ഫാമിലിയായി തായ്‌ലൻഡിൽ പോകുന്നവർ ഒരിക്കലും ഈ സ്ഥലം ഒഴിവാക്കരുത്

HIGHLIGHTS
  • ചോക്ലേറ്റ് വില്ലി, മാജിക്ക് ലാൻഡ്; തായ്‌മണ്ണിലെ മിനി യൂറോപ്പ്
chocolate-ville-bangkok
Image Credit : Chocolate Ville/ instagram
SHARE

തായ്‌ലൻഡ് എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് എന്തൊക്കെയാണ്? സ്ട്രീറ്റ് ഫുഡ്, കടൽ തീരങ്ങൾ, നൈറ്റ് ലൈഫ്, സെക്സ് ടൂറിസം, ഷോപ്പിങ്, പിന്നെ തായ് മസ്സാജ്...! തായ്‌ലൻഡ് പൊതുവെ ചെറുപ്പക്കാർക്ക് ചിൽ ചെയ്യാനുള്ള സ്ഥലമാണ് എന്നാണ് പലരുടെയും വിചാരം. എന്നാൽ കുടുംബസമേതം തായ്‌ലൻഡിൽ പോകുന്നവർക്കായി നിരവധി ഫാമിലി-കിഡ്സ് ഫ്രണ്ട്‌ലി സ്ഥലങ്ങൾ ഇവിടെയുണ്ട്.

ഇനി തായ്‌ലൻഡിൽ ഒരു 'യൂറോപ്പ്' ഉണ്ടെന്ന് അറിയാമോ? നെറ്റി ചുളിക്കാൻ വരട്ടെ. സംഭവം സത്യമാണ്...തായ്‌ലൻഡിൽ ഒരു മിനി യൂറോപ്പ് ഉണ്ട് !!! ആലിസിന്റെ അദ്ഭുത ലോകം പോലൊരു മാജിക് ലാൻഡ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.‌ ഇനി എവിടെയാണ് ഇത് എന്നല്ലേ? ബാങ്കോക്ക്  നഗരഹൃദയത്തിൽ നിന്നും അരമണിക്കൂർ ദൂരത്തിലാണ് ചോക്ലേറ്റ് വില്ലി എന്നറിയപ്പെടുന്ന ഈ മിനിയേച്ചർ യൂറോപ്പ് ഉള്ളത്!

chocolate-ville-bangkok-image
Image Credit : Chocolate Ville/ instagram

അടിസ്ഥാനപരമായി ഇതൊരു ഓപ്പൺ എയർ ഡൈനിങ് പ്ലെയ്സാണ്. യൂറോപ്യൻ വാസ്‌തുവിദ്യയോട് കിടപിടിക്കുന്ന ടൗൺ ബിൽഡിങ്ങുകൾ, പോസ്റ്റ് ഓഫിസ്, കഫേകൾ, ലണ്ടൻ ടെലിഫോൺ ബൂത്തുകൾ, ഇന്ധനശാലകൾ, പ്രാർത്ഥനാലയങ്ങൾ തുടങ്ങി നിരവധി നിർമിതികളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. എന്നാൽ ഇവ എല്ലാം പ്രദർശനം മാത്രം ലക്ഷ്യമാക്കി നിർമിച്ചിരിക്കുന്നത് ആണ്.

ഒരുകാര്യം ഉറപ്പിച്ചുപറയാം. ഇവിടെയെത്തിയാൽ പിന്നെ നിങ്ങളുടെ ഫോൺ ക്യമറയ്ക്ക് വിശ്രമമുണ്ടാകില്ല...സിഐഡി മൂസ സിനിമയിൽ ഫ്ലാറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് കേൾക്കുമ്പോൾ ബിന്ദു പണിക്കർ 'ഫ്രിജ്, മിക്സി, ടിവി'...ഏതെടുക്കും എന്നുകാണിക്കുന്ന പരവേശമില്ലേ...അതാകും നിങ്ങളുടെ അവസ്ഥ...എവിടെത്തിരിഞ്ഞാലും ചറപറാ ഫോട്ടോ പോയിന്റുകൾ.

പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്യൻ നഗരങ്ങളുടെ ഓർമ്മകൾ ഉണർത്തുന്ന വിധമാണ് ഈ ഓപ്പൺ എയർ കോംപ്ലക്സ് പണിതിരിക്കുന്നത്. കെട്ടിലും മട്ടിലും എല്ലാം തനി യൂറോപ്യൻ അനുഭൂതി നല്കാൻ ഈ നിർമ്മിതികൾക്ക് കഴിയുന്നുണ്ട് എന്നതാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്.

ഈ സമുച്ചയത്തിന്റെ ഒത്ത നടുക്കുള്ള ചോക്ളേറ്റ് വില്ലി ടവറിൽ കയറാൻ സഞ്ചാരികൾക്ക് അനുമതിയുണ്ട്. ഈ പ്രദേശത്തിന്റെ മനോഹരമായ ആകാശ ദൃശ്യം ക്യാമറയിൽ പകർത്താനായി നിരവധിപേരാണ് ഈ ടവറിൽ കയറുന്നത്. കൂടാതെ മനോഹരമായി പരിപാലിച്ചിരിക്കുന്ന ഒരു കനാലും ഇവിടെ ഉണ്ട് . അതിൽ അരയന്നങ്ങൾ നീന്തിത്തുടിക്കുന്നു...കൃത്രിമമായി വെള്ളപ്പുകയും വെള്ളത്തിന്റെ മീതെ പരത്തുന്നു. പിന്നെ ഒരു സ്വർഗീയ അനുഭൂതിയാണ് ഇവിടംകാണാൻ...

chocolate-ville-bangkok-dolls
Image Credit : Chocolate Ville/ instagram

എന്നാൽ കാഴ്ചകൾക്ക് വേണ്ടി മാത്രമല്ല സഞ്ചാരികൾ ഇവിടെ എത്തുന്നത്. രുചികരമായ ഭക്ഷണം വിളമ്പുന്ന നിരവധി ഭക്ഷണ ശാലകളും ഇവിടെ ഉണ്ട് ..തായ് രുചികൾക്ക് ഒപ്പം പാശ്ചാത്യ രുചികൾക്കും ഇവിടെ ആരാധകർ ഉണ്ട് കേട്ടോ. എന്നാൽ കൂടുതലും കടകളിലേക്ക് ഭക്ഷണം എത്തിക്കുന്നത് ഒരു അടുക്കളയിൽ നിന്നുമാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ രുചിയും ഗുണമേന്മയും ഉറപ്പാക്കാനും ഇവർക്ക് കഴിയുന്നു.

ഇനി ഈ പാർക്ക് കാണാൻ എത്ര രൂപ ചിലവ് വരുമെന്നോ ? പൂജ്യം .!  ഇവിടേക്ക് തുച്ഛമായ തുകയ്ക്ക് എൻട്രി ടിക്കറ്റുണ്ട്. എന്നാൽ ആ ടിക്കറ്റുകൊണ്ട് നിങ്ങൾക്ക് ഐസ്ക്രീം അടക്കമുള്ള സ്നാക്കുകൾ വാങ്ങാം. കഴിക്കുന്ന ഭക്ഷണത്തിനു മാത്രമാണ് ഇവർ പണം ഈടാക്കുന്നത്. എത്ര നവീനമായ ആശയം അല്ലേ?  – ചുരുക്കത്തിൽ  വ്യത്യസ്തമായ ആശയങ്ങളിലൂടെ എങ്ങനെ ടൂറിസം വികസിപ്പിക്കാം എന്ന് ചിന്തിക്കുന്ന അധികാരികൾ കാണേണ്ട ഒരു സ്ഥലമാണിത്.

ഒന്നാലോചിച്ചു നോക്കൂ...

കേരളത്തിന്റെ വിവിധ രുചികൾകിട്ടുന്ന മനോഹരമായ കാഴ്ചകൾ നിറഞ്ഞ ഇതുപോലെ ഒരിടം. നമ്മുടെ കലാരൂപങ്ങൾ, കാഴ്ചകൾ എന്നിവയ്‌ക്കൊപ്പം നല്ല മലപ്പുറം ബീഫ് ബിരിയാണിയും, തിരുവനന്തപുരത്തെ ബോളിയും ഒരുമിച്ചു വിളമ്പുന്ന ഒരു സ്പോട്ട്...എത്ര രസമായിരിക്കുമല്ലേ?

Content Summary : Chocolate Ville Bangkok is a popular tourist attraction located in the Khan Na Yao district of the city. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS