ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കാനേറെ ഇഷ്ടപ്പെടുന്നയാളാണ് സാനിയ ഇയ്യപ്പൻ. യാത്രയാണ് താരത്തിന്റെ പ്രിയ വിനോദമെന്നു സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കാം. മിക്ക ദിവസവും യാത്രയിലാണ് സാനിയ. ഇന്ത്യക്കകത്തും വിദേശത്തുമൊക്കെയായി പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ നിന്നുള്ള വിഡിയോയും ചിത്രങ്ങളും ഇന്റർനെറ്റിൽ വൈറലാണ്. കഴിഞ്ഞ ദിവസം സാനിയ ഒാസ്ട്രേലിയൻ ട്രിപ്പിലായിരുന്നു.
ഓസ്ട്രേലിയയിലെ ഐക്കോണിക് അനുഭവമായ പഫിങ് ബില്ലി റെയിൽവേയിലെ യാത്രയുടെ വിഡിയോയും സാനിയ പോസ്റ്റ് ചെയ്തിരുന്നു. ഓപ്പണ്‍ കാര്യേജില്‍ കാല്‍ പുറത്തേക്ക് തൂക്കിയിട്ട് യാത്ര ചെയ്യുന്ന സാനിയയാണ് വിഡിയോയില്‍. ഒപ്പം ചുറ്റുമുള്ള പച്ചപ്പും കോടമഞ്ഞും നിറഞ്ഞ പ്രകൃതിയുടെ മനോഹരമായ കാഴ്ചകളും കാണാം. പഫിങ് ബില്ലിയിലെ സവാരിയുടെ ഒരു ജനപ്രിയ സവിശേഷതയാണ് തുറന്ന വശങ്ങളില്‍ ഇരുന്നുള്ള ഈ യാത്ര. മുഖത്തെ തഴുകുന്ന കാറ്റും മനോഹരമായ പ്രകൃതിദൃശ്യങ്ങളും ഈ അനുഭവം കൂടുതല്‍ സുന്ദരമാക്കുന്നു എന്ന് സാനിയ കുറിച്ചിട്ടുണ്ട്. കൂടാതെ സ്കൈഡൈവ് ചെയ്യുന്ന കിടിലന്‍ ചിത്രങ്ങളും പങ്കുവച്ചിരുന്നു.
read more: കോഴിക്കോട് നിന്ന് 48 കിലോമീറ്ററേയുള്ളൂ മിനി ഗോവയിലേക്ക്
'എന്റെ ബക്കറ്റ് ലിസ്റ്റിലെ ഒട്ടുമിക്ക വിനോദങ്ങളും ചെയ്യാൻ സാധിച്ച ഈ വർഷത്തെ ഏറ്റവും മികച്ച യാത്രയായിരുന്നു ഇത്.
എല്ലാത്തരം സാഹസികർക്കും യാത്ര ചെയ്യാനുള്ള ഒരു അദ്ഭുതകരമായ സ്ഥലമാണ് ഓസ്ട്രേലിയ. അതിമനോഹരമായ ബീച്ചുകളും ഉഷ്ണമേഖലാ മഴക്കാടുകളും മുതൽ ദുർഘടമായ ഔട്ട്‌ബാക്ക് ലാൻഡ്‌സ്‌കേപ്പുകളും കോസ്‌മോപൊളിറ്റൻ നഗരങ്ങളും ഇൗ മനോഹരയിടത്തുണ്ട്. പ്രകൃതിരമണീയമായ റെയിൽവേ, ഹോട്ട് എയർ ബലൂണിങ്, സ്കൈ ഡൈവിങ്, രുചി നിറഞ്ഞ ഭക്ഷണവും വീഞ്ഞും, ആഡംബരപൂർണമായ കാഴ്ചകളുമൊക്കെയായി, യാത്ര പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഓസ്‌ട്രേലിയ മികച്ച ഒാപ്ഷനാകും. ഈ മനോഹരമായ രാജ്യത്തിന്റെ തനതായ വന്യജീവികളും ഊർജ്ജസ്വലമായ സംസ്കാരവും പര്യവേക്ഷണം ചെയ്യുക, ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന അവിസ്മരണീയമായ ഓർമകൾ ഉണ്ടാക്കുക. ഇൗ സുന്ദരിയെ സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചുവെന്നും ഇവിടേയ്ക്ക് വീണ്ടും വരുമെന്നും' പങ്കുവച്ച ഒാസ്ട്രേലിയൻ ട്രിപ്പിലെ ചിത്രത്തിനൊപ്പം സാനിയ കുറിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഫുക്കറ്റിലെ മനോഹരമായ ചിത്രമാണ് സാനിയ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. കടൽതീരത്ത് നിൽക്കുന്ന സാനിയെ കാണാം. സഞ്ചാരികളുടെ പ്രിയയിടങ്ങളിലൊന്നാണ് ഫുക്കറ്റ്. തായ്‌ലൻഡിെൻറ തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് ബസ് മാർഗം ഒറ്റ രാത്രി കൊണ്ട് എത്തിച്ചേരാവുന്നിടമാണ് ഫുക്കറ്റ്. മരതക ദ്വീപുകളും നീലക്കടലും ഉൾപ്പെടുന്ന ഗംഭീര കാഴ്ചയാണ് ഫുക്കറ്റിന്റെ പ്രധാന ആകര്‍ഷണം. മനോഹര കടൽത്തീരങ്ങളും മഴക്കാടുകളും പർവതങ്ങളും വൈവിധ്യമാർന്ന സംസ്കാരവുമെല്ലാം സമന്വയിക്കുന്ന ദ്വീപ് ആരെയും ആകർഷണവലയത്തിലാക്കും.
പശ്ചിമ ഫുക്കറ്റിലാണ് ലോകശ്രദ്ധയാകർഷിച്ച കടൽത്തീരങ്ങളുള്ളത്. പതങ് ബീച്ച്, കമല ബീച്ച്, കാരൻ ബീച്ച്, കാരൻ ബീച്ച്, കട്ട ബീച്ച് എന്നിവയാണ് പ്രധാനികൾ. പതങ് ആണ് പ്രധാനപ്പെട്ട കടലോര വിനോദ സഞ്ചാര കേന്ദ്രം. കേരളത്തിനോട് സാമ്യമുള്ള, വർഷത്തിലുടനീളം പൊതുവെ സൗമ്യമായ കാലാവസ്ഥയാണ് ഫുക്കറ്റിൽ. അവധിക്കാലമായതോടെ നിരവധിപേരാണ് ഇൗ മനോഹരയിടത്തേയ്ക്ക് എത്തിച്ചേരുന്നത്.
English Summary: Saniya Iyappan Shares Memorable Travel Experience