ആകാശത്തും കടലിലും സാഹസിക വിനോദങ്ങള്‍ക്ക് താൽപര്യം ഉള്ളവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് ഇപ്പോള്‍. ലോകത്തിന്‍റെ പല ഭാഗങ്ങളിലുമുള്ള ബീച്ചുകളിലും സാഹസിക വിനോദകേന്ദ്രങ്ങളിലുമെല്ലാം ഇപ്പോള്‍ സഞ്ചാരികളുടെ തിരക്കാണ്. യാത്ര ആഘോഷമാക്കുന്ന സഞ്ചാരികളുടെ ചിത്രമാണ് സോഷ്യല്‍മീഡിയയിലെങ്ങും. സെലിബ്രിറ്റികളുടെ കാര്യവും വ്യത്യസ്തമല്ല.
ഇപ്പോഴിതാ സ്കൈഡൈവ് ചെയ്യുന്ന കിടിലന്‍ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് മലയാളത്തിലെ പ്രിയനടിമാരായ സാനിയ ഇയ്യപ്പനും അഞ്ജു കുര്യനും. ഓസ്ട്രേലിയയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് ഇവ. ഓസ്ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റ് സ്കൈഡൈവില്‍ നിന്നുമാണ് സാനിയ സ്കൈഡൈവ് ചെയ്തത്. മുന്നേയും സാനിയ സ്കൈഡൈവ് ചെയ്തിരുന്നു. ജീവിതത്തില്‍ രണ്ടുപ്രാവശ്യം ഇത്തരം ഒരു അവസരം കിട്ടുന്നത് ഭാഗ്യമാണെന്ന് സാനിയ കുറിക്കുന്നു.
ഒരു സ്വപ്നം പോലെ മനോഹരമായിരുന്നു ഈ അനുഭവം എന്നും സ്വര്‍ഗ്ഗീയസുന്ദരമായ കാഴ്ചകളാണ് പറക്കുമ്പോള്‍ കണ്ടതെന്നും സാനിയ പറയുന്നു. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലുള്ള ഗോൾഡ് കോസ്റ്റിലെ ഏക സ്കൈഡൈവ് കേന്ദ്രമാണ് ഗോൾഡ് കോസ്റ്റ് സ്കൈഡൈവ്. മനോഹരമായ കിറ ബീച്ചിനു മുകളിലൂടെയാണ് ആകാശയാത്ര. സ്കൈഡൈവ് ഓസ്ട്രേലിയ ആണ് അഞ്ജു കുര്യന്‍റെ യാത്ര ഒരുക്കിയത്. സ്വന്തം ആക്ഷന്‍ സിനിമയില്‍ ജീവിക്കുന്ന പോലെയായിരുന്നു ഈ അനുഭവം എന്ന് അഞ്ജു കുറിക്കുന്നു.
ഭൂമിയില്‍ നിന്നും 15,000 അടി ഉയരത്തിലായിരുന്നു അഞ്ജുവിന്‍റെ പറക്കല്‍. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റു സമൂഹമായ ഗ്രേറ്റ് ബാരിയർ റീഫിന്‍റെ കാഴ്ചകളാണ് ഈ യാത്ര അവിസ്മരണീയമാക്കുന്നത്. ഓസ്‌ട്രേലിയയിലെ സ്‌കൈഡൈവിംഗിനുള്ള അത്ഭുതകരമായ സ്ഥലങ്ങളില്‍ ഒന്നായ കെയ്‌ൻസിലാണിത്. ഗ്രേറ്റ് ബാരിയർ റീഫ് കൂടാതെ, വേൾഡ് ഹെറിറ്റേജ് റെയിൻ ഫോറസ്റ്റ്, ട്രിനിറ്റി ഇൻലെറ്റ് തുടങ്ങിയവയെല്ലാം ഇവിടെ നിന്നും കണ്ടാസ്വദിക്കാനാവും.
സ്കൈ ഡൈവിംഗ് കൂടാതെ, സർഫിങ് റോക്ക് ക്ലൈംപിങ് തുടങ്ങിയ ഒട്ടേറെ സാഹസിക വിനോദങ്ങള്‍ ഓസ്ട്രേലിയയിലുണ്ട്. സിഡ്നി, കെയിൻസ്, മെൽബൺ, ബ്രിസ്ബേൻ, യോർക്ക്, ബൈറോൺ ബേ, റോക്കിംഗ്ഹാം തുടങ്ങിയവയെല്ലാം ഓസ്‌ട്രേലിയയിലെ സ്‌കൈഡൈവ് ചെയ്യാനുള്ള മികച്ച സ്ഥലങ്ങളായി കണക്കാക്കപ്പെടുന്നു.
English Summary: saniya and anju kurien enjoys holiday in Australia