന്‍ ഗെയിംസ് വേദിയാകും

2029 ലെ ഏഷ്യൻ വിന്റർ ഗെയിംസ് നിയോമിലെ നഗരമായ ട്രോജെനയിലായിരിക്കും നടക്കുക. ഗൾഫ് ഓഫ് അക്കാബ തീരത്ത് നിന്ന് 50 കിലോമീറ്റർ അകലെ സർവാത് പർവതനിരകളിൽ 1,500-2,600 മീറ്റർ വരെ ഉയരത്തിലാണ് ട്രോജെന സ്ഥിതിചെയ്യുന്നത്. പൊതുവേ മരുഭൂമി പ്രദേശമാണെങ്കിലും, നിയോമിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത് .

English Summary: Everything you need to know about Saudi mega-project Neom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com