ADVERTISEMENT

ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാമായിരുന്ന റോഡപകടത്തിനു ശേഷമാണ് ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരം ശ്രീധന്യ യാത്രകൾ ചെയ്യാൻ തുടങ്ങിയത്. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ പൊലിഞ്ഞു പോയേക്കാവുന്ന ഈ ജീവിതത്തിൽ സാധ്യമാകുന്നിടത്തോളം യാത്ര ചെയ്യണമെന്ന തോന്നൽ ശക്തമാക്കാൻ ആ അപകടത്തിനു കഴിഞ്ഞു. അതിനു ശേഷം, ഒരു ഇടവേള കിട്ടിയാൽ ഒറ്റയ്ക്കോ കുടുംബത്തിനൊപ്പമോ ശ്രീധന്യ യാത്ര ചെയ്യാറുണ്ട്.

യാത്ര പോയ ഓരോ സ്ഥലത്തെക്കുറിച്ചും ഓരോ ഓർമകളാണെന്ന് ശ്രീധന്യ പറയുന്നു. മംഗ്ലീഷ്, രക്ഷാധികാരി ബൈജു ഒപ്പ്, ഞാൻ സംവിധാനം ചെയ്യും തുടങ്ങി പ്രണയവിലാസം വരെ എത്തിനിൽക്കുന്ന സിനിമകളിലൂടെ ബിഗ് സ്ക്രീനിൽ ദീർഘകാലമായി ശ്രീധന്യയുണ്ടെങ്കിലും, പ്രേക്ഷകർക്കു പരിചയം സീരിയൽ കഥാപാത്രമാണ്. കുടുംബത്തിനൊപ്പം മുംബൈയിൽ താമസമാക്കിയ ശ്രീധന്യ തന്റെ യാത്രാപ്രേമത്തെക്കുറിച്ചു മനസു തുറക്കുന്നു. 

വിവാഹത്തോടെ തുടങ്ങിയ യാത്രകൾ

പാലക്കാടാണ് എന്റെ സ്ഥലം. കുട്ടിക്കാലത്തെ യാത്ര പരമാവധി തമിഴ്നാട്ടിലെ കൂന്നൂർ വരെയാണ്. അവിടെ എന്റെ അങ്കിൾ ഉണ്ടായിരുന്നു. അദ്ദേഹത്തെ കാണാൻ പോകുന്നതായിരുന്നു വലിയ യാത്ര. അല്ലാതെ യാത്രയ്ക്കു വേണ്ടി യാത്ര ചെയ്യാറില്ലായിരുന്നു. വിവാഹത്തിനു മുമ്പ് എന്നെ അച്ഛൻ എങ്ങോട്ടും ഒറ്റയ്ക്ക് വിടില്ലായിരുന്നു. എനിക്ക് ആഗ്രഹം ഉണ്ടെങ്കിൽ പോലും അച്ഛൻ സമ്മതിക്കില്ല. ഹോസ്റ്റലിൽ അച്ഛൻ വന്ന് എന്നെ നേരെ വീട്ടിലേക്കു കൊണ്ടു പോകും. എന്നാൽ, വിവാഹത്തിനു ശേഷം ഭർത്താവ് എന്നെ ഒറ്റയ്ക്ക് യാത്ര ചെയ്യിപ്പിച്ചു. 'ദർശൻ' എന്നൊരു എൻജിഒയിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ശരിക്കും ഒറ്റയ്ക്കുള്ള യാത്രകൾ ചെയ്തു തുടങ്ങുന്നത്. ഒറ്റയ്ക്കുള്ള യാത്രകൾ ആത്മവിശ്വാസം വർധിപ്പിക്കും. 

sreedhanya-travel6

ഒറ്റയ്ക്കു യാത്ര ചെയ്തു തുടങ്ങിയ സമയത്ത് ഞാനെന്റെ ലുക്ക് തന്നെ മാറ്റിയായിരുന്നു യാത്ര. പരമാവധി ജൻഡർ ന്യൂട്രൽ വസ്ത്രങ്ങൾ ധരിക്കും. ഒറ്റ നോട്ടത്തിൽ ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ പറ്റില്ല. ജാക്കറ്റോ വലിയ കുർത്തയോ ഒക്കെ ധരിച്ച് ഫെമിനിനിറ്റി പരാമവധി കളയും. കാരണം, പലപ്പോഴും 'ഫെമിനിനിറ്റി' എന്നു പറയുന്നത് നമ്മുടെ വൾനറബിലിറ്റിയായി പലർക്കും തോന്നും.

Sreedhanya2

 

മറ്റുള്ളവർ നമ്മളോട് പെരുമാറുന്നത് കാണുമ്പോഴാണ് അതു തോന്നുക. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ വേറെ ഒരു ഔട്ട്ലുക്കിലാകും എന്റെ യാത്ര. എന്നെ എനിക്ക് സംരക്ഷിക്കാൻ പറ്റും. അല്ലെങ്കിൽ, എനിക്ക് സംരക്ഷണം നൽകാൻ ഞാനെ ഉള്ളൂ എന്നൊരു ചിന്തയിലാകും യാത്ര ചെയ്യുക. സ്ത്രീകൾ ആയോധനകലകൾ പഠിച്ചിരിക്കുന്നത് നല്ലതാണെന്നു തോന്നിയിട്ടുണ്ട്. ആരും ആക്രമിക്കാൻ വന്നിട്ടല്ല. അത് നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കും. 

sreedhanya-travel2

ഇപ്പോഴില്ലെങ്കിൽ ഇനിയില്ല

sreedhanya-travel4

2013ൽ എനിക്ക് വലിയ ഒരു അപകടം സംഭവിച്ചു. അത്യാവശ്യം വലിയ റോഡപകടം ആയിരുന്നു അത്. ഞാൻ സഞ്ചരിച്ചിരുന്ന കാർ ഒരു ലോറിയിൽ ഇടിച്ചു. പാലക്കാട് വച്ചായിരുന്നു അപകടം. കാർ ടോട്ടൽ ലോസ് ആയി. ആ അപകടത്തിൽ നിന്നു ജീവനോടെ രക്ഷപ്പെട്ടതിനു ശേഷം ബാക്കിയുള്ള ജീവിതം ഒരു ബോണസ് പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്തോ ദൈവാനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടു. അതിനുശേഷമാണ് എങ്ങോട്ടെങ്കിലും യാത്ര പോകണമെന്ന തോന്നൽ എന്റെ തലയിൽ കേറിയത്.

Sreedhanya1

പരാമവധി യാത്ര ചെയ്ത്, കുറെ സ്ഥലങ്ങൾ കാണണം... കുറെ മനുഷ്യരെ കാണണം എന്നൊക്കെ തോന്നാൻ തുടങ്ങി. ആ അപകടത്തിന്റെ പരിക്ക് പൂർണമായി ഭേദമാകുന്നതിനു മുമ്പെ ഞാൻ യാത്ര ചെയ്യാൻ തുടങ്ങി. ആ സമയത്ത്, എനിക്ക് ശരിക്കും നടക്കാൻ പോലും ആയിട്ടില്ല. ചെറിയ ഞൊണ്ടലൊക്കെയുണ്ട്. എന്നാലും, സിംഗപ്പൂർ–മലേഷ്യ ബുക്ക് ചെയ്ത് യാത്ര ചെയ്തു തുടങ്ങി. അതായിരുന്നു തുടക്കം. അപ്പോഴാണ് തലച്ചോറിൽ ഒരു 'ട്രാവൽ ബഗ്' കേറിയതെന്നു പറയാം! 

മറക്കാനാകാത്ത ലക്ഷദ്വീപ് യാത്ര

trip1

യാത്ര പോയ ഓരോ സ്ഥലത്തും ഓരോ തരത്തിലുള്ള ഓർമകളാണ്. പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്റെ ഷൂട്ടിനു വേണ്ടി ലക്ഷദ്വീപിൽ പോയിരുന്നു.  അവിടെ ഒരു വീട്ടിലായിരുന്നു താമസം. ഞാനും എന്റെ അമ്മയായി അഭിനയിച്ച് പത്മാവതി റാവുവും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.

trip4

ദ്വീപ് എന്നു പറയുമ്പോൾ ചെറുതല്ലേ! അതു മൊത്തം ഞങ്ങൾ നടന്നു കണ്ടു. അവിടത്തെ മനുഷ്യർ... ഭക്ഷണം... എല്ലാം അറിഞ്ഞും അനുഭവിച്ചും കുറച്ചു ദിവസങ്ങൾ! വളരെ സ്നേഹമുള്ള മനുഷ്യരായിരുന്നു. അവിടത്തെ കുറെ പലഹാരങ്ങൾ അവർ ഉണ്ടാക്കി തരുമായിരുന്നു. അതെല്ലാം മറക്കാനാവാത്ത ഓർമകളാണ്. 

ലക്ഷദ്വീപിൽ പോയപ്പോഴാണ് ഞാൻ ആദ്യമായി സ്കൂബ  ഡൈവിങ് ചെയ്യുന്നത്. സത്യത്തിൽ എനിക്ക് മുങ്ങാൻ അറിയില്ല. അങ്ങനെ ആശങ്കപ്പെട്ടു നിൽക്കുമ്പോഴാണ് മനസിൽ 'സിന്ദഗി ന മിലേഗാ ദൊബാരാ' എന്ന ബോളിവുഡ് ചിത്രം തെളിഞ്ഞു വന്നത്. ഇപ്പോൾ ചെയ്തില്ലെങ്കിൽ ഇനി എനിക്ക് ചെയ്യാൻ പറ്റില്ല എന്നു തോന്നി.

trip3

 

അപ്പോൾ തന്നെ ഞാൻ സ്കൂബ ഡൈവിങ്ങിന് ഇറങ്ങി. അതൊരു വല്ലാത്ത അനുഭവം ആയിരുന്നു. വെള്ളത്തിലേക്ക് ചാടി ഞാൻ താഴെ ചെന്നു നോക്കുമ്പോഴാണ് വിസ്മയിപ്പിക്കുന്ന കാഴ്ച കണ്ടത്. അവതാർ സിനിമ കാണുന്ന ഫീലായിരുന്നു എനിക്ക്. എന്റെ പ്രതീക്ഷകൾക്കപ്പുറത്തായിരുന്നു ആ കാഴ്ച. ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചാണല്ലോ വെള്ളത്തിലേക്ക് എടുത്തു ചാടുന്നത്. കടലിന്റെ അടിയിലെ കാഴ്ച കണ്ട് ഞാൻ അന്തിച്ചു നിന്നു പോയി.

 

trip2

പെട്ടെന്ന് വായിൽ വെള്ളം കേറി. മുകളിൽ പോകണമെന്നു ഞാൻ ഇൻസ്ട്രക്ടറോടു പറഞ്ഞു. അങ്ങനെ മുകളിൽ പോയി. വെള്ളത്തിന് അടിയിലേക്കാണ് പോകുന്നതെന്ന് ഒന്നൂടെ സ്വയം ഓർമപ്പെടുത്തിയിട്ടാണ് പിന്നീട് അടിത്തട്ടിലേക്ക് അടുത്ത ‍ഡൈവ് എടുത്തത്. കൂടുതൽ സമയം അടിത്തട്ടിൽ ചെലവഴിച്ചതിനു ശേഷമാണ് പിന്നെ മുകളിലേക്കു കയറിയത്. ലക്ഷദ്വീപിലെ സ്കൂബാ ഡൈവിങ് എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. അതു കഴിഞ്ഞ് തിരിച്ച് മുംബൈയിൽ എത്തിയതിനു ശേഷം ഞാൻ‌ നീന്തൽ പഠിക്കാൻ തീരുമാനിച്ചു. 

ഭൂട്ടാനിലേക്ക് സോളോ ട്രിപ്പ്

സോളോ ട്രിപ്പ് പോയിട്ടുള്ളത് ഭൂട്ടാനിലേക്കാണ്. ഭൂട്ടാനിൽ എന്താണ് കണ്ടത് എന്നു ചോദിച്ചാൽ എനിക്കൊരു ഉത്തരമേയുള്ളൂ; അവിടത്തെ മനുഷ്യർ! എന്തൊരു സ്നേഹമുള്ള മനുഷ്യരാണവർ! അവർ അവരുടെ ജീവിതത്തിൽ തൃപ്തരാണ്. സന്തോഷത്തിന്റെ (Happiness Index) പേരിലാണല്ലോ ഭൂട്ടാൻ പ്രശസ്തമായിട്ടുള്ളത്. ശരിക്കും സന്തോഷമുള്ള മനുഷ്യരെ അവിടെ കാണാം. ഞാൻ അവിടത്തെ മൊണാസ്ട്രികൾ സന്ദർശിച്ചു. ട്രക്കിങ്ങിനു പോയി. ഒരിക്കലും അവിടെ നമ്മൾ ശാരീരികമായി തളരില്ല. പരിസ്ഥിതി മലിനീകരണം അധികം സംഭവിക്കാത്ത ഇടമാണല്ലോ ഭൂട്ടാൻ. പിന്നെ, എവിടെയെങ്കിലും എന്തെങ്കിലും വച്ചു മറന്നാൽ പേടിക്കണ്ട. അത് അവിടെ തന്നെയുണ്ടാകും. 

അതൊന്നും ആരും എടുത്തുകൊണ്ടു പോകില്ല. പോയി വന്നിട്ട് ഇനിയും പോകണമെന്നു തോന്നിയിട്ടുള്ള ഒരേയൊരു സ്ഥലമേയുള്ളൂ. അതു ഭൂട്ടാൻ ആണ്. അടുത്ത ഒരു യാത്ര ഞാൻ പ്ലാൻ ചെയ്യുകയാണെങ്കിൽ ഉറപ്പായും അതു ഭൂട്ടാൻ ആകും.  ഏതു സ്ഥലത്തു പോയാലും അവിടത്തെ ഭക്ഷണം ട്രൈ ചെയ്തു നോക്കാറുണ്ട്. എല്ലാത്തിനും അതിന്റേതായ രുചിയും ഫീലും ഉണ്ടാകും. ഭൂട്ടാനിൽ നിന്ന് ചീസ് ചില്ലി കറി കഴിച്ചിരുന്നു. അപാര രുചിയാണ് അതിന്. തായ്‍ലൻഡിൽ നിന്നു കഴിച്ച മാങ്കോ സ്റ്റിക്കി റൈസും അതുപോലെ എനിക്കു പ്രിയപ്പെട്ടതാണ്. തുർക്കിയിൽ പോയപ്പോൾ ഇഷ്ടപ്പെട്ടത് അവിടത്തെ സ്വീറ്റ്സ് ആണ്. പല തരം സ്വീറ്റ്സ്. അവിടത്തെ ഭക്ഷണവും സൂപ്പറായിരുന്നു. കുറച്ചു ബുദ്ധിമുട്ടായി തോന്നിയത് സിംഗപ്പൂർ–മലേഷ്യയിലെ ഭക്ഷണമായിരുന്നു. ഞങ്ങൾ അവിടെ പോയപ്പോൾ ലിറ്റിൽ ഇന്ത്യ അന്വേഷിച്ചു നടക്കുകയായിരുന്നു. വേറെ സ്ഥലങ്ങളിൽ പോയപ്പോഴൊന്നും ഇത്രയും പ്രശ്നം തോന്നിയിട്ടില്ല. 

സ്വസ്ഥമായിരിക്കാൻ മോഹം

ബക്കറ്റ് ലിസ്റ്റിൽ അധികമൊന്നുമില്ല. ബുള്ളറ്റ് ഓടിക്കാൻ പഠിക്കണം. ഭൂട്ടാനിൽ ഇനിയും പോകണം. ഇതുവരെ പോയതിൽ വച്ചേറ്റവും പ്രിയപ്പെട്ട സ്ഥലം ഭൂട്ടാൻ തന്നെയാണ്. അവിടേക്ക് വീണ്ടും പോകണമെന്ന ആഗ്രഹം വളരെ ശക്തമായി തന്നെയുണ്ട്. അതു മാറ്റി വച്ചാൽ, ഇപ്പോഴത്തെ എന്റെ ആഗ്രഹം മുംബൈയിലെ വീട്ടിൽ പോയി കുടുംബത്തിനൊപ്പം കുറച്ചു സമയം ചെലവഴിക്കണം എന്നുള്ളതാണ്. സന്തോഷമായി എല്ലാവരുടെയും കൂടെ കുറച്ചു നാളുകൾ ഇരിക്കണം. ഉറങ്ങണം. അതാണ് ഇപ്പോഴത്തെ വലിയ ആഗ്രഹം. 

English Summary: memorable travel experience by Sreedhanya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com