ഇനി എന്റെ യാത്ര നൂറിനൊപ്പം: ഫാഹിം സഫർ

HIGHLIGHTS
  • എനിക്ക് കുറച്ച് ഒച്ചപ്പാടും ബഹളവുമൊക്കെയുള്ള സ്ഥലങ്ങളോടാണു താൽപര്യം
noorin-fahim-image
നൂറിനൊപ്പം ഫാഹിം സഫർ
SHARE

വലിയൊരു ആഗ്രഹത്തിന്റെ പുറകെയാണ് ഫാഹിം ഇപ്പോൾ. കൂട്ടുകാരി ജീവിതസഖി കൂടിയാകുന്ന നിമിഷങ്ങൾക്കായുള്ള കാത്തിരിപ്പ്. ഇനി മുമ്പോട്ടുള്ള യാത്രയിൽ നൂറിന്റെ കൈ പിടിച്ചാകും താൻ സഞ്ചരിക്കുക എന്ന് ഫാഹിം സഫർ പറയുന്നു. അഭിനേതാവായും തിരക്കഥാകൃത്തായും മലയാളികൾക്കു സുപരിചിതനാണ് ഫാഹിം സഫർ. ഈയടുത്ത് ഒടിടിയിൽ തരംഗം സൃഷ്ടിച്ച ‘മധുരം’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ഫാഹിം. ജീവിതത്തിൽ മുന്നോട്ടു പോകാൻ നമുക്കു തുണയാകുന്ന തിരിച്ചറിവുകളുടെ മാധുര്യമാണ് മധുരത്തിന്റെ കാതൽ. ഒരു സുഹൃദ്‌വലയത്തിൽനിന്നു പിറന്ന മധുരമുള്ള ഒരു ചിത്രം. ആ സുഹൃദ്‌വലയം എപ്പോഴും ഉണ്ടാകും ഫാഹിമിന് ചുറ്റും. എവിടേക്ക് യാത്ര പോയാലും തനിക്കൊപ്പം സുഹൃത്തുക്കൾ ഉണ്ടാകുമെന്ന് ഫാഹിം സഫർ. ഏറ്റവും കൂടുതൽ എൻജോയ് ചെയ്യുന്ന കാര്യം അവർക്കൊപ്പമുള്ള യാത്രകൾ തന്നെ.

noorin-shereef1
Noorin Shereef

സാധാരണ യാത്രാവിശേഷങ്ങൾ ചോദിച്ചാൽ പലരും പറയുന്നത് കാടുകയറണം, ട്രെക്കിങ് നടത്തണം, ഒറ്റയ്ക്ക് യാത്ര പോകണം എന്നൊക്കെയാവും. എന്നാൽ ഫാഹിം പറഞ്ഞത് തനിക്ക് തിരക്കുള്ള സ്ഥലങ്ങളിൽ പോകാനാണ് ഇഷ്ടം എന്നായിരുന്നു. ‘‘നല്ല തിരക്കുള്ള നഗരങ്ങളാണ് ഇഷ്ടം. തിരക്കേറിയ സ്ട്രീറ്റുകളിൽ ആ നാട്ടിലെ രുചിയേറിയ ഭക്ഷണങ്ങളൊക്കെ ആസ്വദിച്ച് ബഹളങ്ങൾക്കിടയിലൂടെ നടക്കുക. അതിൽപരം ആനന്ദം വേറെയുണ്ടോ.’’ –ഫാഹിം സഫർ പറഞ്ഞു തുടങ്ങി.

noorin-fahim-c
വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍.

‘‘എന്റെ യാത്രകൾ അധികവും ചെറുതായിരിക്കും. ഡ്രൈവ് ചെയ്ത് ഫ്രണ്ട്സിനൊപ്പം പോകാറാണു പതിവ്. രണ്ടുമൂന്നു ദിവസം നീണ്ടുനിൽക്കുന്ന യാത്രകൾ എന്നെക്കൊണ്ട് പറ്റില്ല. എനിക്ക് കുറച്ച് ഒച്ചപ്പാടും ബഹളവുമൊക്കെയുള്ള സ്ഥലങ്ങളോടാണു താൽപര്യം. അല്ലാതെ ചിലർ പറയുന്നതുപോലെ ട്രക്കിങ്, സോളോ ട്രിപ്പ് ഒന്നും എന്നെക്കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല. ഞാൻ അധികവും സിറ്റി ലൈഫ് എൻജോയ് ചെയ്യാൻ ശ്രമിക്കാറുണ്ട്. അവിടുത്തെ വെറൈറ്റി ഫുഡുകൾ, കാഴ്ചകൾ, നൈറ്റ് ലൈഫ് ഇതൊക്കെയാണ് കൂടുതലും തെരഞ്ഞെടുക്കുന്നത്. എവിടെപ്പോയാലും നല്ല ഫുഡ് അടിക്കുക എന്നത് മറ്റൊരു ലക്ഷ്യമാണ്.’’

പൊന്മുടിയിലേക്കാണോ? ഞാനില്ല

ചെറുപ്പത്തിൽ ഇതായിരുന്നു എൻറെയൊക്കെ സ്ഥിരം ഡയലോഗ്. തിരുവനന്തപുരത്തുനിന്നു വളരെ എളുപ്പത്തിൽ പോകാവുന്ന ഏറ്റവും അടുത്തുള്ള ഒരു ഡെസ്റ്റിനേഷൻ എന്ന നിലയ്ക്ക് മിക്കവാറും വീട്ടിൽനിന്നു പോകുന്ന എല്ലാ യാത്രകളും അവസാനിക്കുന്നത് പൊന്മുടിയിലാണ്. അല്ലെങ്കിൽ കന്യാകുമാരിയോ തെന്മലയോ. അതിനപ്പുറത്തേക്ക് ഒരു യാത്രയും നടന്നിട്ടേയില്ല. എപ്പോഴും ഒരു സ്ഥലത്തേക്ക് പോകുമ്പോൾ നമുക്ക് മടുക്കില്ലേ. ചെറുപ്പത്തിലേ പൊന്മുടി കണ്ടുകണ്ട് ‘ഒരു വഴിക്ക്’ ആയതുകൊണ്ട് ഇപ്പോൾ ചെറിയ ഡ്രൈവുകൾ മാത്രമാണ് അങ്ങോട്ടേക്ക് ചെയ്യാറ്. പക്ഷേ അതൊരു സൂപ്പർ സ്ഥലം തന്നെയാണ്. അങ്ങോട്ടേക്കുള്ള വഴിയാണ് അതിമനോഹരം. വണ്ടിയോടിച്ചു പോകാൻ ഭയങ്കര രസമാണ്. ഡ്രൈവിങ് എൻജോയ് ചെയ്യുന്ന ഒരാളായതുകൊണ്ട് ആ റൂട്ടിലൂടെയുള്ള യാത്ര എനിക്കിഷ്ടമാണ്.

fahim-safar
Fahim Safar

സമുദ്രനിരപ്പിൽ നിന്ന് 945 മീറ്റർ ഉയരത്തിൽ, മൂടൽമഞ്ഞ് നിറഞ്ഞ മലകൾക്കും തേയിലത്തോട്ടങ്ങൾക്കും പേരുകേട്ട പൊന്മുടിയിലേക്ക് ഒരു വീക്കെൻഡ് ഡ്രൈവ് ചെയ്യുക എന്നത് തിരുവനന്തപുരത്തുകാരുടെ ദിനചര്യയിൽ പെട്ടതായിരിക്കും. വീട്ടിലെ എല്ലാവരെയും കൂട്ടി പോകുന്ന യാത്ര ആയതുകൊണ്ടും അന്ന് അതല്ലാതെ വേറെ യാത്രകൾ ഒന്നും നടത്താൻ വഴിയില്ലാത്തതുകൊണ്ടും നമ്മളും കുറച്ചൊക്കെ ആസ്വദിച്ചിരുന്നു.

 

മഹാനഗരത്തിലെത്തിയ കുട്ടിയെപ്പോലെ

ഞാൻ കണ്ടതിൽ ഏറ്റവും മനോഹരമായ നഗരം എന്നു വേണം ഡൽഹിയെ പറയാൻ. സാധാരണ ഡൽഹിയിലേക്ക് ട്രെയിനിൽ ആയിരിക്കും  പലരുടെയും യാത്ര. എന്നാൽ പറ്റുമെങ്കിൽ അങ്ങോട്ടേക്ക് ഫ്ലൈറ്റിൽ പോകണം. തിരിച്ച് യാത്ര ട്രെയിനിലാക്കാം. അങ്ങനെയാണെങ്കിൽ കുറച്ചധികം സമയം നമുക്ക് അവിടെ താമസിക്കാൻ സാധിക്കും. ആ യാത്രയിൽ എന്നെ ഏറ്റവുമധികം ആകർഷിച്ചത് ജുമാ മസ്ജിദാണ്. ജാമി മസ്ജിദ്, മസ്ജിദ് -ഇ ജഹാൻ നുമ എന്നും അറിയപ്പെടുന്ന ഈ ദേവാലയം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പള്ളിയും മുഗൾ വാസ്തുവിദ്യയുടെ ശ്രദ്ധേയമായ ഉദാഹരണവും കൂടിയാണ്. ഷാജഹാൻ തന്നെയാണ് ഈ വാസ്തുവിദ്യാ അദ്ഭുതവും നിർമ്മിച്ചിരിക്കുന്നത്. ദില്ലിയിലെതന്നെ ഏറ്റവും തിരക്കേറിയ തെരുവുകളിൽ ഒന്നായ ചാന്ദ്‌നി ചൗക്കിലാണ്‌ പള്ളി സ്ഥിതി ചെയ്യുന്നത്.

Fahim Safar
Fahim Safar

ഉറുമ്പുകൾ കീഴ്പ്പെടുത്തിയ ഗ്രാമം, കണ്ണു തെറ്റിയാൽ കുഞ്ഞുങ്ങളെ പോലും തിന്നും: ഭീതിയിൽ മനുഷ്യർ...

ചാന്ദിനി ചൗക്ക് വേറെ ഒരു ഫീൽ തന്നെയാണ്. അവിടുത്തെ രുചികൾ അന്വേഷിച്ച് ആ സ്ട്രീറ്റിലൂടെ നടക്കുന്നത് വല്ലാത്തൊരു എക്സ്പീരിയൻസാണ്. ഡൽഹിയിലെ ഏറ്റവും പഴക്കമേറിയ മാർക്കറ്റായ ചാന്ദ്‌നി ചൗക്കിനെ നിർവചിച്ചിരിക്കുന്നത് തിരക്കേറിയ തെരുവുകളും എല്ലാത്തരം സാധനങ്ങളും വിൽക്കുന്ന ആയിരക്കണക്കിന് കടകളുമാണ്. വസ്ത്രങ്ങൾ, ഇലക്ട്രോണിക്‌സ്, പുസ്തകങ്ങൾ, ഫർണിച്ചറുകൾ... അങ്ങനെ ആ പട്ടിക അനന്തമാണ്. 3 നൂറ്റാണ്ട് മുമ്പ് ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നായ ചാന്ദ്‌നി ചൗക്കിലെ ഹവേലികളും കച്ചകളും ഗലികളും ഒരു കാലഘട്ടത്തിന്റെ കഥകൾ നമ്മളോട് പറയും.

Fahim Safar
Fahim Safar

വസ്ത്രങ്ങൾ, പുസ്‌തകങ്ങൾ, ആഭരണങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങി നിരവധി ഇനങ്ങളുടെ ഹോട്ട്‌സ്‌പോട്ടാണ് ചാന്ദ്‌നി ചൗക്ക് മാർക്കറ്റ്. നിങ്ങൾക്ക് ആവശ്യമുള്ളതെന്തും ഇവിടെ കണ്ടെത്താനാകും. ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന വിപണിയായ ഖാരി ബാവോലി ചാന്ദിനി ചൗക്കിലാണ്. ഏലം, ഗ്രാമ്പൂ, മഞ്ഞൾ, ജീര, മിർച്ച് തുടങ്ങിയ നിത്യോപയോഗ സുഗന്ധവ്യഞ്ജനങ്ങൾ വിൽക്കുന്ന പ്രശസ്തമായ വിപണിയാണിത്.

പ്രശസ്തമായ നിരവധി റസ്റ്ററന്റുകളുള്ള ചാന്ദ്‌നി ചൗക്കില്‍ ഡല്‍ഹിയിലെ വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ ആസ്വദിക്കാന്‍ കഴിയും. ഘണ്ടേവാല ഹ‌ല്‍വായ്, നേത്രാജ്‌സ് ഡ‌ല്‍ഹി ഭല്ലേ, ദി ജലേബി വാല, ചാട്ട് വാല, ജി‌‌യാന്‍ജി കാ ഫലൂദ തുടങ്ങി നിരവധി സ്റ്റാളുകള്‍ ഇവിടെയുണ്ട്. അ‌ര നൂറ്റാണ്ടിലേറെക്കാലമായി നിലകൊള്ളുന്നവയാണ് ഇവയെല്ലാം.

Noorin-Fahim
നൂറിനൊപ്പം ഫാഹിം സഫർ

പാരിസ് നഗരമാണ് ഡ്രിം ഡെസ്റ്റിനേഷൻ

നഗരങ്ങളോടുള്ള ഇഷ്ടം കൊണ്ടായിരിക്കും, ഏറ്റവും അധികം കാണാൻ ആഗ്രഹിക്കുന്ന സ്ഥലം പാരിസ് ആണ്. പലരും പറഞ്ഞു കേട്ടിട്ടുള്ള ഈഫൽ ടവറിന്റെ മുമ്പിൽ നിന്ന് ഒരു ഫോട്ടോ എടുക്കണം.’’

 അധികം താമസിയാതെ ആ ഫോട്ടോ സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്യുമെന്നും ഫാഹിം പറയുന്നു. അതു തന്റെ പ്രിയസഖി നൂറിന്റെ ഒപ്പമായിരിക്കും. കഴിഞ്ഞ ഡിസംബറിൽ ആണ് ഫാഹിം സഫറും നൂറിൻ ഷെരീഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. സിനിമയിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായ ഇരുവരും ഏറെനാളുകളായി പ്രണയത്തിലായിരുന്നു. 

Content Summary : Travel talk with artist Fahim Safar. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS