ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ത്രോബാക് ചിത്രങ്ങളുമായി ഇന്ത്യയുടെ അഭിമാന ക്രിക്കറ്റ് താരം സ്മൃതി മന്ദാന. കേപ്ടൗണിലെ പ്രശസ്തമായ ടേബിള്‍ മൗണ്ടനരികില്‍ നിന്നു എടുത്ത ചിത്രമാണ് സ്മൃതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യൂപോയിന്‍റിലെ റെയിലിങ് പിടിച്ചുനില്‍ക്കുന്ന താരമാണ് ചിത്രത്തില്‍. ലക്ഷക്കണക്കിന് ആരാധകരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്.
മേശ പോലൊരു പര്‍വതം
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ചയാണ് ടേബിള്‍ മൗണ്ടൻ(Table Mountain). കേപ്ടൗൺ നഗരത്തെ അഭിമുഖീകരിക്കുന്ന ഒരു പരന്ന പർവതമാണിത്. മേശയോടു സാമാനമായ ആകൃതിയുള്ള പരന്ന മുകള്‍പ്പരപ്പാണ് പര്‍വ്വതത്തിന് ആ പേര് കിട്ടാന്‍ കാരണം. ടാഫേൽബെർഗ്(Tafeberg) എന്നും ഇത് അറിയപ്പെടുന്നു. കേപ്ടൗണിനോടു ചേർന്ന് ടേബിൾ ബേയ്ക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്ന ടേബിൾ മൗണ്ടൻ, കടലിൽ നിന്നും ഏകദേശം 200 കിലോമീറ്റര്‍ ദൂരത്തിൽനിന്നു വരെ കാണാം.
ഷെയ്‌ൽ, മണൽക്കല്ല് എന്നീ ശിലകളാലാണ് പ്രധാനമായും ടേബിൾ മൗണ്ടൻ രൂപം കൊണ്ടിരിക്കുന്നത്. മണൽക്കല്ലിലടങ്ങിയിട്ടുള്ള ക്വാർട്സ് ആണ് മുകൾഭാഗത്തു കാണപ്പെടുന്ന പ്രധാന ധാതു. മറ്റു പദാർഥങ്ങൾ ക്ഷയിച്ചുപോയതിനുശേഷം ഉറപ്പും പ്രതിരോധശേഷിയും കൂടിയ ക്വാർട്സ് മാത്രം അവശേഷിക്കുന്നതിനാലാണ് ടേബിള്‍ മൗണ്ടന് ഇപ്പോഴുള്ള രൂപം കൈവന്നത്. പലപ്പോഴും ഈ പർവതത്തെ ആവരണം ചെയ്തു കാണപ്പെടുന്ന ‘ടേബിൾ ക്ലോത്ത്’ എന്നു പേരുള്ള വെളുത്ത മേഘപടലവും ഇവിടുത്തെ ആകര്‍ഷണങ്ങളില്‍പ്പെടുന്നു.
1500 ലധികം ഇനം സസ്യമൃഗാദികളുടെ വാസസ്ഥലമായ ടേബിൾ മൗണ്ടൻ, ഒരു ദേശീയ സംരക്ഷിതപ്രദേശമാണ്. 1086 മീ. ഉയരമുള്ള മക്ലിയർസ് ബീകൺ(Maclear's Beacon) ആണ് ടേബിൾ മൌണ്ടനിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം. ഇവിടേക്ക് പോകാന്‍ പതിറ്റാണ്ടുകളായി കേബിള്‍വേ സര്‍വീസ് ഉണ്ട്.
ഓരോ വർഷവും 24 ദശലക്ഷത്തിലധികം സന്ദർശകര്‍ ടേബിൾ മൗണ്ടൻ കാണാനെത്തുന്നു എന്നാണ് കണക്ക്. വനങ്ങള്‍ക്കിടയിലൂടെയുള്ള ഹൈക്കിങ്, പര്‍വതത്തിലൂടെ ട്രെക്കിങ് തുടങ്ങി ഒട്ടേറെ വിനോദങ്ങളും ഈ പ്രദേശത്തുണ്ട്.
English Summary: Smriti Mandhana Shares Throwback Pictures from Cape Town