ADVERTISEMENT

മനോഹരമായ ഒരു യാത്രയിലാണ് ബോളിവുഡിന്റെ പ്രിയതാരം ഷാഹിദ് കപൂർ. നമ്മുടെ അയൽരാജ്യമായ ഭൂട്ടാനാണ് അതിനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്. ‘ബ്ലഡി ഡാഡി’ എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. എല്ലാ ഇന്ദ്രിയങ്ങളെയും ഉണർത്തിയ യാത്രയെന്നാണ് ഭൂട്ടാനിലേക്കുള്ള സഞ്ചാരത്തെ ഷാഹിദ് വിശേഷിപ്പിച്ചത്. യാത്രയുടെ മനോഹര ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. പുനഖ താഴ്‌വരയിലെ ‘സിക്സ് സെൻസെസ് ഭൂട്ടാൻ’ എന്ന അത്യാഡംബര ഹോട്ടലിലാണ് ഷാഹിദിന്റെ താമസം. അവിടെ നിന്നു പകർത്തിയതാണ് ചിത്രങ്ങളിലേറെയും. എന്റെ എല്ലാ ഇന്ദ്രിയങ്ങളെയും ഉണർത്താൻ സിക്സ് സെൻസെസ് എന്ന ഈ മനോഹര ഹോട്ടലിനു കഴിഞ്ഞെന്നും മികച്ച സേവനമാണ് അവരുടേതെന്നും ഭൂട്ടാൻ സുന്ദരമായ രാജ്യമാണെന്നും അദ്ഭുതപ്പെടുത്തുന്ന അനുഭവങ്ങൾ സമ്മാനിച്ചെന്നും ഷാഹിദ് ചിത്രങ്ങൾക്കു താഴെ കുറിച്ചിട്ടുണ്ട്.

Image Credit : Shahidkapoor/instagram.com
Image Credit : Shahidkapoor/instagram.com

 

Image Credit : Shahidkapoor/instagram.com
Image Credit : Shahidkapoor/instagram.com

അത്യാധുനിക സംവിധാനങ്ങളും ആഡംബരവും ഒത്തിണങ്ങിയ പ്രോപ്പർട്ടി ആണ് സിക്സ് സെൻസെസ്. നെൽപാടങ്ങളും ഫാം ഹൗസുകളുമാണ് റിസോർട്ടിനു ചുറ്റുമുള്ള ആദ്യ കാഴ്ച. താഴ്‌വരയുടെ സൗന്ദര്യം വെളിവാക്കുന്ന തരത്തിലുള്ളതാണ് സ്യൂട്ട് മുറികൾ. ശാന്തമായി വിശ്രമിക്കാനുള്ള സൗകര്യമുണ്ട്. ഹിമാലയത്തിന്റെ ദൂരക്കാഴ്ചയും ഇവിടെനിന്നു ലഭിക്കും. സ്യൂട്ട് മുറികൾ മാത്രമല്ല, വില്ലകളും ഇവിടെ അതിഥികളെ സ്വീകരിക്കാനായി കാത്തിരിക്കുന്നുണ്ട്. ഒന്നു മുതൽ മൂന്നു വരെ കിടപ്പുമുറികളുള്ള വില്ലകൾ താൽപര്യമനുസരിച്ചു തിരഞ്ഞെടുക്കാം. കൂടാതെ പൂൾ, ബുട്ടിക്‌, യോഗയും മെഡിറ്റേഷനും ചെയ്യാൻ വേണ്ടിയുള്ള ഹട്ടുകൾ തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്.  

 

സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെ തെളിഞ്ഞതും സുഖകരവുമായ കാലാവസ്ഥയായിരിക്കും. ആ സമയങ്ങളിൽ റിസോർട്ടിൽനിന്നു നോക്കിയാൽ ഹിമാലയൻ മലനിരകൾ വ്യക്തമായി കാണാം. മാർച്ച് മുതൽ മേയ് വരെ വേനൽക്കാലമാണ്. ജൂൺ മുതൽ ഓഗസ്റ്റ് വരെ മഴയാണെങ്കിലും പച്ചയണിഞ്ഞു നിൽക്കുന്ന പ്രകൃതിയുടെ കാഴ്ച അതിസുന്ദരം തന്നെയാണ്. ഫെബ്രുവരി - മാർച്ച് മാസങ്ങളിലാണ് പുനഖ ദ്രുബ്ചെൻ എന്ന വിശേഷപ്പെട്ട ഉത്സവം. 17 –ാം നൂറ്റാണ്ടിൽ ടിബറ്റൻ സൈന്യവുമായി നടന്ന യുദ്ധത്തിന്റെ പുനരാവിഷ്കാരമാണ് ഈ ഉത്സവം. പുനഖ ഷെച്ചു എന്ന ഉത്സവവും ഈ സമയത്താണ്.

 

പുനഖ താഴ്​വരയുടെ സൗന്ദര്യം അടുത്തറിയുന്നതിനായി ബൈക്കിൽ ഒരു യാത്ര പോകണമെന്നുള്ളവർക്ക് അതിനുള്ള സൗകര്യങ്ങളും റിസോർട്ട് ഒരുക്കിത്തരും. ചോർട്ടൻ നിങ്‌പോ എന്ന മൊണാസ്ട്രി ഈ താഴ്‌വരയിൽത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്. പ്രഭാതത്തിൽ ഇവിടം സന്ദർശിക്കുന്നത് മനസ്സിനു ശാന്തത സമ്മാനിക്കുമെന്ന് മാത്രമല്ല, അവിടുത്തെ മൊണാസ്ട്രികളിലെ ജീവിതം എങ്ങനെയെന്നു മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യും. ഹിമാലയത്തിലെ ധോച്ചുല പാസിന്റെ മനോഹര കാഴ്ചകളും ഇവിടെനിന്നു പകർത്താം. ബുദ്ധമത കേന്ദ്രങ്ങളും പല വർണങ്ങളിലുള്ള പതാകകളുമൊക്കെ ആ പ്രദേശത്തിന്റെ മാറ്റുകൂട്ടുന്നു. 

 

Content Summary : Phenomenal experience in Bhutan, images shared by Shahidkapoor.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com