ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തിരഞ്ഞെടുക്കപ്പെട്ട ഇടമാണ് ഫിൻലൻഡ്. ഏതൊരു ലോകസഞ്ചാരിയുടെയും ബക്കറ്റ് ലിസ്റ്റില്‍ ഈ മനോഹര രാജ്യം ഉണ്ടാകുമെന്ന് ഉറപ്പ്. നോര്‍ത്തേണ്‍ ലൈറ്റ്സും സാന്താക്ലോസിന്‍റെ ഗ്രാമവും അടക്കം ഒട്ടേറെ അനുഭവങ്ങള്‍ നല്‍കുന്ന ഫിന്‍ലൻഡിൽ ഇപ്പോഴത്തെ ആകര്‍ഷണം ഹെൽസിങ്കിയിലെ ‘കിർസിക്കാ’ പുഷ്പങ്ങളാണ്.

ഇരുട്ടും തണുപ്പും സദാ പുൽകുന്ന ഫിൻലൻഡിൽ വസന്തത്തിന്റെ വരവ് അറിയിച്ചുകൊണ്ട് ഇളംപിങ്ക് നിറത്തിലുള്ള ചെറി പുഷ്പങ്ങൾ (ഫിന്നിഷ് ഭാഷയിൽ കിർസിക്ക) വിരിഞ്ഞുനിൽക്കുന്നു. ഫിൻലൻഡ് എന്ന രാജ്യം ഏറ്റവും മനോഹരമാകുന്നത് വസന്തകാലത്താണ്. പ്രകൃതിയിൽ വിടരുന്ന പുതു ജീവൻ മനുഷ്യനിലും പ്രതീക്ഷകൾ ഉണർത്തും.
2007 ലെ ലോക പരിസ്ഥിതി ദിനത്തിലാണ് 52 ചെറി മരങ്ങൾ ഹെൽസിങ്കിയിലെ റോയ്‌ഹുവുവോരൻ പാർക്കിൽ നട്ടുപിടിപ്പിച്ചത്. ഹെൽസിങ്കിയിലെ ജാപ്പനീസ് പൗരനായ നോറിയോ ടോമിഡയുടെ ശ്രമഫലമായാണ് ഇവിടം ഹെൽസിങ്കി നിവാസികളുടെ ‘ലിറ്റിൽ ജപ്പാനായി’ പരിണമിച്ചത്.
ചെറിപ്പൂക്കളുടെ വസന്തം
മേയ് മാസത്തിൽ ചെറിപ്പൂക്കളുടെ വസന്തമാണ്. ഈ രാജ്യത്ത് അധികം വിടരാത്ത ഈ പിങ്ക് പുഷ്പങ്ങൾ മനം കുളിർക്കെ കാണാൻ ആസ്വാദകരുടെ തിരക്കാണ്. ഇവിടങ്ങളിൽ പൊതുവെ കാണാറുള്ള മഞ്ഞപ്പൂക്കളുടെ ഇടയിൽ ഈ ഇളം പിങ്ക് പുഷ്പങ്ങൾ വേറിട്ട കാഴ്ചയാണ് സമ്മാനിക്കുന്നത്. ജപ്പാനിലേതിന് സമാനമായി കുടുംബവും സുഹൃത്തുക്കളുമൊത്തു ‘ചെറി ബ്ലോസം പാർട്ടി’കളിൽ ഒത്തുചേരുന്നവരെയും കാണാം. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ പിങ്ക് കാഴ്ചകൾ അപ്രത്യക്ഷമാകും.

ജപ്പാനിൽ ചെറി മരങ്ങൾ ‘സകുറ’ എന്ന പേരിൽ അറിയപ്പെടുന്നു. സകുറ പൂവിടൽ ആഘോഷിക്കുന്ന ജാപ്പനീസ് പാരമ്പര്യത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. ജപ്പാന്റെ ചരിത്രം, സംസ്കാരം, സ്വത്വം എന്നിവയുമായി ഈ പിങ്ക് പുഷ്പങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. 1912-ൽ ടോക്കിയോ നഗരം വാഷിങ്ടൻ ഡിസിക്ക് 3000 ചെറി മരങ്ങൾ സമ്മാനിച്ച സൗഹൃദത്തിന്റെ ചരിത്രവും സകുറയ്ക്കു പറയാനുണ്ട്.
കാഴ്ച മാത്രമല്ല, ചെറിയുടെ രുചിയും നുകരാം
പല പരമ്പരാഗത ജാപ്പനീസ് മധുരപലഹാരങ്ങളിലും ചായയിലും ചെറിയുടെ രുചിയും നുകരാം. സകുറ ബ്ലോസം ചായ, കോക്ക്ടെയിലുകൾ, മോച്ചി കേക്കുകൾ, മിഠായികൾ, കുക്കികൾ എന്നിവയിൽ ചെറി പുഷ്പങ്ങളുടെ രുചിയും മണവും ആസ്വദിക്കാം.

ഇന്ത്യയിൽ മേഘാലയ, സിക്കിം, നാഗാലാൻഡ്, ഹിമാചൽ പ്രദേശ്, കർണാടക എന്നിവിടങ്ങളിലും ചെറിപ്പൂക്കൾ വിടരാറുണ്ട്.വർഷം തോറും മാർച്ച് മുതൽ മേയ് വരെ ജപ്പാൻകാർ കാത്തിരിക്കുന്നു, സകുറ പൂക്കുന്നതും സൗന്ദര്യത്തിന്റെ കൊടുമുടിയിൽ അവ നിസ്സഹായരായി വീഴുന്നതും കാണാൻ. ജീവിതം മനോഹരമെങ്കിലും അത് ക്ഷണികവും ഹ്രസ്വവുമാണെന്ന് ഈ ഇളം പിങ്ക് സകുറ പുഷ്പങ്ങൾ ഓർമപ്പെടുത്തുന്നു.
English Summary: Cherry trees blossoming in Helsinki, Finland