ADVERTISEMENT

കാഴ്ചകളും വിനോദങ്ങളും സൗന്ദര്യവും ഒത്തിണങ്ങിയ തായ്‌ലൻഡ് ഏതൊരു യാത്രാപ്രേമിയുടെയും സ്വപ്നരാജ്യമാണ്, സെലിബ്രിറ്റികളുടെ ഇഷ്ടയിടം.  ഫുക്കെറ്റിലെ ഫി ഫി എന്ന ദ്വീപിന്റെ മനോഹാരിത മുഴുവൻ വ്യക്തമാക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വിഡിയോയും നിരവധി താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സുന്ദരമായ ദ്വീപും നീലനിറത്തിലൊഴുകുന്ന കടലും ചുറ്റിലുമുള്ള പച്ചപ്പുമൊക്കെ ഏതൊരു സഞ്ചാരിയുടെയും മനസിളക്കും. അത്രയേറെ മോഹിപ്പിക്കുന്നുണ്ട് ഫി ഫി. തായ്‌ലൻഡിന്റെ തലസ്ഥാനവും രാജ്യത്തിലെ ഏറ്റവും വലിയ നഗരവുമായ ബാങ്കോക്ക്, ഷോപ്പിങ് പ്രിയരുടെ ഇഷ്ടയിടമാണ്. നഗരത്തിന്റെ രാത്രികാഴ്ചകളും, ബാങ്കോക്കിലെ ബുദ്ധ ക്ഷേത്രവുമൊക്കെ യാത്രയിൽ കാണാം.

 

തായ്‌ലൻഡിലെ ഫി-ഫി ദ്വീപ് 

 

Phi Phi Islands-Thailand, Image : vuk8691/istockphoto
Phi Phi Islands-Thailand, Image : vuk8691/istockphoto

തെക്കുകിഴക്കൻ ഏഷ്യയിലെ അതിസുന്ദരങ്ങളായ ദ്വീപുകളാണ് ഫി ഫി . സഞ്ചാരികളുടെ മനം മയക്കുന്ന നിരവധി കാഴ്ചകളും സാഹസിക വിനോദങ്ങളും സമ്മാനിക്കാൻ കഴിയുമെന്നുള്ളത് കൊണ്ട് തന്നെ പല യാത്രികരുടെയും പ്രിയയിടമാണ്  ഈ ദ്വീപുകൾ. അതിമനോഹരമായ ബീച്ചുകളും കടൽത്തീരങ്ങളും ഇവിടുത്തെ എടുത്തു പറയേണ്ട സവിശേഷതകളാണ്. വിവിധ രൂപങ്ങൾ കൊണ്ട് അതിശയിപ്പിക്കുന്ന പാറകളും നീലജലത്തിന്റെ മനോഹാരിതയുമെല്ലാം ഈ കടൽത്തീരത്തേക്കു സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നു.

 

ആറു ദ്വീപുകളുടെ സംഗമമാണ് ഫി ഫി  ദ്വീപുകൾ. ദ്വീപിന്റെ ഭരണ ചുമതല ക്രാബി പ്രവിശ്യക്കാണ്.  ക്രാബിയിൽ നിന്നോ ഫുക്കെറ്റിൽ നിന്നോ സ്പീഡ് ബോട്ടിലോ ഫെറിയിലോ  ദ്വീപിലെത്താം. സ്പീഡ് ബോട്ടിലാണെങ്കിൽ 45 മിനിറ്റ് യാത്രയുണ്ട്. ഫെറിയിൽ 90 മിനിറ്റ് സമയമെടുക്കും. നീളമേറിയ കടൽത്തീരവും അത്യാധുനിക സൗകര്യങ്ങൾ നിറഞ്ഞ റിസോർട്ടുകളുമൊക്കെ ഇവിടെ കാണാവുന്നതാണ്.  ആഡംബരം നിറഞ്ഞതും അത്യാധുനിക സൗകര്യങ്ങലുള്ളതുമാണ് റിസോർട്ടുകൾ.

Image Credit :AleksandarGeorgiev/istockphoto
Image Credit :AleksandarGeorgiev/istockphoto

 

ഏറ്റവും കൂടുതൽ സഞ്ചാരികൾ തങ്ങളുടെ ഒഴിവുകാലം ചെലവഴിക്കാനായി എത്തുന്ന തെക്കൻ തായ്‌ലൻഡിലെ പ്രധാന കേന്ദ്രമാണ് ഫി ഫി.  വെള്ള മണൽ വിരിച്ച കടൽത്തീരങ്ങൾ തന്നെയാണ്  പ്രധാന സവിശേഷത. ഉത്സവാന്തരീക്ഷം സമ്മാനിക്കുന്നവയാണ് ഓരോ ബീച്ചുകളും. ആട്ടവും പാട്ടുമായി സഞ്ചാരികളെ ശരിക്കും ആനന്ദിപ്പിക്കും. വിവിധ നിരക്കിലുള്ള ഹോട്ടൽ മുറികൾ ബീച്ചിനടുത്തായി തന്നെ ലഭ്യമാണ്. താല്പര്യമനുസരിച്ചു താമസത്തിനായി അവ തെരെഞ്ഞെടുക്കാവുന്നതാണ്. 

 

മൂന്നു ഭാഗവും മലകളാൽ ചുറ്റപ്പെട്ട, മയാ കടലിടുക്ക് സഞ്ചാരികളെ വശീകരിക്കുന്ന അതിമനോഹര കാഴ്ചകളിലൊന്നാണ്. പവിഴപ്പുറ്റുകളാണ് ഇവിടുത്തെ പ്രധാനാകർഷണം.  ഫി ഫി ദ്വീപുകളിലെ ഈ ബീച്ചിനെ 1999 ൽ സിനിമയിലെടുത്തു. ലിയനാർഡോ ഡികാപ്രിയോ അഭിനയിച്ച ''ദി ബീച്ച്;; എന്ന ചിത്രത്തിലാണ് ഈ ബീച്ചുള്ളത്. അന്നുമുതൽ സഞ്ചാരികൾക്കിടയിൽ ഈ കടൽത്തീരവും താരമാണ്. നവംബര് മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഇവിടം സന്ദർശിക്കുന്നതാണുത്തമം. ആ സമയത്തു കടൽ തീർത്തും ശാന്തവും കാലാവസ്ഥ വളരെയധികം അനുകൂലവുമായിരിക്കും. സ്‌നോർക്ലിങും ഡൈവിങ്ങുമാണ് പ്രധാന വിനോദങ്ങൾ. താല്പര്യമുള്ളവർക്ക് കയാക്കിങ്ങിനും സൗകര്യമുണ്ട്. 

 

കടലിന്റെ സൗന്ദര്യവും കാഴ്ചകളും കാണാൻ തക്ക ഒരു വ്യൂപോയിന്റ് ഫി ഫി യിലുണ്ട്. 186 മീറ്റർ ഉയരത്തിൽ നിന്നുള്ള ഇവിടുത്തെ കാഴ്ചകൾ അതിസുന്ദരം തന്നെയാണ്. മുപ്പതു മിനിറ്റോളം നടന്നു കയറിയാൽ മുകളിലേക്കെത്താം. പരന്ന പാറകളുടെ മുകളിൽ ഇരുന്നുകൊണ്ട് താഴെയുള്ള  ദൃശ്യങ്ങൾ ആസ്വദിക്കാവുന്നതാണ്. ഫി ഫി ലേ യും ടോൺസായി ഗ്രാമവും ലോ ഡാലും മലയിടുക്കുകളുമൊക്കെ മുകളിൽ നിന്നും കാണുവാൻ കഴിയും. ഡംബെല്ലിന്റെ രൂപത്തിലുള്ള ഈ ദ്വീപിന്റെ സൗന്ദര്യം ഏറ്റവും ഭംഗിയായി കാണുവാൻ കഴിയുന്നത് ഈ വ്യൂപോയിന്റിൽ നിന്നാണ്. 

 

കോഹ് പായ് എന്ന് തദ്ദേശീയമായി അറിയപ്പെടുന്ന ബാംബൂ ദ്വീപും സഞ്ചാരികളുടെ ഹൃദയം കീഴടക്കുന്ന ഫി ഫിയിലെ കാഴ്ചയാണ്. വലിയ തിരക്കനുഭവപ്പെടാത്ത ഈ കുഞ്ഞൻ ദ്വീപിന് ഹൃദയത്തിന്റെ ആകൃതിയാണ്. വെള്ളമണൽ വിരിച്ച ഇതിന്റെ അഞ്ചു കിലോമീറ്റർ നീളമുള്ള കടൽ തീരങ്ങളിൽ സീസൺ സമയത്ത് ധാരാളം യാത്രികർ എത്താറുണ്ട്. തീരങ്ങളിൽ നിറയെ മുളകളും കാറ്റാടി മരങ്ങളുമാണ്. മുളകൾ  നിറഞ്ഞു നിൽക്കുന്നതുകൊണ്ടാണ് ഈ ദ്വീപിനു ബാംബൂ ദ്വീപ് എന്ന പേര് ലഭിച്ചത്. സ്‌നോർക്ലിങ് ചെയ്യാൻ താല്പര്യമുള്ളവർക്ക് ഏറ്റവും മികച്ചൊരു ബീച്ചാണിത്. പവിഴപ്പുറ്റുകൾ നിറഞ്ഞ ബാംബൂ ദ്വീപിലെ കടൽകാഴ്ചകൾ കാണാനും യാത്രികർക്ക് അവസരമുണ്ട്. 

 

തായ്‌ലാൻഡിന്റെ തനതുരുചികൾ മുതൽ എല്ലാ വിഭവങ്ങളും ലഭിക്കുന്ന നിരവധി ഭക്ഷ്യശാലകൾ ഫി ഫി ദ്വീപിലുണ്ട്. പലരാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികരെ മുഴുവൻ മുന്നിൽ കണ്ടുകൊണ്ടു ഒരുക്കിയിട്ടുള്ളതാണ്  ഇവിടുത്തെ ഓരോ ഭക്ഷണശാലകളും. കടൽത്തീരത്തോടു ചേർന്ന് സ്ഥിതിചെയ്യുന്നത് കൊണ്ട് തന്നെ ഭക്ഷണം രുചിക്കുന്നതിനൊപ്പം ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്യാം.

 

വിനോദ സഞ്ചാരത്തിന് ഏറെ പ്രാമുഖ്യം നൽകുന്ന തായ്‌ലാൻഡിന്റെ ഏറെ വ്യത്യസ്തമായ, സുന്ദരമായ ഒരു മുഖമാണ് ഫി ഫി ദ്വീപുകൾ. സിനിമകളിലെ ഗാനങ്ങളിൽ ഏറെ ആകർഷിച്ച കടൽത്തീരങ്ങളുടെ യഥാർത്ഥവും മനോഹരവുമായ കാഴ്ചകൾ സമ്മാനിക്കാൻ ഈ ദ്വീപിനു കഴിയും. അതുകൊണ്ടു തന്നെ തായ്‌ലാൻഡിലേക്കു ഒരു യാത്ര പോകുന്നുണ്ടെങ്കിൽ മറക്കാതെ സന്ദർശിക്കേണ്ട സ്ഥലമാണ് ഫി ഫി. 

 

Content Summary : Ahana Krishna and Ishaani Krishna, recently traveled to Thailand with her family. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com