ADVERTISEMENT

റിയാദില്‍ അവധിക്കാലം ആഘോഷിച്ച്, അർജന്റീനിയൻ ഫുട്ബോൾ ഐക്കൺ ലയണൽ മെസ്സിയും കുടുംബവും. സൗദിയിൽ മെസ്സിയുടെ രണ്ടാം അവധിക്കാലമാണിത്. കഴിഞ്ഞ വർഷം സുഹൃത്തുക്കളോടൊപ്പം മെസ്സി ജിദ്ദ സന്ദർശിച്ചിരുന്നു. മെസ്സിയുടെയും കുടുംബത്തിന്‍റെയും വെക്കേഷന്‍ ചിത്രങ്ങള്‍ സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് ട്വീറ്റ് ചെയ്തു. സൗദി ടൂറിസം അംബാസഡര്‍ കൂടിയാണ് മെസ്സി.

ആദ്യ ദിവസം ഒരു സൗദി ഫാമിലാണ് മെസ്സിയും കുടുംബവും ചിലവഴിച്ചത്. സൗദിയിലെ സമൃദ്ധിയുടെ പ്രതീകമായ ഈന്തപ്പനകളുടെ പശ്ചാത്തലത്തിൽ ഈന്തപ്പന നെയ്ത്ത് കാണുന്ന കുടുംബചിത്രമുണ്ട്. മെസ്സിയും മക്കളും കൂടി ഒരു അറേബ്യൻ ഗസലിന് ഭക്ഷണം നൽകുന്നതും ചിത്രത്തില്‍ കാണാം. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ദിരിയ പട്ടണത്തിലേക്കുള്ള സന്ദർശനവും യാത്രയിൽ ഉൾപ്പെടുന്നു. 

messi1
Image Source: Twitter

സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു ചരിത്ര നഗരമാണ് ദിരിയ. സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ള പ്രദേശമാണിത്. ആദ്യത്തെ സൗദി രാഷ്ട്രത്തിന്‍റെ ജന്മസ്ഥലവും സൗദി രാജകുടുംബത്തിന്‍റെ ഭവനവുമാണ് ഇവിടം. പരമ്പരാഗത നജ്ദി ശൈലിയിലുള്ള വാസ്തുവിദ്യ, പ്രദേശത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന്‍റെ തെളിവാണ്. ദിരിയയിലെ പല പുരാതന കെട്ടിടങ്ങളും പുനഃസ്ഥാപിക്കുകയും മ്യൂസിയങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവയായി മാറ്റുകയും ചെയ്തിട്ടുണ്ട്. 

ആദ്യത്തെ സൗദി രാഷ്ട്രത്തിന്‍റെ സ്ഥാപകനായ ഇമാം മുഹമ്മദ് ബിൻ സൗദിന്‍റെ കൊട്ടാരം ഉൾപ്പെടെയുള്ള കാഴ്ചകള്‍ നിറഞ്ഞ അത്-തുറൈഫ് ജില്ല, ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൽ അസീസ് രാജാവിന്‍റെ വസതിയായിരുന്ന സാൽവ കൊട്ടാരം, നഗരത്തിന്‍റെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകം പ്രദർശിപ്പിക്കുന്ന ദിരിയ മ്യൂസിയം, പരമ്പരാഗത മാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, വിനോദ വേദികൾ എന്നിവ നിറഞ്ഞ അൽ ബുജൈരി ഹെറിറ്റേജ് പാർക്ക്, വന്യജീവികളുടെ സങ്കേതവും കാൽനടയാത്രയ്ക്കും പിക്‌നിക്കിംഗിനും പറ്റിയ സ്ഥലവുമായ വാദി ഹനീഫ താഴ്‍‍‍വര എന്നിവയാണ് ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍.

കൂടാതെ, സൗദിയുടെ ഭാവി വാഗ്ദാനമായ വിഐഎ റിയാദും മെസ്സി സന്ദര്‍ശിക്കുകയുണ്ടായി. ആഗോളതലത്തിൽ പ്രശസ്തമായ സെന്‍റ് റെജിസ് ഹോട്ടൽ മുതൽ മികച്ച ഡിസൈനർമാരുടെ ബ്രാൻഡ് സ്റ്റോറുകൾ, മികച്ച നിലവാരമുള്ള റെസ്റ്റോറന്റുകൾ തുടങ്ങിയവയെല്ലാം ഒത്തുചേരുന്ന വിഐഎ റിയാദ്, അൽ ഹദയിലാണ് സ്ഥിതിചെയ്യുന്നത്.

English Summary: Messi visits UNESCO World Heritage Site in Saudi Arabia’s Diriyah, explores Boulevard Riyadh City

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com