ADVERTISEMENT

മനംമയക്കുന്ന സുന്ദരകാഴ്ചകളും ആഡംബരവും അഴകും വഴിഞ്ഞൊഴുകുന്ന വാസ്തുഭംഗിയുമെല്ലാം ഒത്തുചേരുന്ന ദുബായ്, ലോകമെങ്ങുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ഇനിമുതല്‍ ദുബായിലെ രാത്രികളും കൂടുതല്‍ മനോഹരമാകും. ബീച്ച് ടൂറിസത്തിന്‍റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റി. ഇതിനായി സൂര്യാസ്തമയത്തിന് ശേഷവും ദുബായിലെ മൂന്നു ബീച്ചുകളില്‍ ആളുകള്‍ക്ക് നീന്താനുള്ള സൗകര്യങ്ങള്‍ ഒരുക്കി. ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖീം എന്നീ ബീച്ചുകള്‍ കൂടുതല്‍ സൗകര്യങ്ങളോടെ ഇതിനായി സജ്ജമാക്കി.

ഏകദേശം 800 മീറ്റർ നീളമുള്ള തീരമാണ് ഇവിടങ്ങളില്‍ ഉള്ളത്. രാത്രി സഞ്ചാരം സുഗമമാക്കാന്‍ ഇവിടെ ഫ്ലഡ് ലൈറ്റുകള്‍ സ്ഥാപിച്ചു. കൂടാതെ ബീച്ച് യാത്രക്കാർക്കിടയിൽ സുരക്ഷാ അവബോധം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കണ്ടന്‍റുകള്‍  പ്രദർശിപ്പിക്കുന്ന ഇലക്ട്രോണിക് സ്ക്രീനുകളും ഇവിടങ്ങളില്‍ സ്ഥാപിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പൂര്‍ണമായും ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും രാത്രികളിലെ പ്രവര്‍ത്തനങ്ങള്‍. അത്യാധുനിക രക്ഷാപ്രവർത്തന സൗകര്യങ്ങളും എമർജൻസി ഉപകരണങ്ങളും യോഗ്യരായ ലൈഫ് ഗാർഡുകളും ഈ ബീച്ചുകളിലുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

സുരക്ഷ ഉറപ്പാക്കാനായി, ബീച്ചുകളില്‍ എത്തുന്നവര്‍ രാത്രി നിയുക്ത സോണുകളിൽ മാത്രം നീന്താനും, മറ്റ് പ്രദേശങ്ങളിൽ നിന്ന് കടലിൽ ഇറങ്ങുന്നത് ഒഴിവാക്കാനും ദുബായ് മുനിസിപ്പാലിറ്റി ശുപാർശ ചെയ്തു. കൂടാതെ ശുചിത്വം സൂക്ഷിക്കാനും ബീച്ച് നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കാനും സന്ദര്‍ശകര്‍ ലൈഫ് ഗാർഡുകളുടെ നിർദ്ദേശങ്ങൾ പാലിക്കുകയും കൂടെയുള്ള കുട്ടികളെ ശ്രദ്ധയോടെ നിരീക്ഷിക്കുകയും ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. 

1021806715
Sarath maroli/shutterstock

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ആശയമാണ് രാത്രി നീന്തൽ ബീച്ചുകൾ. മുനിസിപ്പാലിറ്റിയുടെ ബീച്ച് വികസന പദ്ധതിയുടെ ഭാഗമായാണ് ഈ ആശയത്തിന് ജീവന്‍ പകരുന്നത്. ഇത്, ഒരു ബീച്ച് ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയിൽ ദുബായിയുടെ പദവി ഉയർത്തും. യുഎഇയിൽ വേനൽക്കാല ചൂട് കൂടാൻ തുടങ്ങുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. വൈകുന്നേരത്തിന് ശേഷം, ബീച്ച് സന്ദർശിച്ച് താമസക്കാർക്കും സന്ദർശകർക്കും കടല്‍ത്തീരത്തെ സുഖകരമായ കാലാവസ്ഥ ആസ്വദിക്കാം.

ബീച്ചുകളെപ്പറ്റി

ജുമൈറ ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ജുമൈറ 2 ബീച്ച്, അറേബ്യൻ ഗൾഫിന്‍റെ അതിമനോഹരമായ കാഴ്ചകൾ  നിറഞ്ഞ ഇടമാണ്. ആഡംബരത്തിന്‍റെ പ്രതീകമായ ബുർജ് അൽ അറബ് ഹോട്ടലാണ് ജുമൈറ 2 ബീച്ചിലെ ശ്രദ്ധേയമായ ആകർഷണങ്ങളിലൊന്ന്. ജെറ്റ് സ്കീയിംഗ്, പാഡിൽബോർഡിങ്, ബീച്ച് വോളിബോൾ തുടങ്ങിയ വിവിധ ജല കായിക വിനോദങ്ങളും ഇവിടെ ആസ്വദിക്കാം. ജുമൈറ 2 ൽ നിന്ന് അൽപ്പം അകലെയായാണ്‌ ജുമൈറ 3 ബീച്ച്. വിശാലമായ തീരപ്രദേശത്തിനും ഈന്തപ്പനകള്‍ നിറഞ്ഞ മനോഹരമായ ഭൂപ്രകൃതിക്കും പേരുകേട്ടതാണ് ഇവിടം. കയാക്കിങ്, വിൻഡ്‌സർഫിങ്, സ്‌നോർക്കെലിങ് എന്നിവയ്‌ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു.

2026403645

ജുമൈറ 2 നും ജുമൈറ 3 നും ഇടയിൽ സ്ഥിതി ചെയ്യുന്ന ഉമ്മു സുഖീം 1 ബീച്ച്, സർഫർമാർക്കിടയില്‍ ജനപ്രിയമാണ്. തുടക്കക്കാർക്കും പരിചയസമ്പന്നരായ സർഫർമാർക്കും വേണ്ടിയുള്ള വിവിധ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. പ്രശസ്തമായ സർഫ് സ്‌കൂളായ സർഫ് ഹൗസ് ദുബായുടെ ആസ്ഥാനം കൂടിയാണ് ഈ ബീച്ച്.

English Summary: 3 new beaches for night swimming open in Dubai

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com