ഭൂമിയിലെ സ്വര്‍ഗം ഇവിടെയാണ്‌; ചിത്രങ്ങൾ പങ്കിട്ട് പ്രിയ വാര്യര്‍

priya
Image Source: Instagram-Priya Prakash Varrier
SHARE

മാലദ്വീപില്‍ നിന്നും അടിപൊളി ചിത്രങ്ങളുമായി പ്രിയ വാര്യര്‍. റിസോര്‍ട്ടിലെ നീലക്കടലിനരികില്‍ ഇരിക്കുന്ന ചിത്രങ്ങളാണ് പ്രിയ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ടോപ്പും ഷോര്‍ട്ട്സുമണിഞ്ഞ്‌ ക്യാമറയിലേക്ക് നോക്കി ഇരിക്കുകയാണ് പ്രിയ ചിത്രത്തില്‍. മാലദ്വീപിലെ ദിഗാലി റിസോര്‍ട്ടില്‍ നിന്നാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. 

ഭൂമിയിലെ സ്വർഗം ഇങ്ങനെയാണെന്നും ഇവിടുത്തെ കാഴ്ചകൾ മനോഹരമായ അനുഭവമാണെന്നും പങ്കുവച്ച ചിത്രത്തിനൊപ്പം പ്രിയ കുറിച്ചിട്ടുണ്ട്. ഒഴിവ് കിട്ടിയാൽ ഒറ്റയ്ക്കും കൂട്ടുകാർക്കൊപ്പവും കുടുംബവുമൊത്തുമെല്ലാം യാത്രകൾ നടത്താറുണ്ട് പ്രിയ. കടലെന്നോ മലയെന്നോ വ്യത്യാസമില്ലാതെ എല്ലാ യാത്രകളും ആസ്വദിക്കുന്ന ആളാണെങ്കിലും പ്രിയയ്ക്കു കടലിനോടു കുറച്ചധികം ഇഷ്ടമാണ്. 

വർക്കലയിലും ശ്രീലങ്കയിലും തായ്‌ലൻഡിലുമെല്ലാം കടലിന്റെ ആഴങ്ങളറിഞ്ഞുള്ള യാത്ര ചെയ്തിട്ടുണ്ട് പ്രിയ. കടലെന്താ ഇത്ര ഇഷ്ടം എന്നു ചോദിച്ചാൽ അതിന്റെ ഉത്തരം പ്രിയയ്ക്കുമറിയില്ല. പക്ഷേ ഷൂട്ടിനിടയിൽ ചെറിയ ഒരു ഇടവേള കിട്ടിയാൽ പോലും കടൽ കാണാൻ പോകുന്ന ആളാണ് പ്രിയ. തിര കാണാനും നനയാനും അത്രമേൽ ഇഷ്ടമാണെന്നും മനോരമ ഒാൺലൈനിനു നൽകിയ അഭിമുഖത്തിൽ പ്രിയ പറയുന്നുണ്ട്. ഇപ്പോഴിതാ മാലദ്വീപിന്റെ മനോഹാരിതയിലേക്കാണ് താരം പറന്നെത്തിയിരിക്കുന്നത്.

മാലദ്വീപിന്‍റെ വടക്കൻ ഭാഗത്തുള്ള റാ അറ്റോളിന്‍റെ ഭാഗമായ ദിഗാലി ദ്വീപിലാണ് ദിഗാലി മാലദ്വീപ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. തലസ്ഥാന നഗരമായ മാലെയിൽ നിന്ന് സീപ്ലെയിനില്‍ 45 മിനിറ്റ് മാത്രം അകലെയാണ് ഈ ദ്വീപ്. സമൃദ്ധമായ പച്ചപ്പിന് നടുവിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്, പരമ്പരാഗത മാലദ്വീപ് വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനും അതുല്യമായ അനുഭവങ്ങളും റിസോര്‍ട്ടിനെ സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.

ബീച്ച് ബംഗ്ലാവുകൾ മുതൽ ഓവർവാട്ടർ വില്ലകൾ വരെയുള്ള താമസസൗകര്യങ്ങള്‍ ഇവിടെയുണ്ട്. ബീച്ചിൽ നിന്ന് ഏതാനും ചുവടുകൾ മാത്രം അകലെയാണ് ബീച്ച് ബംഗ്ലാവുകൾ സ്ഥിതി ചെയ്യുന്നത്, താമസക്കാര്‍ക്ക് തിരമാലകളുടെ ശബ്ദം കേട്ട് ഉണരാം. ഓവര്‍വാട്ടർ വില്ലകളില്‍ ലഗൂണിന്‍റെ അതിശയകരമായ കാഴ്ചകൾ ആസ്വദിക്കാം. ഇവയില്‍ സ്വകാര്യഡെക്കുകളും ക്രമീകരിച്ചിരിക്കുന്നു.  റിസോർട്ടിന്‍റെ ഡൈനിംഗ് ഓപ്ഷനുകളും ആകർഷകമാണ്. അന്താരാഷ്‌ട്ര വിഭവങ്ങൾ വിളമ്പുന്ന പ്രധാന റെസ്റ്റോറന്റാണ് കേപ്പേഴ്‌സ്. മിഡിൽ ഈസ്റ്റേൺ വിഭവങ്ങള്‍ക്കായി ഓവർവാട്ടർ റെസ്റ്റോറന്റായ ബട്ടൂട്ട, പലതരം കോക്ക്ടെയിലുകൾ വിളമ്പുന്ന ബീച്ച് ഫ്രണ്ട് ബാറായ ഫാരു, ഏഷ്യൻ ഫ്യൂഷൻ റെസ്റ്റോറന്റായ ജെയ്ഡ് എന്നിവയെല്ലാം തനതായ രുചികളുടെ ലോകത്തേക്ക് സന്ദര്‍ശകരെ കൊണ്ടുപോകുന്നു. 

ഒട്ടേറെ വിനോദങ്ങള്‍ക്കും റിസോര്‍ട്ടില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. സമുദ്രത്തെ അഭിമുഖീകരിക്കുന്ന ഒരു വലിയ ഇൻഫിനിറ്റി പൂൾ, ഒരു ഫിറ്റ്നസ് സെന്റർ, ഒരു സ്പാ എന്നിവയുണ്ട്. അതിഥികൾക്ക് സ്‌നോർക്കെലിംഗ്, ഡൈവിംഗ്, സർഫിംഗ് തുടങ്ങിയ വിവിധ ജല കായിക വിനോദങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യമുണ്ട്. പ്രകൃതിക്ക് പരമാവധി കോട്ടം തട്ടാത്ത രീതിയിലാണ് റിസോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍. സുസ്ഥിര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി സിംഗിൾ യൂസ് പ്ലാസ്റ്റിക് നിരോധനം, പവിഴപ്പുറ്റുകളുടെ പുനരുദ്ധാരണ പരിപാടി, സൗരോർജ്ജ ഉപയോഗം തുടങ്ങിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളും ഈ റിസോര്‍ട്ടിന്‍റെ പ്രത്യേകതയാണ്.

English Summary: Priya Prakash Varrier Enjoy Holiday in Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA