അടുത്തിടെ നടന്ന ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് ബി.ടി.എസ് താരം ജംഗൂക് യാത്ര പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലമേതെന്ന ചോദ്യത്തിന് ജെജു ദ്വീപ് എന്ന് ഉത്തരം നല്‍കിയത്. 'ഞാന്‍ ഒരുപാട് യാത്രകളൊന്നും പോയിട്ടില്ല. എങ്കിലും ജെജു ദ്വീപ് ദ്വീപിലേക്ക് പോകാന്‍ ആഗ്രഹമുണ്ട്' എന്നായിരുന്നു ജങ്കൂകിന്റെ മറുപടി. ബി.ടി.എസിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ജംഗ്കൂക്കിന്റെ ബക്കറ്റ് ലിസ്റ്റിലെ ജെജുദ്വീപ് നിരവധി സവിശേഷതകളുള്ള സ്ഥലമാണ്.
ദൈവത്തിന്റെ സ്വന്തം നാട് നമ്മുടെ കേരളമാണെങ്കില്‍ ദൈവങ്ങളുടെ ദ്വീപെന്നാണ് ജെജു ദ്വീപിന്റെ വിളിപ്പേര്. ജെജു ഡോ എന്ന് ദക്ഷിണകൊറിയക്കാര്‍ വിളിക്കുന്ന ഈ ദ്വീപ് സഞ്ചാരികളുടേയും ഹണിമൂണ്‍ ആഘോഷിക്കുന്ന ദമ്പതികളുടേയുമെല്ലാം ഇഷ്ട കേന്ദ്രമാണ്. തെക്കന്‍ കൊറിയയിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ദ്വീപാണ് ജേജു.
തെക്കന്‍ കൊറിയയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ ഹലാസന്‍ എന്ന അഗ്നിപര്‍വതമാണ് ജെജുവിലെ പ്രധാന കാഴ്ചകളിലൊന്ന്. ഇരുപത് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹലാസന്‍ പൊട്ടിത്തെറിച്ചാണ് ഈ ജേജു ദ്വീപ് രൂപം കൊണ്ടതെന്നാണ് കരുതപ്പെടുന്നത്. ഏതാണ്ട് 25,000 വര്‍ഷം മുമ്പു വരെ ഈ അഗ്നിപര്‍വതം സജീവമായിരുന്നു. ഇന്ന് ദക്ഷിണകൊറിയയില്‍ ഏറ്റവും കൂടുതല്‍ മനുഷ്യര്‍(6,72,948) താമസിക്കുന്ന ദ്വീപാണ് ജേജു. ഹലാസന്‍ നാഷണല്‍ പാര്‍ക്കിനെ ലോക പൈതൃക കേന്ദ്രമായി യുനെസ്‌കോ അംഗീകരിച്ചിട്ടുണ്ട്. പലതരത്തിലുള്ള മലകയറ്റങ്ങളും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവും.

പ്രാദേശിക ഭക്ഷണത്തിന്റേ പേരിലും ജെജു ദ്വീപ് പ്രസിദ്ധമാണ്. പ്രധാനമായും സമുദ്രവിഭവങ്ങളാണ് ഇവിടുത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹേന്‍യോ എന്നറിയപ്പെടുന്ന കടലില്‍ മുങ്ങി കടുക്കയും കക്കയും കടല്‍പായലുമെല്ലാം ശേഖരിച്ച് ജീവിക്കുന്ന മുങ്ങല്‍ വിദഗ്ധകളുടെ പേരിലും ജെജു ദ്വീപ് അറിയപ്പെടുന്നു.
സണ്‍റൈസ് പീക്ക് എന്നറിയപ്പെടുന്ന സെയോങ്‌സന്‍ ഇല്‍ചുല്‍ബോങാണ് മറ്റൊരു കാഴ്ച. ഏതാണ്ട് 5000 വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ഒരു അഗ്നിപര്‍വത സ്‌ഫോടനത്തില്‍ ഉടലെടുത്ത അത്ഭുതമാണിത്. ഇതിനു മുകളില്‍ നിന്നുള്ള സൂര്യോദയം അതിസുന്ദരമാണ്. ഫോട്ടോഗ്രാഫിക്ക് പറ്റിയ കേന്ദ്രം കൂടിയാണിത്. ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ലാവ ടണലാണ് മാന്‍ജാന്‍ഗ്വല്‍ ഗുഹ. പ്രകൃതിയൊരുക്കിയ അദ്ഭുത കാഴ്ചയാണിത്. ഈ ഗുഹക്കുള്ളിലെ ഇരുണ്ട വഴികളിലൂടെയുള്ള സഞ്ചാരവും പ്രകൃതിയൊരുക്കിയ പ്രത്യേകനിര്‍മിതികളും സഞ്ചാരികളെ ആകര്‍ഷിക്കാം.

ജെജു ദ്വീപിലെ സംസ്‌കാരവും പാരമ്പര്യവും വിവരിക്കുന്നതാണ് ജേജു ഫോക് വില്ലേജ് മ്യൂസിയം. കുടുംബങ്ങളേയും കുട്ടികളേയും ആകര്‍ഷിക്കുന്ന മറ്റൊരു കേന്ദ്രമാണ് ടെഡി ബേര്‍ മ്യൂസിയം. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള കരടിപ്പാവക്കുട്ടികള്‍ ഇവിടെയുണ്ട്. ദൈവത്തിന്റെ കുളമെന്ന് വിളിക്കുന്ന ചിയോന്‍ജിയോന്‍ മൂന്നു വെള്ളച്ചാട്ടങ്ങളുടെ സമ്മേളനമാണ്. മനോഹരമായ കാലാവസ്ഥയും അപൂര്‍വ മലനിരകളും പ്രകൃതിയുമുള്ള ജെജു ദ്വീപ് ജംഗൂകിന്റെ മാത്രമല്ല ലോകത്തെ പല സഞ്ചാരികളുടേയും ബക്കറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത് വെറുതേയല്ല.
English Summary: Jungkook's favourite travel destination in South Korea