ADVERTISEMENT

ഇതുവരെ കാണുകയും അറിയുകയും ചെയ്യാത്തവ അനുഭവിക്കാൻ അവസരം നൽകുന്ന യാത്രകളോടായിരിക്കും ചിലർക്ക് പ്രിയം. മുൻ താരസുന്ദരി പൂജ ബത്രയും അങ്ങനെയൊരു യാത്രയിലാണ്. ദക്ഷിണാഫ്രിക്കയിലെ ടാൻസാനിയയിലെ ആ യാത്രയിൽ, നിറയെ ആമകൾ ഉള്ള ഒരു ജലാശയത്തിൽ നീന്താനുള്ള അവസരമാണ് പൂജ ബത്രയ്ക്കു ലഭിച്ചത്. ആമകളെ തൊട്ടും അവയ്‌ക്കൊപ്പം നീന്തിയും ജീവിതത്തിൽ ആദ്യമായി ലഭിച്ച ഒരു അനുഭവത്തിന്റെ നിർവൃതിയിലാണ് താരം. '' ആമകൾക്കൊപ്പം നീന്തുന്നു'' എന്ന തലക്കെട്ടോടെ പൂജ ബത്ര തന്നെയാണ് വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ധാരാളം കടലാമകളുടെ ആവാസ സ്ഥലമായ ജലാശയത്തിൽ  നീന്താനും അവയെ സ്പർശിക്കാനുമൊക്കെ അവസരം ലഭിക്കുമെന്നതു കൊണ്ടുതന്നെ ഈ മനോഹര അനുഭവത്തിനായി നിരവധി പേരാണ് ഇവിടെയെത്തുന്നത്. 

 

ടാൻസാനിയയിലെ സാൻസിബാർ എന്ന ദ്വീപിലെ നുൻഗ്വി എന്ന ഗ്രാമത്തിലെത്തുന്നവർക്കാണ് ആമകൾക്കൊപ്പം സമയം ചെലവഴിക്കാനുള്ള അസുലഭാവസരം ലഭിക്കുന്നത്. അവിടെ കടലാമകൾക്ക് വേണ്ടി ഒരു പ്രത്യേക അക്വേറിയം തന്നെയുണ്ട്. സ്വാഭാവിക രീതിയിൽ ആമകളെ പരിപാലിച്ചു പോരുന്ന ഇവിടെ സന്ദർശകരായി എത്തുന്നവർക്ക് ആമകളെ തൊടാനും അവയ്‌ക്കൊപ്പം നീന്താനും അവസരം ലഭിക്കും.  ബരാക അക്വേറിയം എന്നാണ് ഇതിനു പേര്. സാൻസിബാറിലെ നുൻഗ്വി എന്ന ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മൽസ്യ ബന്ധനത്തിനു പോകുന്നവരുടെ വലകളിൽ അകപ്പെട്ടുപോകുന്ന കടലാമകളെ വാങ്ങി, അവയ്ക്കു ഭക്ഷണവും അതിനൊപ്പം തന്നെ സ്വാഭാവികമായി ജീവിക്കാനുള്ള അന്തരീക്ഷവും നൽകി പരിപാലിച്ചു കൊണ്ടാണ് അക്വേറിയം ആരംഭിച്ചത്. 

 

അക്വേറിയം കാണാനെത്തുന്ന അതിഥികൾക്കു തൊട്ടടുത്തുള്ള ആലുന ബീച്ചും ആമ സങ്കേതവും സന്ദർശിക്കാവുന്നതാണ്. നുൻഗ്വി മൽസ്യ മാർക്കറ്റിൽ നിന്നും അധികം അകലെയല്ലാതെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. രാവിലെ 8.00 മണി മുതൽ വൈകുന്നേരം 6.45 വരെ ഇവിടം സന്ദർശിക്കുകയും ആമകൾക്കൊപ്പം നീന്തുകയും ചെയ്യാം. എന്നാൽ അതിരാവിലെയും വൈകുന്നേരവും പ്രവേശനമില്ല, 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയം സന്ദർശനത്തിനു തെരഞ്ഞെടുക്കാം. ഉച്ചയ്ക്ക് 1 മണിമുതൽ 3 മണി വരെയുള്ള സമയത്തു ഇവിടെ സന്ദർശകരുടെ നല്ല തിരക്കായിരിക്കും. 

 

ആമകൾക്കൊപ്പം നീന്തണമെങ്കിൽ പ്രവേശന ഫീസുണ്ട്. പത്ത് ഡോളറാണ് അതിനു ഈടാക്കുന്നത്. ആദ്യം ഒരല്പം പേടിതോന്നുമെങ്കിലും ജലാശയത്തിലിറങ്ങിയാൽ ആ ഭയം മാറിക്കൊള്ളുമെന്നാണ് ഇതിന്റെ നടത്തിപ്പുകാർ പറയുന്നത്. ബരാക അക്വേറിയത്തിന്റെ അത്രയും വലുപ്പമില്ലെങ്കിലും ഇതിനു സമീപത്തായി മാറാനി എന്ന പേരിൽ മറ്റൊരു അക്വേറിയവും കാണുവാൻ സാധിക്കും. അവിടെയും ധാരാളം ആമകൾ ഉണ്ടെന്നു മാത്രമല്ല, അവയ്‌ക്കെല്ലാം ഭക്ഷണം കൊടുക്കാനും നീന്താനുമുള്ള സൗകര്യങ്ങളുമുണ്ട്. സന്ദർശകർക്കു വിസ്മരിക്കാൻ കഴിയാത്ത അനുഭവങ്ങൾ സമ്മാനിക്കുമെന്നതു കൊണ്ടു തന്നെ സാൻസിബാർ സന്ദർശിക്കുന്നവർ ഇവിടവും മറക്കാതെയിരിക്കുക.

 

Content Summary : Swimming with the turtles, Tanzania travel video shared by Pooja Batra.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com