സന്തോഷത്തിന്‍റെ നാടായ ഭൂട്ടാന്‍ യാത്രയിലായിരുന്നു ബോളിവുഡിന്‍റെ സൂപ്പര്‍സ്റ്റാര്‍ ദീപിക പദുക്കോണ്‍. സോഷ്യല്‍ മീഡിയയൊന്നാകെ ഭൂട്ടാനില്‍ നിന്നുള്ള ദീപികയുടെ ചിത്രങ്ങളാണ്. ദീപിക പോകുന്ന വഴിയില്‍ ഉടനീളം ആളുകള്‍ സെല്‍ഫിയെടുത്ത് ഇന്‍സ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യുന്നുണ്ട്. നടിക്ക് ഇന്ത്യയില്‍ മാത്രമല്ല, ഭൂട്ടാനിലും ഒട്ടേറെ ആരാധകരുണ്ടെന്നതിന്‍റെ തെളിവാണിത്. എയര്‍പോര്‍ട്ടില്‍ നിന്നും കഫേയില്‍ നിന്നുമൊക്കെ ആളുകള്‍ ദീപികയ്ക്കൊപ്പം ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഭൂട്ടാനിലെ പാരോയിലുള്ള യുവര്‍ കഫേ റസ്റ്ററന്റില്‍ ദീപിക സന്ദര്‍ശനം നടത്തിയതിന്‍റെ ചിത്രങ്ങള്‍ അവര്‍ തന്നെ പങ്കുവച്ചിട്ടുണ്ട്. പ്രശസ്തമായ ടൈഗേഴ്‌സ് നെസ്റ്റ് ആശ്രമം സന്ദർശിക്കുന്ന നടിയോടൊപ്പമുള്ള സെല്‍ഫി മറ്റൊരു ആരാധിക പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ട്വിറ്ററിലും ദീപികയുടെ യാത്രയുടെ ചിത്രങ്ങള്‍ ട്രെന്‍ഡിങ്ങാണ്.
2023 ലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായ ‘പത്താൻ’ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പമുള്ള പ്രകടനത്തിലൂടെയും പിന്നീട് 95 ാമത് ഓസ്‌കാർ അവാർഡിലെ പ്രകടനത്തിലൂടെയും ദീപിക ഈ വർഷത്തിന്‍റെ തുടക്കം മുതൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രഭാസിനൊപ്പമുള്ള 'പ്രോജക്റ്റ് കെ', ഹൃത്വിക് റോഷനുമൊത്തുള്ള 'ഫൈറ്റർ' എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങള്‍ ദീപികയുടേതായി വരാനുണ്ട്.
ഭൂട്ടാനിൽ നിന്നുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ദീപിക എന്തിനാണ് ഇവിടേയ്ക്ക് എത്തിയതെന്ന് അറിയാൻ ആരാധകർ ആകാംക്ഷയിലാണ്. വെറും വിനോദയാത്ര മാത്രമാണോ അതോ പുതിയ പ്രോജക്റ്റ് ആണോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഭൂട്ടാനെ സംബന്ധിച്ചടത്തോളം, യാത്ര ചെയ്യാന്‍ ഏറ്റവും മികച്ച സമയമാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍. ഈ സമയത്ത് ഭൂട്ടാനിലെ കാലാവസ്ഥ ഏറ്റവും സുഖകരമാണ് , തെളിഞ്ഞ ആകാശവും മനോഹരമായ താഴ്വരകള്‍ നിറയെ വര്‍ണ്ണാഭമായ വസന്തകാല പുഷ്പങ്ങളുടെ കാഴ്ചയുമെല്ലാം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. പാരോ, തിംഫു, പുനഖ, ഫോബ്‌ജിഖ താഴ്‌വര, മോംഗാർ തുടങ്ങി രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എല്ലാം തന്നെ ഈ സമയത്ത് തിരക്കേറിയതാണ്.
ഹിമാലയത്തിന്‍റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഭൂട്ടാന്‍ പ്രകൃതിസൗന്ദര്യത്താല്‍ സമ്പന്നമാണ്. ഭൂട്ടാന്‍ എന്ന രാജ്യത്തിന്‍റെ എല്ലാ അംശങ്ങളും ഉള്‍ക്കൊള്ളുന്ന പ്രദേശമാണ് ഫ്യുവെന്‍ഷോലിങ്ങ്. വൃത്തിയുള്ള സ്ഥലങ്ങൾ, മികച്ച ട്രാഫിക് സംവിധാനം, ചിട്ടയായ വീടുകളും കടകളും, എപ്പോഴും പുഞ്ചിരി തൂകുന്ന ആളുകള്‍ എന്നിവ ഇവിടത്തെ പ്രത്യേകതകളാണ്. ഒരു ദിവസം കൊണ്ട് ഈ പ്രദേശം മുഴുവനായും കാണാം. കാർബണ്ടി മൊണാസ്ട്രിയാണ് ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രം. ബംഗാൾ സമതലങ്ങളുടെയും ഫ്യുവെന്‍ഷോലിങ്ങ് പട്ടണത്തിന്‍റെയും മനോഹരമായ കാഴ്ച ഇവിടെനിന്നാൽ ലഭിക്കും.
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വീസയില്ലാതെ സന്ദർശിക്കാവുന്ന രാജ്യമായതിനാല്‍ വര്‍ഷംതോറും ഒട്ടേറെ ഇന്ത്യന്‍ സഞ്ചാരികള്‍ ഭൂട്ടാന്‍ സന്ദര്‍ശിക്കാറുണ്ട്. റോഡിലൂടെ യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് അവരുടെ സാധുവായ യാത്രാ രേഖകൾ ഭൂട്ടാൻ റോയൽ ഗവൺമെന്റിന്‍റെ ഫ്യൂൻഷോലിങ്ങിലുള്ള ഇമിഗ്രേഷൻ ഓഫീസിൽ ഹാജരാക്കി 'എൻട്രി പെർമിറ്റ്' നേടാനാവും.
English Summary: Deepika Padukone tours Bhutan