ADVERTISEMENT

അഭയ ഹിരൺമയിക്കു യാത്രയെന്നാൽ അച്ഛന്റെ ഓർമകളാണ്. അച്ഛനോളം തന്നെ സ്വാധീനിച്ച ഒരാളില്ലെന്നും യാത്ര ചെയ്യാനും പല സംസ്കാരങ്ങളും നാടുകളും രുചികളുമെല്ലാം അനുഭവിച്ചറിയാനും തന്നെ പഠിപ്പിച്ചത് അച്ഛനാണെന്നും അഭയ. കാതുകൾക്ക് ഇമ്പമേകുന്ന സംഗീതം പോലെ, ചിട്ടപ്പെടുത്തിയ നല്ലൊരു പാട്ടുപോലെയാണ് അഭയയുടെ ഓരോ യാത്രയും. മനോരമ ഓൺലൈനിൽ തന്റെ യാത്രാവിശേഷങ്ങളുമായി അഭയ ഹിരൺമയി.

അഭയ ഹിരൺമയി

ജനിച്ചപ്പോൾ തുടങ്ങിയ യാത്ര

കാതു കുത്തിയത് മധുര മീനാക്ഷി ക്ഷേത്രത്തിൽ, ചോറുണു മൂകാംബികയിൽ, തുലാഭാരം നടത്തിയത് ഗുരുവായൂരും, പഴനിയിലാണു മൊട്ടയടിച്ചത്. ജനിച്ചപ്പോൾ മുതലുള്ള യാത്രയെന്ന് ഉദ്ദേശിച്ചത് ഇതാണെന്ന് അഭയ ഹിരൺമയി. അന്ന് തുടങ്ങിയ യാത്ര എന്നുപറയുന്നത് ഒരു ജീവിത രീതിയാണ്. അച്ഛൻ ഡൽഹി ദൂരദർശനിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. പിന്നിട് തിരുവനന്തപുരത്തേക്കു വന്നു. ഞങ്ങളൊക്കെ ജനിച്ചത് ഇവിടെയാണ്. കേന്ദ്രസർക്കാർ ജീവനക്കാരനായതിനാൽ വർഷത്തിലൊരിക്കൽ നോർത്ത് ഇന്ത്യ ടൂർ പോകുന്ന ഒരു സംവിധാനം അച്ഛനു കിട്ടുമായിരുന്നു. അങ്ങനെ തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് ഒത്തിരി ടൂറുകൾ നടത്തിയിട്ടുണ്ട്. ഡൽഹി, യുപി, രാജസ്ഥാൻ, മഥുര, തുടങ്ങിയ ഭാഗങ്ങളിലൊക്കെ രണ്ടു പ്രാവശ്യമെങ്കിലും അന്നു പോകുമായിരുന്നു. അതുകൊണ്ടുതന്നെ യാത്രകളെന്നു പറഞ്ഞാൽ എനിക്ക് അച്ഛന്റെ ഓർമകളാണ്.

അച്ഛനാണ് നോർത്ത് ഇന്ത്യൻ രുചികൾ ആദ്യം പരിചയപ്പെടുത്തിയത്. ആ യാത്രകളിലൊക്കെ ഓരോ നാട്ടിലെയും ലോക്കൽ ഫുഡുകളാണ് അധികവും ടേസ്റ്റ് ചെയ്തിരുന്നത്. ചെറുപ്രായത്തിൽ കഴിച്ച ലസ്സിയുടേയും നോർത്ത് ഇന്ത്യൻ നൂഡിൽസിന്റെയും രുചി നാവിലുണ്ട് അഭയ പറയുന്നു. ഒരിക്കൽ ലസി വേണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ ഓടിപ്പോയി ഒരു ചെറിയ കടയിൽനിന്നു വാങ്ങിവരുന്നത് ഇന്നും മായാതെ നിൽക്കുന്ന ഓർമയാണ്. വണ്ടി പുറപ്പെടാറായിട്ടും ഞങ്ങളുടെ ആവശ്യം നടത്തിത്തരാൻ വേണ്ടിയാണ് അച്ഛൻ അന്ന് ശ്രമിച്ചത്.

മൺസൂൺകാലത്തെ ശ്രീലങ്ക

ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മനോഹരമായ രാജ്യമാണ് ശ്രീലങ്ക. ശ്രീലങ്കയോളം എന്നെ സ്വാധീനിച്ച മറ്റൊരിടം ചിലപ്പോൾ യുക്രെയ്ൻ മാത്രമാകും. ശ്രീലങ്കൻ വിശേഷം തന്നെ ആദ്യം പറഞ്ഞുപോകാം. ക്രിക്കറ്റ് കാണുന്ന ശീലമുണ്ടായിരുന്നതു കൊണ്ട് ഫെയ്മസ് ശ്രീലങ്കൻ പ്ലേയേഴ്സായ മുത്തയ്യ മുരളീധരനേയും മറ്റുമറിയാം, പിന്നെ പ്രധാനമന്ത്രി ചന്ദ്രിക കുമാരതുംഗെയെ അറിയാം. ഇതല്ലാതെ കാര്യമായ പഠനമൊന്നും ആ യാത്രയ്ക്ക് മുൻപു നടത്തിയിരുന്നില്ല. പക്ഷേ ഞാൻ കണ്ടതിൽ വച്ചേറ്റവും മനോഹരമായ പ്രകൃതിയും കാഴ്ചകളും ആളുകളുമുള്ള നാടാണത്. ഞങ്ങൾ ചെല്ലുന്നത് ഒരു മൺസൂൺ കാലത്താണ്. പ്രളയ പ്രതീതിയായിരുന്നു അവിടെ. പലയിടത്തും വെള്ളം കയറിയിരുന്നുവെങ്കിലും നല്ലൊരു യാത്രാനുഭവമാണ് ആ നാട് സമ്മാനിച്ചത്.

ശ്രീലങ്കയെന്നുപറയുമ്പോൾ എനിക്ക് എപ്പോഴും ഓർമ വരുന്നത് ‘കന്നത്തിൽ മുത്തമിട്ടാൽ’ എന്ന സിനിമയാണ്. അവിടെ യാത്രചെയ്യുന്ന സമയം കാർ ഡ്രൈവറോട്, തമിഴ് വംശജരും സിംഹള വംശജരും തമ്മിലുള്ള ആഭ്യന്തകലഹങ്ങളെക്കുറിച്ചൊക്കെ ചോദിച്ചു. അതൊക്കെ അറിയുക എന്നതായിരുന്നു എന്റെ ആദ്യ കൗതുകങ്ങൾ. അപ്പോൾ കൂടെയുള്ളവർ എന്നോട് ‘എന്തിനാ അങ്ങനെയൊക്കെ ചോദിക്കുന്നത്, യാത്ര ആസ്വദിച്ചാൽപ്പോരേ, അവരെ ബുദ്ധിമുട്ടിക്കുന്നതെന്തിനാ’ എന്നൊക്കെ ചോദിച്ചു. ഞാൻ പക്ഷേ ആ ഒരു അറിവുമായിട്ടായിരുന്നു അവിടെയെത്തിയതെങ്കിലും ഏറ്റവും നല്ല ഓർമകൾ സമ്മാനിച്ച് മനസ്സ് നിറച്ചാണ് ശ്രീലങ്ക എന്നെ യാത്രയാക്കിയത്. ശ്രീലങ്കയിലെ വംശഹത്യയുടെയും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍, പോരാട്ടങ്ങള്‍ക്കിടയില്‍ അകപ്പെടുന്ന സാധാരണക്കാരന്റെ വേദന ചിത്രീകരിക്കുന്ന ടി.ഡി.രാമകൃഷ്ണന്റെ “സുഗന്ധിയെന്ന ആണ്ടാൾ ദേവനായകി” എന്ന പ്രശസ്തമായ നോവൽ ഇറങ്ങിയതോടെ ശ്രീലങ്കയോടുള്ള ആരാധന കൂടി. ഒരിക്കൽക്കൂടി അവിടെ പോകണമെന്നതാണ് ആഗ്രഹം. അതും മൺസൂൺയാത്രയാണ് ഉദ്ദേശിക്കുന്നത്.

ടോയ്‌ലറ്റ് പേപ്പറിലൂടെ വരെ പുടിനെ വെറുക്കുന്ന നാട്

ഇന്നത്തെ യുക്രെയ്ൻ കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നാറുണ്ട്. ഞാൻ ആ രാജ്യം സന്ദർശിക്കുന്ന സമയത്ത് പുടിൻ വിരോധം ഉച്ചസ്ഥായിലായിരുന്നു. റഷ്യയും യുക്രെയ്നും തമ്മിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അന്ന് അവിടെ ചെല്ലുന്ന സമയത്ത് വലിയ കുഴപ്പങ്ങളില്ലായിരുന്നു. യാത്ര ചെയ്യുന്ന നാടുകളിലെ രാഷ്ട്രീയ കാര്യങ്ങൾ അറിയാൻ താൽപര്യമുള്ളയാളായതിനാൽ യുക്രെയ്ൻ യാത്രയിലുടനീളം റഷ്യയുടെ കടന്നുകയറ്റത്തിന്റെ കഥകളായിരുന്നു അധികവും അറിഞ്ഞത്. കടകളിലൊക്കെ വിൽപനയ്ക്കു വച്ചിരിക്കുന്ന ടോയ്‌ലറ്റ് പേപ്പറിൽപോലും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ മുഖമായിരുന്നു. അത്ര വെറുപ്പാണ് യുക്രെയ്ൻകാർക്ക് റഷ്യയോട്. നമ്മൾ ഇവിടെയിരുന്നു പത്രം വായിച്ചാലോ പുസ്തകങ്ങളിലൂടെയോ കിട്ടുന്നതല്ല, ആ രാജ്യത്ത് പോയി അവിടെയുള്ള സാധാരണക്കാരോട് അവിടുത്തെ കാര്യങ്ങൾ ചോദിച്ചറിയുന്നതാണ് എന്നെ സംബന്ധിച്ച് ഓരോ യാത്രയുടേയും ഉദ്ദേശ്യം. യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്കായിരുന്നു യാത്ര. യുക്രെയ്ൻ മുഴുവൻ കാണാനായില്ലെങ്കിലും ആ നാടിന്റെ സംസ്കാരവും ജീവിതരീതിയും സംഗീതത്തോടുള്ള ആത്മാർഥതയുമെല്ലാം അടുത്തറിയാനായി. എന്നാലിന്ന് യുക്രെയ്ന്റെ അവസ്ഥ കാണുമ്പോൾ വല്ലാത്ത വിഷമം തോന്നും. അന്ന് ഞാൻ നടന്ന വഴികളും തെരുവോരങ്ങളുമെല്ലാം ഇന്ന് റഷ്യ ബോംബിട്ട് നശിപ്പിച്ച കാഴ്ച സങ്കടപ്പെടുത്തുന്നതാണ്. എത്ര ഫോട്ടോയെടുത്താലും മതിവരാത്തത്ര മനോഹരമായൊരു നാടാണ് യുക്രെയ്ൻ. നിറയെ കലാകാരൻമാരുള്ള രാജ്യം. വഴിയോരങ്ങളിരുന്നു പാട്ടുപാടുന്ന, വയലിൻ വായിക്കുന്ന സംഗീതജ്ഞൻമാരാൽ സമ്പന്നമാണ് കീവിന്റെ വൈകുന്നേരങ്ങൾ. അവിടുത്തെ ലോക്കൽ മാർക്കറ്റുകളിൽനിന്നു വാങ്ങിയ പല സാധനങ്ങളും ഇന്നും ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്. യുക്രെയ്ൻ മുഴുവൻ എനിക്കന്ന് കാണാനായില്ല. എന്നാലിനി ഒരിക്കലും ഞാൻ അന്ന് കണ്ട മനോഹരമായ നാട് വീണ്ടും കാണാനുമാകില്ല.

അസർബൈജാൻ എന്ന സംഗീതലോകം

അസർബൈജാൻ സംഗീതജ്ഞരുടെ നാടാണ്. എവിടെയും മനസിസു കീഴടക്കുന്ന സംഗീതം നിറഞ്ഞൊരു നാട്. ഞങ്ങൾ ചെല്ലുമ്പോൾ നല്ല തണുപ്പുള്ള സമയമായിരുന്നു. ഭക്ഷണപ്രിയയായതുകൊണ്ട് എവിടെ ചെന്നാലും അവിടുത്തെ എല്ലാത്തരം ഭക്ഷണങ്ങളും രുചിച്ചുനോക്കും. അങ്ങനെ ഒരു കഫേയിലിരുന്ന് കഴിക്കുന്ന സമയത്ത് ഒരു മ്യൂസിഷ്യൻ ഗിത്താർ പോലൊരു സംഗീതോപകരണം വായിക്കുകയാണ്. ഒരു മണിക്കൂർ നേരത്തേക്കു പോയ ഞങ്ങൾ രണ്ട് മണിക്കൂർ അവിടിരുന്ന് അദ്ദേഹത്തിന്റെ സംഗീതമാസ്വദിച്ചിട്ടാണ് തിരിച്ചത്. യൂട്യൂബിൽ അദ്ദേഹത്തിന്റെ ചാനൽ വരെ തപ്പികണ്ടുപിടിച്ചു, അത്ര മനോഹരമായിട്ടായിരുന്നു അദ്ദേഹം ആ സംഗിതോപകരണം വായിച്ചത്. ഒരു ആഴ്ചയിലൊതുങ്ങുന്ന യാത്രകളാണ് പലതും. ആ ദിവസങ്ങൾക്കുള്ളിൽ എന്തെല്ലാം കാണാൻ പറ്റുമോ അതൊക്കെ കാണുക. പിന്നെ ഏതു രാജ്യത്തേക്കു യാത്ര ചെയ്താലും തിരിച്ചിറങ്ങുന്നത് ബാങ്കോക്കിലായിരിക്കും. അത് വേറൊരു ഫീലാണ്.

തായ്‌ലൻഡ് എന്ന സെക്കൻഡ് ഹോം

ഏതു രാജ്യത്തേക്കു പോയാലും ആ യാത്ര അവസാനിക്കുന്നത് ബാങ്കോക്കിലായിരിക്കും. യുക്രെയ്ൻ, അസർബൈജാൻ, ബാലി, ഓസ്ട്രേലിയ, കാനഡ അങ്ങനെ എവിടെയൊക്കെ പോയിട്ടുണ്ടോ, തിരിച്ചിറങ്ങുന്നത് ബാങ്കോക്കിലാണ്. ഫുഡിയായതിനാലും തായ്‌ലൻഡ് ഭക്ഷണപ്രിയരുടെ തറവാടായതിനാലും അങ്ങോട്ടേക്കുള്ള എല്ലാ യാത്രകളും പ്രിയപ്പെട്ടതാണ്. ഒരു അടിച്ചുപൊളി പ്ലേയ്സാണ് തായ്​ലൻഡ്. പക്ഷേ അതിനു വേറൊരു മുഖമുണ്ട്. ലോകത്തിലെ ഏറ്റവും രുചിയുള്ള വിഭവങ്ങൾ കിട്ടുന്ന നാടാണത്. ഞങ്ങൾ തായ്​ലൻഡിൽ പോകുന്നതു തന്നെ വെറൈറ്റി ഫുഡ് പരീക്ഷിക്കാനായിരിക്കും. ഞാനാണ് എറ്റവും കൂടുതൽ ഫുഡ് വെറൈറ്റികൾ ട്രൈ ചെയ്യുക. സകല സ്ട്രീറ്റ് ഫുഡും ഞാൻ കഴിച്ചുനോക്കിയിട്ടുണ്ട്. തായ്​ലൻഡിലെ സീഫുഡ് ആരാധിക കൂടിയാണ്. ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം എതെന്നു ചോദിച്ചാൽ നമ്മുടെ നാടൻ ഫുഡും പിന്നെ തായ്‌ലൻഡ് ഫുഡുമാണ്. ഒരു നാടിന്റെ സംസ്കാരം അടുത്തറിയാൻ ഏറ്റവും നല്ല മാർഗം അവിടുത്തെ രുചിവൈവിദ്ധ്യങ്ങൾ ആസ്വദിക്കുക എന്നതാണ്.

ഇന്നും വർണ്ണവിവേചനമുള്ള പരിഷ്കൃതനാടുകൾ

ഓസ്ട്രേലിയ പോലെ പുരോഗമനചിന്താഗതിയുള്ള നാട്ടിൽ ഇന്നും നിറത്തിന്റെ പേരിൽ വിവേചനമുണ്ട്. ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ ചെന്നപ്പോൾ ഒരുതരം ഒറ്റപ്പെടലാണ് അനുഭവിക്കാനായ് നമ്മൾ കണ്ടും കേട്ടുമറിയുന്നതല്ല, നേരിട്ടു കാണുമ്പോൾ പല സ്ഥലങ്ങളും. ഓസ്ട്രേലിയയിൽ ചെന്നപ്പോൾ കണ്ട കാഴ്ച, ഒരു വീട് കഴിഞ്ഞു മൈലുകൾക്കപ്പുറത്താണ് അടുത്ത വീട് വരുന്നത്. ഒറ്റപ്പെട്ടൊരവസ്ഥ. പറയുമ്പോൾ ഇംഗ്ലിഷുകാരാണ്, ഭയങ്കര റിയലസ്റ്റിക്കാണ് എന്നൊക്കെ നമുക്ക് തോന്നും, പക്ഷേ അവടെയൊക്കെ ഇപ്പോഴും ഭയങ്കര റേസിസ്റ്റുകളായ ആളുകളാണുള്ളത്. നിറത്തിന്റെ പേരിലടക്കം ഇന്നും വളരെ മോശമായ വിവേചനമനോഭാവമുള്ളവരാണ് ഓസ്ട്രേലിയയിൽ. നമ്മളെ പെട്ടെന്ന് അവർ തിരിച്ചറിയും. മൂന്നാം ലോക രാജ്യമല്ലെങ്കിൽക്കൂടി ഇന്ത്യയെ അങ്ങനെ കാണാനാണ് അവർക്ക് ആഗ്രഹം. നമ്മളോടുള്ള അവരുടെ അവഗണന ശരിക്കും ഫീൽ ചെയ്യും.

യാത്രകളും ഓർമകളും വിലമതിക്കാനാവാത്ത സമ്പത്ത്

ഈയടുത്ത് വയനാട് പോയിരുന്നു. അച്ഛന്റെ രണ്ടാം ചരമവാർഷികത്തിൽ കർമങ്ങൾക്കായി തിരുനെല്ലിയിലും പോയിരുന്നു. അടുത്തു നടത്തിയ ഏറ്റവും നല്ലൊരു യാത്രയും ഇതുതന്നെയാണ്. കുറേനാളുകൾക്ക് ശേഷമാണ് വയനാട്ടിൽ താമസിക്കുന്നത്. കുടുംബവുമൊത്തുള്ള ആ യാത്ര മുഴുവൻ പ്ലാൻ ചെയ്തത് ‘പ്ലാൻ ട്രിപ്സ്’ എന്ന കമ്പനിയാണ്. നമ്മുടെ താമസം അടക്കമുള്ള എല്ലാ കാര്യങ്ങളും ചെയ്തുതന്നത് അവരാണ്. ഒറ്റയ്ക്ക് ഇന്ന് വരെ ഞാൻ യാത്ര ചെയ്തിട്ടില്ല. ഇതുവരെയുള്ളതെല്ലാം സുഹൃത്തുക്കൾക്കും ഫാമിലിക്കുമൊപ്പമുളള സേഫ് ട്രിപ്പുകളായിരുന്നു. ഇനിയൊരു സോളോ ട്രാവൽ ചെയ്താൽ കൊള്ളാമെന്നുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴുള്ള അനുഭവം എങ്ങനെയായിരിക്കുമെന്ന് അറിയുന്നതിന് വേണ്ടിയാണ്. എനിക്ക് കൂടുതലും കൂട്ടുകൂടി യാത്ര ചെയ്യാനാണ് ഇഷ്ടം. കളിചിരികളും വർത്തമാനങ്ങളും നിറഞ്ഞ, ഫുഡൊക്കെ ഷെയർ ചെയ്തു കഴിച്ച്, കഥകളും കാര്യങ്ങളുമൊക്കെ പറഞ്ഞു പോകുന്നതാണ് എന്നെ സംബന്ധിച്ച് കംഫർട്ടബിളായിട്ടുള്ള യാത്ര. ഓരോ യാത്രയും നമുക്ക് സമ്മാനിക്കുന്നത് ഒരു ആയുഷ്കാലത്തേയ്ക്കുള്ള സമ്പാദ്യമാണ്. കുറേ പണം സമ്പാദിച്ചതുകൊണ്ടോ വിലകൂടിയ വസ്തുക്കൾ സ്വന്തമാക്കിയതുകൊണ്ടോ നമ്മളാരും ജീവിതത്തിൽ ഒന്നും നേടുന്നില്ല. എന്നാൽ യാത്രകൾ ഭൂതകാലത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. വീണ്ടും വീണ്ടും മടങ്ങിചെല്ലാനുള്ള ക്ഷണക്കത്താണ്. എന്റെ നല്ല ഓർമകളിലധികവും യാത്രകളിലൂടെയുള്ളതാണ്. ആരോഗ്യവും പ്രപഞ്ചവും അനുവദിക്കുന്നിടത്തോളം കാലം യാത്ര ചെയ്യാനാണ് എന്റെ ആഗ്രഹം.

Content Summary : Here is a travel experience shared by Abhaya Hiranmayi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com