കടലിനോടു കിന്നാരം പറയുക, തിരയുടെ തലോടലേറ്റ് കടല്‍ത്തീരത്തു വെറുതെ നടക്കുക, രാത്രികളില്‍ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി പുഞ്ചിരിക്കുക, നൈറ്റ് ഡ്രൈവ് പോകുക അങ്ങനെ സാധികയുടെ ഇഷ്ടങ്ങളുടെ ലിസ്റ്റ് ഡ്രീം ഡെസ്റ്റിനേഷനുകള്‍ പോലെ നീണ്ടതാണ്. നിരവധി പ്ലാനുകളിട്ട് പലതും നടക്കാതെ പോയ ഒരു പാവം യാത്രാപ്രേമിയാണ് താനെന്ന് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം സജീവമായ താരങ്ങളില്‍ ഒരാളാണ് സാധിക. തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകർക്കായി സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുമുണ്ട്. അഭിനയം പോലെ കാഴ്ചകൾ തേടിയുള്ള യാത്രകളും സാധികയുടെ ഇഷ്ടങ്ങളിലൊന്നാണ്. ഇഷ്ടപ്പെട്ട യാത്രകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ സാധിക മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുകയാണ്.
ഞാനൊരു രാത്രി ജീവിയാണ്, പക്ഷേ....
ഞാന്‍ എന്നെ വിളിക്കുന്നത് രാത്രി ജിവിയെന്നാണ്. ജോലിയുടെ ആവശ്യത്തിനായി മാസത്തില്‍ പലവട്ടം മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു ഒക്കെ പോകാറുണ്ട്. സത്യം പറഞ്ഞാല്‍ ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ചകള്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ല. കാരണം ഷൂട്ട് സമയം ഷെഡ്യൂള്‍ ചെയ്താണല്ലോ നമ്മള്‍ പോകുന്നത്. പലപ്പോഴും അതുകഴിയുമ്പോള്‍ ഒന്നിനും സമയം കിട്ടാറില്ല. പിന്നെ ഫ്രീയാകുന്നത് രാത്രിയായിരിക്കും. ഒരർഥത്തില്‍ അത് നല്ലതുമാണ്. കാരണം എനിക്ക് ഏറ്റവും ഇഷ്ടം രാത്രിയാണ്. മുംബൈയിലെത്തിയാല്‍ മറൈന്‍ഡ്രൈവിൽ പോകും. രാത്രിയിലും എന്തൊരു ഭംഗിയാണെന്നോ അവിടം. നക്ഷത്രങ്ങള്‍പോലെ ലൈറ്റുകളും മറ്റും തെളിഞ്ഞുനില്‍ക്കുന്ന മറൈൻഡ്രൈവിന്റെ നടപ്പാതയിലൂടെ വെറുതെ കാറ്റുകൊണ്ട് നടക്കാന്‍ നല്ല രസമാണ്.

കൊച്ചിയിലെ മറൈന്‍ഡ്രൈവില്‍ കിട്ടാത്തത് ഈ രസമാണ്. നമ്മുടെ നാട്ടില്‍ രാത്രീജിവിതം ഇല്ലെന്ന് തന്നെ പറയാം. പത്തുമണിക്കു ശേഷം പൊതുവിടങ്ങളില്‍ ചെന്നിരിക്കാനോ സ്വാതന്ത്ര്യത്തോടെ നടക്കാനോ ഇന്നും പറ്റാറില്ല. ഒരു നൂറു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടിവരും. ഞാന്‍ പൊതുവേ ഇത്തരം പ്രകോപിപ്പിക്കുന്ന കാര്യങ്ങള്‍ക്കു തലവച്ച് കൊടുക്കാറില്ല. പക്ഷേ നൈറ്റ് ലൈഫ് ആസ്വദിക്കാന്‍ ഏറ്റവും മികച്ചത് മുംബൈ മറൈന്‍ഡ്രൈവ് തന്നെ.
സൗദിയില്‍നിന്ന് പോണ്ടിച്ചേരിയിലേക്ക്
എന്റെ ട്രാവല്‍പ്ലാനുകളൊക്കെ മിക്കവാറും പൊളിഞ്ഞു പോകാറുണ്ട്. പല വന്‍ പ്ലാനുകളും ചെയ്തിട്ടുണ്ടെങ്കിലും പരാജയമായിരുന്നു ഫലം. ഈ പോണ്ടിച്ചേരി ട്രിപ്പും അങ്ങനെ മാറേണ്ടതായിരുന്നു. സൗദിയില്‍ ഷൂട്ടിനു പോയി മടങ്ങുംനേരമാണ് കുറേനാളായി മനസ്സിലിങ്ങനെ കിടക്കുന്ന പോണ്ടിച്ചേരി വീണ്ടും തെളിഞ്ഞത്. സൗദിയില്‍നിന്നു നേരേ ചെന്നൈയിലെത്തി. അവിടെ സുഹൃത്തുക്കളുണ്ട്. കൂടെ വരുന്നവര്‍ക്ക് പോരാം, ഞാന്‍ എന്തായാലും പോണ്ടിച്ചേരിയിൽ പോകാന്‍ തീരുമാനിച്ചുവെന്നു പറഞ്ഞ് പെട്ടെന്ന് ഇറങ്ങുകയായിരുന്നു.ആദ്യം പോണ്ടിച്ചേരി ബീച്ച് സൈഡില്‍ താമസസൗകര്യം അന്വേഷിച്ചെങ്കിലും കിട്ടിയില്ല. പിന്നെ പോണ്ടിയില്‍നിന്ന് 6 കിലോമീറ്റര്‍ മാറി ഒരു റിസോര്‍ട്ടില്‍ റൂമെടുത്തു. അവിടെയായിരുന്നു രണ്ട് ദിവസം. പക്ഷേ ശരിക്കും ആ യാത്രയുടെ സുഖമറിഞ്ഞത് നഗരവീഥികളിലേക്ക് ഇറങ്ങിയപ്പോഴാണ്.

ഞാനവിടെ ഏറ്റവുമധികം ആസ്വദിച്ചത് സ്വാതന്ത്ര്യം തന്നെയാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം. യാതൊരു മുന്‍വിധിയുമില്ലാതെ, നമ്മള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ ചോദ്യങ്ങളും നോട്ടങ്ങളും നേരിടാതെ യഥേഷ്ടം നടക്കാം. എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ് വസ്ത്രധാരണം. യാത്രകളില്‍ ഞാന്‍ ധരിക്കാറുള്ളത് കംഫര്‍ട്ടബിളായിട്ടുള്ളവയായിരിക്കും. അതു ചിലര്‍ക്ക് അണ്‍കംഫര്‍ട്ടബിള്‍ ആയിരിക്കും. പോണ്ടിച്ചേരിയിലൂടെ യാത്ര ചെയ്തപ്പോഴാണ് വസ്ത്രധാരണം എന്നത് ഒരു സാധാരണ കാര്യം മാത്രമാണെന്നും ഓരോരുത്തരും നോക്കിക്കാണുന്ന രീതികള്‍ക്കാണ് പ്രശ്‌നമെന്നും വീണ്ടും മനസ്സിലാക്കാന്‍ സാധിച്ചത്.

അഞ്ചു ദിവസം ഞാന്‍ അവിടെയുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ എക്‌സ്പ്ലോർ ചെയ്ത കാര്യം ഭക്ഷണം തന്നെയാകും. വ്യത്യസ്ത രുചികള്‍ പരീക്ഷിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഫ്രഞ്ച് കൊളോണിയല്‍ കോളനി എന്നതിനപ്പുറം ഒരു പൈതൃകയിടം കൂടിയാണല്ലോ പോണ്ടിച്ചേരി. വെള്ളപൂശീയ നഗരവീഥികള്‍, മഞ്ഞനിറത്തിലെ മതിലുകളില്‍ പല വര്‍ണങ്ങളിലെ ബോഗന്‍വില്ലകള്‍ നിറഞ്ഞ കാഴ്ച ഏതൊരു സഞ്ചാരിയുടെയും മനം നിറയ്ക്കും. ഈയടുത്ത് ഞാന്‍ ചെയ്ത ഓര്‍ത്തിരിക്കുന്നൊരു യാത്ര തന്നെയാണ് പോണ്ടിച്ചേരി ട്രിപ്പ്. വലിയ പ്ലാനൊന്നുമില്ലാതെ പെട്ടെന്നു പോകുന്ന യാത്രകളാകും മിക്കപ്പോഴും അടിപൊളിയാവുക.

ആളുകളുടെ 'എക്‌സ്‌പെക്‌റ്റേഷനുകള്‍ ' ബ്രേക്ക് ചെയ്യാനെനിക്ക് ഇഷ്ടമാണ്. മറ്റുള്ളവര്‍ എന്നില്‍നിന്ന് എന്താണു പ്രതീക്ഷിക്കുന്നതെന്ന് ഞാന്‍ ഒരിക്കലും ചിന്തിക്കാറില്ല. വേറൊരാളുടെ പ്രതീക്ഷയ്‌ക്കൊത്തല്ലല്ലോ നമ്മള്‍ ജീവിക്കേണ്ടത്. ഒരു സംഭവം പറയാം. ഈയടുത്ത് മാലദ്വീപില്‍ പോയിരുന്നു. ആദ്യമായിട്ടാണ് പോകുന്നത്. മാലദ്വീപ് എന്നുപറയുമ്പോള്‍ തന്നെ മിക്കവരുടേയും മനസ്സിലേക്ക് കടന്നുവരുന്ന ചിത്രം ബിക്കിനിയിട്ടുനില്‍ക്കുന്നതാകും. കാരണം ബീച്ചായാല്‍ ബിക്കിനി നിര്‍ബന്ധമാണ് എന്നൊരു വെപ്പുണ്ടല്ലോ നമ്മുടെ സമൂഹത്തില്‍.

ആ യാത്രയ്ക്കിടെ ഞാന്‍ ഷെയര്‍ ചെയ്‌തൊരു ചിത്രം ട്രോളുകാരടക്കം ഏറ്റെടുത്തിരുന്നു. അതായത് മാലദ്വീപിലെ മനോഹരമായ ബീച്ചില്‍ ഞാന്‍ ബിക്കിനിക്കു പകരം സാരിയുടുത്തുനില്‍ക്കുന്നു. ആ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകള്‍ ശ്രദ്ധിച്ചാലറിയാം നമ്മുടെ നാട്ടിലെ ആളുകളുടെ മനോനില. പലരും ഞാനെന്തുകൊണ്ട് ബിക്കിനിയിട്ടില്ല എന്നുചോദിക്കുന്നുണ്ടായിരുന്നു. അവിടെയാണ് ഞാന്‍ അവരുടെ പ്രതീക്ഷകള്‍ ബ്രേക്ക് ചെയ്തത്.

ഇതുപോലെ സൗദിയില്‍ ചെന്നപ്പോഴും അവിടെനിന്നു പോരുമ്പോഴും എയര്‍പോര്‍ട്ടിലടക്കം അബായ ധരിച്ചിരുന്നു. അതും സംസാരവിഷയമായി. സൗദിയില്‍ നേരത്തേ സ്ത്രീകള്‍ക്ക് അബായ നിര്‍ബന്ധമായിരുന്നു. എന്നാലിന്ന് പല മാറ്റങ്ങളും ആ രാജ്യം കൊണ്ടുവന്നു. വസ്ത്രധാരണത്തില്‍ മാത്രമല്ല, രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യവും ഇപ്പോഴവിടെയുണ്ട്. പണ്ട് അവര്‍ നിര്‍ബന്ധിച്ചായിരുന്നു നമ്മളെക്കൊണ്ട് അബായ ധരിപ്പിച്ചിരുന്നത്, എന്നാലിന്ന് അതിന്റെ ആവശ്യമില്ല, എന്നിട്ടും ഞാന്‍ അബായ ധരിച്ചപ്പോള്‍ കൂടെയുള്ളവരൊക്കെ ചോദിച്ചു ആവശ്യമില്ലാതിരുന്നിട്ടും എന്തിന് ധരിക്കുന്നുവെന്ന്. അതാണ് ഞാന്‍ പറഞ്ഞത് ആളുകളുടെ എക്‌സ്‌പെക്‌റ്റേഷനുകള്‍ ബ്രേക്ക് ചെയ്യാനെനിക്ക് ഇഷ്ടമാണെന്ന്.
ഗോവയും യൂറോപ്പുമാണ് എന്റെ ഡ്രീം
ഗോവയില്‍ പോകുകയെന്നത് ഒത്തിരി നാളായുള്ള ആഗ്രഹമാണ്. പലപ്പോഴും നടക്കാതെ പോയൊരു സ്വപ്‌നമാണത്. യൂറോപ്പ് മുഴുവന്‍, ഒറ്റയ്‌ക്കെങ്കില്‍ അങ്ങനെ, ചുറ്റിക്കറങ്ങാനും പദ്ധതിയുണ്ട്. സുഹൃത്തുക്കളൊക്കെ ഗോവയിൽ പോയിവന്ന് കഥ പറയുമ്പോഴൊക്കെ മനസ്സില്‍ കുറിച്ചിട്ടതാണ് ഗോവയുടെ ചിത്രം. അവിടെ അങ്ങനെ ചുമ്മാ പോകാനൊക്കില്ല. അത് ഞാന്‍ ശരിക്കും പ്ലാന്‍ ചെയ്തിരിക്കുന്നത് ഒരു റോഡ് ട്രിപ്പായാണ്. മാംഗളൂരുവിൽ പോയിട്ട് അവിടെ നിന്ന് മുരുഡേശ്വര്‍. അവിടെ നിന്ന് ഗോകര്‍ണ്ണം പിന്നെ കാർവാര്‍, ഗോവ അതാണ് പ്ലാൻ.

ഗോവ മുഴുവനും അലഞ്ഞുതിരിയണമെന്നാണെന്റെ ആഗ്രഹം. നേരത്തേ പറഞ്ഞല്ലോ കടൽ എനിക്ക് വല്ലാത്തൊരനുഭൂതിയാണ്. അത് ആവോളം ആസ്വദിക്കണം. പിന്നെയുള്ളത് യൂറോപ്പ് ട്രിപ്പാണ്. ഗ്രൂപ്പായിട്ടൊക്കെ വേണമെങ്കില്‍ പോകാം ഇപ്പോള്‍. പക്ഷേ അങ്ങനെ പോകുമ്പോള്‍ അവരുടെ പാക്കേജിനുള്ളില്‍ നമ്മള്‍ ഒതുങ്ങിപ്പോകും. എനിക്ക് താല്‍പര്യം എല്ലാ സ്ഥലങ്ങളും മതിവരുവോളം കണ്ട് യാത്ര ചെയ്യണമെന്നാണ്. എല്ലാം സ്വപ്‌നങ്ങളാണ്. കുന്നോളം സ്വപ്‌നം കണ്ടാല്ലല്ലേ കടുകോളം കിട്ടൂ... ഞാന്‍ ഒരു ഹിമാലയത്തോളം സ്വപ്‌നം കണ്ടുകൂട്ടിയിട്ടുണ്ട്.’’
English Summary: memorable travel experience by Sadhika Venugopal