ഭൂട്ടാന്‍ മൂന്നു രീതിയില്‍ കാണണം; നടി ആന്‍ഡ്രിയ പറഞ്ഞുതരും

Andrea-Jeremiah
Image Source: Andrea Jeremiah/Instagram
SHARE

മറുനാട്ടില്‍ നിന്ന് വന്ന്, മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ ആളാണ്‌ ആന്‍ഡ്രിയ ജെർമിയ. തന്‍റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും നടി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭൂട്ടാന്‍ യാത്രയുടെ മനോഹര ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്. ഒറ്റയ്ക്കുള്ള യാത്രയാണിത്. ഭൂട്ടാനിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. സന്തോഷത്തിന്റെ രാജ്യത്ത് എന്നു കുറിച്ചുകൊണ്ടുള്ള ചിത്രവുമുണ്ട്.

ഭൂട്ടാന്‍ മൂന്നു രീതിയില്‍ കാണണം

പങ്കുവച്ച ചിത്രത്തിനൊപ്പം ഭൂട്ടാന്‍ എങ്ങനെ സന്ദര്‍ശിക്കണം എന്നതിനെക്കുറിച്ച് മൂന്നു കാര്യങ്ങള്‍ ആന്‍ഡ്രിയ പറയുന്നുണ്ട്. മനോഹരമായ പ്രകൃതിദൃശ്യങ്ങളെല്ലാം ഉൾക്കൊള്ളുന്ന ദൃശ്യാനുഭവമാണ് ഈ ഹിമാലയൻ രാജ്യമായ ഭൂട്ടാന്‍ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. എന്നതാണ് കാഴ്ചയുടെ ആദ്യപടി. രണ്ടാമത്തേത് ട്രെക്കിങ്ങും ഹൈക്കിങ്ങും പോലെയുള്ള വിനോദങ്ങളും ഇവിടെ നടത്താം. കൂടാതെ ഇവിടെ എത്തിയാൽ ശുദ്ധവായു ശ്വസിക്കാം. മൂന്നാമത്തേത് ആത്മീയാനുഭവമാണ്. ബുദ്ധിസത്തിന്‍റെയും നിഗൂഢതയുടെയും നാടായ ഭൂട്ടാന്‍, സന്ദർശകരുടെ ഹൃദയം തുറക്കും.

ഭൂട്ടാനില്‍ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ടൈഗേഴ്സ് നെസ്റ്റ് എന്നറിയപ്പെടുന്ന പാറൊ തക്ത്സാങ് എന്ന പുണ്യക്ഷേത്രസമുച്ചയത്തില്‍ നിന്നെടുത്ത ഒരു ചിത്രവും കാണാം. ഭൂട്ടാനിലെ ടൈഗേഴ്സ് നെസ്റ്റ് എന്നറിയപ്പെടുന്ന തക്ത്സാങ് പാൽഫഗ് മൊണാസ്റ്ററിയെ സാധാരണയായി വിളിക്കപ്പെടുന്ന പേരാണ് പാറൊ തക്ത്സാങ്. ഹിമാലയൻ ബുദ്ധമതത്തിലെ ഒരു പ്രധാന പുണ്യസ്ഥലവും ക്ഷേത്രസമുച്ചയവുമാണിത്. ഭൂട്ടാനിലെ പാറൊ താഴ്‍‍വരയിലെ ഒരു മലഞ്ചരിവിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഭൂട്ടാനിൽ ബുദ്ധമതം സ്ഥാപിച്ചതായി കരുതപ്പെടുന്ന ഗുരു പദ്മസംഭവ, എട്ടാം നൂറ്റാണ്ടിൽ ധ്യാനിച്ചിരുന്ന ഇടമായാണ് വിശ്വസിക്കപ്പെടുന്നത്. തക്സങ് സെൻഗെ സംഡപ് എന്ന ഗുഹ സ്ഥിതിചെയ്യുന്ന സ്ഥലത്താണ് ക്ഷേത്രസമുച്ചയം. ഇദ്ദേഹം ധ്യാനിച്ചതായി കരുതപ്പെടുന്ന പതിമൂന്ന് കടുവമടകളിൽ ഏറ്റവും പ്രശസ്തമാണ് പാറൊ തക്ത്സാങ്. ഇവിടം സന്ദർശിച്ചത് വളരെ മാന്ത്രികമായ ഒരു അനുഭവമാണെന്നും ആൻഡ്രിയ പറയുന്നുണ്ട്.

ഭൂട്ടാനിലെ ഏറ്റവും മനോഹരമായ കോട്ടകളിലൊന്നാണ് പുനഖ സോംഗ്. രണ്ട് നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഭൂട്ടാനിലെ രണ്ടാമത്തെ ഏറ്റവും പഴക്കമേറിയതും വലുതുമായ സോംഗാണിത്, ജക്കാർത്ത പൂക്കളാൽ ചുറ്റപ്പെട്ട ഇവിടം കാഴ്ചയില്‍ അതിമനോഹരമാണെന്നും ആൻഡ്രിയ കുറിച്ചിട്ടുണ്ട്. കൂടാതെ സന്തോഷത്തിന്റെ രാജ്യത്തിൽ എന്നു കുറിച്ചുകൊണ്ടും ചിത്രം പങ്കിട്ടിട്ടുണ്ട്.

സന്തോഷത്തിന്റെ നാട്ടിലേക്ക്

ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനത താമസിക്കുന്ന രാജ്യമെന്ന ബഹുമതിയുണ്ട് ഭൂട്ടാന്. സുന്ദരമായ പര്‍വതങ്ങളും മലിനീകരണമില്ലാത്ത അന്തരീക്ഷവും ആശ്രമങ്ങളും കോട്ടകളുമെല്ലാം നിറഞ്ഞ ഭൂട്ടാന്‍ എല്ലാക്കാലത്തും സഞ്ചാരികളുടെ പറുദീസയാണ്. വൈവിധ്യമാര്‍ന്ന സംസ്കാരവും ആകർഷകമായ വാസ്തുവിദ്യയും ഭൂട്ടാന്‍റെ മാറ്റുകൂട്ടുന്നു. അധികം ചെലവില്ലാതെ പോയി വരാം എന്നതും ഭൂട്ടാന്‍റെ സവിശേഷതയാണ്.

bhutan1
unakha Valley, Kateryna Mashkevych/shutterstock

വര്‍ഷം മുഴുവനും യാത്ര ചെയ്യാവുന്ന ഇടമാണെങ്കിലും മഞ്ഞുകാലം ഇവിടെ അല്‍പം സ്പെഷ്യലാണ്. സുഖകരമായ കാലാവസ്ഥയായതിനാല്‍ ഔട്ട്ഡോര്‍ സാഹസിക വിനോദങ്ങള്‍ക്കും ഏറ്റവും മികച്ച സമയമാണിത്. നവംബര്‍ മാസം മുതല്‍ മാര്‍ച്ച് വരെ നീണ്ടുനില്‍ക്കുന്ന ഭൂട്ടാനിലെ ശൈത്യകാലം അവിസ്മരണീയമാക്കുന്ന കാഴ്ചകളും അനുഭവങ്ങളുമാണ് സഞ്ചാരികൾക്ക് നൽകുന്നത്.

സെപ്തംബര്‍ മുതൽ നവംബര്‍ വരെയുള്ള മാസങ്ങൾ സീസൺ അല്ലെങ്കിലും തിരക്കുകളും ബഹളങ്ങളും താല്പര്യമില്ലാത്ത സഞ്ചാരികൾ ആ സമയങ്ങളിൽ ഭൂട്ടാന്റെ മനോഹാരിത ആസ്വദിക്കാൻ എത്തും. സീസൺ അറിഞ്ഞു സന്ദർശനം നടത്തുന്നതു വഴി മറ്റൊരു ഉപകാരം കൂടിയുണ്ട്. ധനച്ചെലവ് കുറയ്ക്കാനും ഇതൊരു മികച്ച മാർഗമാണ്. സീസൺ സമയങ്ങളിൽ ഒരു ദിവസത്തെ താമസത്തിനും ഭക്ഷണത്തിനും ചെലവാകുന്നതിന്റെ പകുതി പണം മാത്രമേ സീസൺ അല്ലാത്ത ഡിസംബർ മുതൽ ജനുവരി വരെയും ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലും ചെലവാകുകയുള്ളു. കീശ കാലിയാകാതെ കാഴ്ചകൾ ആസ്വദിക്കണം എന്ന മനോഭാവമുള്ള യാത്രികനാണ് നിങ്ങളെങ്കിൽ സീസൺ അല്ലാത്ത സമയങ്ങൾ യാത്രയ്ക്കായി തെരെഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം.

English Summary: Andrea Jeremiah Enjoys Holiday in Bhuta

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA