യഥാർഥ കാഴ്ച കാണണമെങ്കിൽ ഗ്രാമങ്ങളിലേക്ക് ഇറങ്ങണം; നമിത പ്രമോദിന്റെ ലണ്ടൻ യാത്രാവിശേഷങ്ങൾ

HIGHLIGHTS
  • ഈ യാത്രയിൽ ഞാൻ കണ്ടതിൽ ഏറ്റവും മനോഹരമായ സ്ഥലം ഹൈലാൻഡ്സാണ്
Namitha-Pramod-UK-SOLO
Namitha Pramod
SHARE

‘ദേ പോയി ...ദാ വന്നു’ യാത്രകളെക്കാൾ കുറെ നാളുകൾ നീണ്ടുനിൽക്കുന്ന യാത്രകളാണ് നമിത പ്രമോദിന് ഇഷ്ടം. മറ്റു രാജ്യങ്ങളിൽ എത്തുമ്പോൾ അത്യാവശ്യം വേണ്ട മരുന്നുകൾ കൈയിൽ കരുതണം. പൊതുഗതാഗതം വളരെ ഓർഗനൈസ്ഡാണ് അത് ഉപയോഗിക്കാം... ഒരു മാസത്തിനടുത്തു നീണ്ടു നിന്ന ലണ്ടൻ യാത്രയുടെ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ചലച്ചിത്ര താരം നമിത പ്രമോദ്.

Namitha-Pramod-UK
Namitha Pramod

‘‘കുറേനാളായി എവിടേക്കെങ്കിലും യാത്ര പോയിട്ടെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ലിവർപൂളിലുള്ള സഹോദരി ക്ഷണിക്കുന്നത്. അങ്ങനെ പ്ലാനിട്ടു. ആദ്യം ലണ്ടൻ. ബാക്കി കറക്കം അവിടെ ചെന്നിട്ട്. നിരവധി യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത്രയും വലിയ യാത്രയ്ക്ക് ഒറ്റയ്ക്കു പോകുന്നത്. ഒറ്റയ്ക്ക് എന്നത് ഇവിടെനിന്നു പുറപ്പെടുമ്പോൾ മാത്രമാണ് കേട്ടോ, നമ്മൾ അവിടെ ചെന്നിറങ്ങാനായി കാത്തിരിക്കുന്ന ഒരു പട തന്നെയുണ്ട്’’ – ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞാണ് നമിത സംസാരം തുടങ്ങിയത്. ആദ്യം ലണ്ടനിലേക്കു പോകാനായിരുന്നു പ്ലാൻ. അവിടെ ഫാമിലി ഫ്രണ്ട്സ് അടക്കം ഒത്തിരിപ്പേരുണ്ട്. സ്ഥിരം സ്പോട്ടുകൾ മാറ്റി അധികമാരും പോകാത്തയിടങ്ങൾ കാണണമെന്ന് ഇവിടെനിന്നു പോകും മുൻപു തന്നെ തീരുമാനിച്ചിരുന്നു. അങ്ങനെ ലണ്ടനെത്തി. ഫ്രണ്ട്സുമെത്തി. ലണ്ടൻ നഗരം ചുറ്റിക്കറങ്ങി കണ്ടു. 

ഗാന്ധിജി പറഞ്ഞതുപോലെ, ഗ്രാമങ്ങളിലേക്ക് ഇറങ്ങണം യഥാർഥ കാഴ്ച കാണണമെങ്കിൽ… പഴയ ഇംഗ്ലണ്ട് തന്നെയാണ് സൂപ്പർ

അത് സത്യമാണ്. ഏതൊരു രാജ്യത്തെയും അടുത്തറിയണമെങ്കിൽ ഗ്രാമങ്ങളിലേക്കു തന്നെ ഇറങ്ങിച്ചെല്ലണം. അവിടുത്തെ പ്രകൃതിഭംഗിയും ചരിത്രവും കാലാവസ്ഥയും കാഴ്ചകളുമെല്ലാം വേറൊരു ഫീലാണ്. അത് അനുഭവിച്ചു തന്നെ അറിയണം. ഞാൻ നേരത്തേ പറഞ്ഞില്ലേ, സ്ഥിരം സ്ഥലങ്ങൾ കാണില്ല എന്ന് തീരുമാനിച്ചുറപ്പിച്ചതാണ്. അങ്ങനെയാണ് ലണ്ടനിൽനിന്നു കോട്സ്‌വോൾഡ്സിലേക്കു പോകാൻ തീരുമാനിച്ചത്. അവിടെയുള്ളവർ പോലും അധികം കേട്ടിട്ടില്ലാത്ത ഒരു സ്ഥലമാണത്. യാത്ര ചെയ്യുമ്പോൾ എന്തൊക്കെ എക്പ്ലോർ ചെയ്യാൻ പറ്റുമോ അതൊക്കെ നമ്മൾ ചെയ്യണം. വിദേശരാജ്യങ്ങളിലെ പൊതുഗതാഗതം എടുത്തുപറയേണ്ട ഒന്നാണ്. വളരെ ഓർഗനൈസ്ഡ് ആയിട്ടുള്ള സംവിധാനമാണ് മിക്ക രാജ്യങ്ങളിലും. ലണ്ടൻ നഗരമൊക്കെ ബസിൽ കയറി ചുറ്റിക്കറങ്ങി കാണണം. കോട്സ്‌വോൾഡ്സിലേക്കു ഞങ്ങൾ പോയത് പക്ഷേ കാറിലായിരുന്നു. കാരണം, എല്ലായിടത്തേക്കും ബസ് സർവീസ് ഉണ്ടെങ്കിലും ഉൾപ്രദേശങ്ങളിലേക്കു കണക്ട് ചെയ്ത് പോകാൻ പ്രയാസമായിരിക്കും. സ്വന്തം വാഹനമാകുമ്പോൾ നമ്മുടെ സൗകര്യത്തിന് നിർത്തിയും കാഴ്ചകളൊക്കെ കണ്ടും സഞ്ചരിക്കാം, അങ്ങനെ ലണ്ടനിൽനിന്ന് ഒരു കാർ വാടകയ്ക്ക് എടുത്തു. 

കോട്‌സ്‌വോൾഡ്സ്: ഇതൊരു സ്വർഗഭൂമിയാണ്. ഹൈലാൻഡിന്റെ എല്ലാ ഭംഗിയും ആവാഹിച്ച നാട്

സാധാരണ എല്ലാവരും എഡിൻബർഗ്, ഗ്ലാസ്കോ എന്നിവിടങ്ങളൊക്കെയാണ് ട്രാവൽ സ്പോട്ടായി തിരഞ്ഞെടുക്കുന്നത്. പക്ഷേ ശരിക്കും മറഞ്ഞിരിക്കുന്ന രത്നം എന്നൊക്കെ പറയാറില്ലേ, അതുപോലെ അതിമനോഹരമായൊരു സ്ഥലമാണ് കോട്‌സ്‌വോൾഡ്സ്. പഴയ ഇംഗ്ലിഷ് സിനിമകളിലൊക്കെ കാണുന്നതുപോലുള്ള ഗ്രാമങ്ങളും വഴികളും കാഴ്ചകളുമാണ് ഇവിടെ നിറയെ. കോട്‌സ്‌വോൾഡ്‌സ് അഞ്ച് കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്നു, 80 ശതമാനം ഭൂമിയും കൃഷിയിടമാണെങ്കിലും ഈ പ്രദേശത്തിനു ചുറ്റും നിരവധി പട്ടണങ്ങളും ഗ്രാമങ്ങളുമുണ്ട്. ബിബിറി പോലെ മനോഹരമായ ചെറിയ ഗ്രാമങ്ങളാണ് ഇവിടെയുള്ളത്.

Namitha-Pramod-TRAVEL
Namitha Pramod

അവിടെനിന്നു നേരേ പോയത് ലിവർപൂളിലേക്കായിരുന്നു. തികച്ചും വ്യത്യസ്തമായ ഒരു നാടാണ് ലിവർപൂൾ. സമ്പന്നമായ ചരിത്രം, കുറഞ്ഞ ജീവിതച്ചെലവ്, ഫുട്ബോൾ എന്നിവയെല്ലാം കൊണ്ട് ഒരു തികഞ്ഞ ജനപ്രിയ നഗരമാണിത്. യുണൈറ്റഡ് കിങ്ഡത്തിലെ ആറാമത്തെ വലിയ നഗരമായ, നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ സ്ഥിതി ചെയ്യുന്ന ഇത് മെർസിസൈഡ് എന്ന മെട്രോപൊളിറ്റൻ കൗണ്ടിയുടെ ഭാഗമാണ്. ഒരു തുറമുഖ നഗരമായതുകൊണ്ടു തന്നെ നിരവധി ബീച്ചുകളുണ്ട് ഇവിടെ. ബീറ്റിൽസിന്റെയും ഫുട്ബോളിന്റെയും പേരിലറിയപ്പെടുന്ന ലിവർപൂൾ, എന്നെപ്പോലെ ഭക്ഷണപ്രിയർക്കു പറ്റിയ ഇടമാണ്. ഞാൻ എവിടെ ചെന്നാലും ഏറ്റവും കൂടുതൽ പരീക്ഷിക്കുന്നത് അവിടുത്തെ ഫുഡായിരിക്കും. മെക്സിക്കൻ, വെസ്റ്റേൺ വിഭവങ്ങളാണ് എനിക്കേറ്റവും ഇഷ്ടം. കുറേയേറെ പുതിയ ടേയ്സ്റ്റുകൾ അറിയാനും രുചിക്കാനുമെല്ലാം ഈ യാത്രകൊണ്ടു സാധിച്ചു.

ലിവർപൂളിൽനിന്നു ഞങ്ങൾ നേരേ പോയത് സ്കോട്ട്ലൻഡിലേക്കാണ്, അതും ട്രെയിനിൽ. ഭയങ്കര രസമാണത്. കാടും മലയും മഞ്ഞുമൂടിയ പർവതങ്ങളുമെല്ലാം താണ്ടി പായുന്ന ട്രെയിൻയാത്ര. പഴയ ഇംഗ്ലിഷ് നോവലുകളിലൊക്കെ കാണുന്ന ചിത്രങ്ങൾ അതേപടി ഇറങ്ങിവന്നിരിക്കുന്നതായി തോന്നും നമുക്ക് ആ ട്രെയിൻ കടന്നുപോകുന്ന വഴി കാണുമ്പോൾ. എങ്ങോട്ടു നോക്കിയാലും മനോഹരമായ കാഴ്ചകൾ. സ്കോട്ട്ലൻഡിലും ഞാൻ ആദ്യമായിട്ടാണ് പോകുന്നത്. 

Namitha-Pramod-TravelMM
Namitha Pramod

ഈ യാത്രയിൽ ഞാൻ കണ്ടതിൽ ഏറ്റവും മനോഹരമായ സ്ഥലം ഹൈലാൻഡ്സാണ്. സ്കോട്ട്ലൻഡിന്റെയും എഡിൻബറയുടെയും നടുക്കാണ് ഇൻവേർനെസ്. ഹൈലാൻഡ്‌സിലെ ഏറ്റവും വലിയ നഗരമാണ് ഇൻവർനെസ്. അവിടെയായിരുന്നു താമസം. എന്നും രാവിലെ അവിടെനിന്നു ഹൈലാൻഡ്സിലേക്കു പോകും. ആ യാത്രയ്ക്കിടെ ഹാരി പോട്ടർ സിനിമയിൽ കാണുന്ന ട്രെയിൻ സർവീസ് ഒക്കെ കാണാൻ സാധിച്ചു. സ്കോട്ടിഷ് ഹൈലാൻഡ്‌സിലെ റോഡുകൾ വളരെ മനോഹരവും ചുറ്റിക്കറങ്ങാനുള്ള ഏറ്റവും നല്ല മാർഗവുമാണ്. വിദൂര ഗ്രാമപ്രദേശങ്ങൾ പോലും ഉൾക്കൊള്ളുന്ന വിപുലമായ ബസ് ശൃംഖല ഈ പ്രദേശത്തിനുണ്ട്.

Namitha-Pramod-Pic
Namitha Pramod

“ഡോക്ടറെ കാണലും മരുന്നുവാങ്ങലുമെല്ലാം പൊല്ലാപ്പാണ് ഇവിടെ. പുറംനാട്ടിലെത്തിയാൽ അസുഖമൊന്നും വരാതിരിക്കുന്നതാണ് നല്ലത്”. 

നമ്മുടെ നാട്ടിലേതുപോലെ ഓടിച്ചെന്ന് ഡോക്ടറെ കണ്ട് മരുന്നുവാങ്ങാനൊന്നും പറ്റില്ല ഇവിടെയൊന്നും. ഡോക്ടറെ കാണാതെ ഇവിടെ മരുന്നു ലഭിക്കില്ല. ഡോക്ടറെ കാണണമെങ്കിൽ കടമ്പകളേറെയും. എനിക്കും അങ്ങനെയൊരനുഭവമുണ്ടായി. എനിക്ക് തണുത്ത കാലാവസ്ഥ കുറച്ച് പ്രശ്നമാണ്. അധികം തണുപ്പടിച്ചാൽ കാലുകൾ വല്ലാതെ ചൊറിയും. അത് കൂടി കാൽ നിലത്തുകുത്താൻ പറ്റാതായി. മരുന്നാണെങ്കിൽ ഡോക്ടറെ കാണാതെ കിട്ടില്ല. എന്തുചെയ്യണമെന്നറിയാതെ അമ്മയെ വിളിച്ചപ്പോൾ പറഞ്ഞുതന്ന നമ്മുടെ നാടൻ വിദ്യയാണ് അന്നെനിക്ക് തുണയായത്. ഇത്രേയുള്ളൂ, ഉപ്പിട്ട് വെളളം തിളപ്പിച്ചു. അതൊഴിച്ച് കാല് നല്ലപോലെ കഴുകി. പിറ്റേന്ന് എല്ലാം ഓകെ. ഞാൻ സാധാരണ അത്യാവശ്യം വേണ്ട മരുന്നുകൾ എല്ലാം കയ്യിൽ കരുതും. ഇത് പക്ഷേ പ്രതീക്ഷിച്ചില്ലായിരുന്നു. പല ഹോട്ടലുകളും ഉണ്ടായിരുന്നുവെങ്കിലും ഞങ്ങൾ എയർ ബിഎൻബി വഴി തിരഞ്ഞെടുത്ത അപ്പാർട്ട്മെന്റിലാണ് താമസിച്ചത്. അതും മറക്കാനാവാത്ത ഒരനുഭവമായിരുന്നു.

Cotswolds-highlands
Cotswolds highlands

രണ്ടാഴ്ചത്തെ ട്രിപ്പെന്നു പറഞ്ഞാണ് ഞാൻ വീട്ടിൽ നിന്നിറങ്ങിയത്. പക്ഷേ തിരിച്ചെത്തുമ്പോൾ 20 ദിവസം പിന്നിട്ടിരുന്നു. ഇതിനു മുൻപ് ഞാനും അച്ഛനും കൂടി തായ്​ലൻഡിൽ പോയി ഒരു മാസം കറങ്ങിയാണു പോന്നത്. ജോലിയുടെ ആവശ്യത്തിനായിട്ടാണ് തായ്‌ലൻഡ് പോയത്. ചില കാരണങ്ങളാൽ അത് നടക്കാതെ വന്നപ്പോൾ ഞങ്ങൾ തായ്‌ലൻഡ് ഒന്നു കണ്ടുകളയാം എന്നു തീരുമാനിക്കുകയായിരുന്നു, സത്യം പറഞ്ഞാൽ ഞാനും അച്ഛനും കൂടി അവിടെ മുഴുവനും കറങ്ങി. എവിടെ ചെന്നാലും ഫുഡ് ട്രൈ ചെയ്യുന്ന ആളാണ് ഞാൻ. പക്ഷേ എന്തോ എനിക്ക് തായ്‌ലൻഡിലെ ഫുഡ് അത്ര ഇഷ്ടപ്പെട്ടില്ല. ചില സോസുകൾ ചേർത്താണ് അവിടുത്തെ ഫുഡുകൾ അധികവും ഉണ്ടാക്കുന്നത്. ബാക്കിയെല്ലാം കൊണ്ടും തായ്‌ലൻഡ് യാത്ര ഗംഭീരമായിരുന്നു. തായ്‌ലൻഡിലെ ഒട്ടുമിക്ക പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളും ഞങ്ങൾ കണ്ടു. അതിമനോഹരമായ പഗോഡകളും സുഗന്ധം നിറഞ്ഞ ക്ഷേത്രങ്ങളും മാത്രമല്ല ഫ്ലോറ്റിംഗ് മാർക്കറ്റും തിരക്കേറിയ തെരുവുകളും സുന്ദരമായ ദ്വീപുകളും എല്ലാമുള്ള ഒരു പെർഫെക്റ്റ് വെക്കേഷൻ സ്പോട്ടാണ് തായ്​ലൻഡ്. കൂടുതലും കപ്പിൾസാണ് തായ്‌ലൻഡ് ഒരു അവധിക്കാല ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കുന്നത്. അതുപോലെ അമേരിക്കയുടെ എല്ലാ ഏരിയയും ഞാൻ കവർ ചെയ്തു. കലിഫോർണിയയാണ് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം. സത്യത്തിൽ ഞാൻ ശരിക്കും ആസ്വദിച്ച യാത്രയായിരുന്നു ഇത്. തിരിച്ചുപോരാൻ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല. അടുത്തൊരു യൂറോപ്പ് ട്രിപ്പ് പ്ലാൻ ചെയ്തിട്ടാണ് തിരികെ ഫ്ലൈറ്റ് കയറിയത്. സ്പെയിൻ, ബാലി, യൂറോപ്പ് അങ്ങനെ ലിസ്റ്റ് നീണ്ടതാണ്.’’

സമ്മർടൗൺ കഫേ, 'ബക്കറ്റ് ലിസ്റ്റ് ഓരോന്നായി ടിക്ക് ചെയ്യുകയാണ്' ...

Content Summary :  London has an excellent public transportation system, including the Tube (subway), buses, and trains. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS