തുടർച്ചയായ ആറാം വർഷവും ഏറ്റവും സന്തുഷ്ടരായ ജനങ്ങള്‍ വസിക്കുന്ന രാജ്യമെന്ന സ്ഥാനം നിലനിർത്തിയിരിക്കുകയാണ് ഫിന്‍ലന്‍ഡ്. ആളുകളുടെ ശരാശരി ജീവിതനിലവാരം അടിസ്ഥാനമാക്കി, 137 രാജ്യങ്ങളെ റാങ്ക് ചെയ്തുകൊണ്ട്, യുഎൻ സസ്റ്റൈനബിള്‍ ഡെവലപ്മെന്‍റ് സൊല്യൂഷന്‍സ് നെറ്റ്‌വർക്ക് പുറത്തിറക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് ഇക്കുറിയും ഫിന്‍ലന്‍ഡ് ഒന്നാംസ്ഥാനം മുറുകെപ്പിടിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്ന പോലെതന്നെയാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍, ഡെന്മാർക്ക് രണ്ടാം സ്ഥാനത്തും ഐസ്‌ലൻഡ് മൂന്നാം സ്ഥാനത്തുമാണ് ഇക്കുറിയും ഉള്ളത്.

ഈ വർഷം ഇസ്രായേൽ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി, നെതർലൻഡ്സ് അഞ്ചാം സ്ഥാനത്താണ്. സ്വീഡൻ, നോർവേ, സ്വിറ്റ്‌സർലൻഡ്, ലക്‌സംബർഗ്, ന്യൂസിലൻഡ് എന്നിവയാണ് ആദ്യ പത്തിലെ മറ്റ് രാജ്യങ്ങൾ. എന്നാൽ ജർമനി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയി 16-ാം സ്ഥാനത്തെത്തി. യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ് എന്നീ രാജ്യങ്ങൾ യഥാക്രമം 15, 19, 21 സ്ഥാനങ്ങളിലാണ്. അഫ്ഗാനിസ്ഥാനും ലെബനനും ഏറ്റവും അസന്തുഷ്ടമായ രാജ്യങ്ങളായി ഇക്കുറിയും തുടർന്നു.
ഇന്ത്യ ഇക്കുറി 126-ാം സ്ഥാനത്താണ്. പാകിസ്ഥാൻ, നേപ്പാൾ, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, ഇറാഖ് എന്നിവയ്ക്ക് താഴെയാണ് ഇന്ത്യയുടെ സ്ഥാനം. യുദ്ധത്തിന് ശേഷം പോലും ഇന്ത്യയേക്കാള്‍ മുന്നിലാണ് റഷ്യയും യുക്രെയ്നും, റഷ്യ 72-ാം സ്ഥാനത്താണെങ്കിൽ യുക്രെയ്ന്‍ 92-ാം സ്ഥാനത്താണ്.
സാമൂഹിക പിന്തുണ, പ്രതിശീര്‍ഷവരുമാനം, ആയുർദൈർഘ്യം, സ്വാതന്ത്ര്യം, ഔദാര്യം, അഴിമതിയുടെ അഭാവം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ കണക്കിലെടുത്താണ് രാജ്യങ്ങളെ റാങ്ക് ചെയ്യുന്നത്. അന്താരാഷ്ട്ര സന്തോഷ ദിനമായി ആചരിക്കുന്ന തിങ്കളാഴ്ച (മാർച്ച് 20) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ ഒന്നാണ് ഫിന്‍ലന്‍ഡ്. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ ഒന്നാണ് ഇവിടെയുള്ളത്. ഈ വിദ്യാഭ്യാസ രീതി അനുസരിച്ച്, അനുഭവപരിചയ പഠനത്തിനും തുല്യ അവസരത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നു.
മികച്ച ആയുർദൈർഘ്യം, സാമൂഹിക പിന്തുണ, പുനരുപയോഗയോഗ്യമായ ഊർജ്ജ ഉൽപാദനത്തിൽ പുലര്‍ത്തുന്ന പ്രതിജ്ഞാബദ്ധത എന്നിവ ഡെന്മാര്‍ക്കിനെ എക്കാലത്തും വ്യത്യസ്തമാക്കുന്നു. വടക്കൻ യൂറോപ്പിലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ ഐസ്‌ലന്‍ഡ് യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപാണ്. ക്ഷേമം നിറഞ്ഞതും സമാധാന പൂര്‍ണവുമായ ജീവിതമാണ് ആളുകളെ സന്തോഷവാന്മാരാക്കി നിലനിര്‍ത്തുന്നു.
English Summary: Finland is the No. 1 happiest country in the world for the sixth year in a row