ADVERTISEMENT

‘‘ഈയടുത്ത് തുർക്കിയിൽ പോയപ്പോഴായിരുന്നു എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ഉണ്ടായത്. ഞങ്ങൾ കപ്പലിൽ യാത്ര ചെയ്യുകയായിരുന്നു. എന്റെ എതിർവശത്തായി രണ്ട് ഉമ്മമാർ ഇരിക്കുന്നുണ്ടായിരുന്നു. റീൽസ് എടുക്കാനായി തട്ടം ഒക്കെ ഇട്ടായിരുന്നു ഞാൻ യാത്ര ചെയ്തിരുന്നത്. എത്ര ഇട്ടിട്ടും തട്ടം ശരിയാകുന്നില്ലായിരുന്നു. ഞാൻ അപ്പോൾ മൊബൈലിൽ നോക്കി അത് ശരിയാക്കുന്ന തിരക്കിലായിരുന്നു. അവരാകട്ടെ എന്നെ നോക്കി ചിരിക്കുന്നുമുണ്ട്. ഞാനും തിരിച്ച് അവരെ നോക്കി ചിരിച്ചു. ഇടയ്ക്ക് രണ്ടുമൂന്ന് വട്ടം ഞങ്ങൾ പരസ്പരം ഇങ്ങനെ ചിരിക്കുകയുണ്ടായി.

 

കുറച്ചു കഴിഞ്ഞു ഇറങ്ങാൻ നേരമായി. ഈ ഉമ്മമാർ നേരത്തെ ഇറങ്ങിയിരുന്നു ഞാൻ പുറകെ ചെല്ലുന്നതേയുള്ളൂ. എന്നാൽ ഞാൻ നോക്കുമ്പോൾ അവർ തിരിച്ചുവരികയാണ് എന്റെ അടുത്തേയ്ക്കു വന്ന ഉടനെ രണ്ടുപേരും എന്റെ കയ്യിൽ പിടിച്ചു. അവർക്ക് എന്തൊക്കെയോ എന്നോട് പറയണം എന്നുണ്ടെന്ന് എനിക്ക് തോന്നി. പക്ഷേ ഞങ്ങൾ രണ്ടു കൂട്ടർക്കും മറ്റേയാളിന്റെ ഭാഷ തീരെ വശമില്ല. അവിടെ ഇംഗ്ലിഷ് അങ്ങനെ ഉപയോഗിക്കുന്നില്ല. കൂടുതൽ ആളുകളും ടർക്കിഷ് ഭാഷ തന്നെയാണ് സംസാരിക്കുന്നത്. പോകാൻ മടിച്ചു നിന്ന ആ ഉമ്മമാർ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്തത് എന്ന് എനിക്ക് ഇന്നും മനസ്സിലായിട്ടില്ല. അപ്പോൾ കണ്ട രണ്ടു മനുഷ്യരാണ്. അവരുടെ ആരെങ്കിലുമായി എന്നെ തോന്നിയിട്ടുണ്ടാവും. എന്തുതന്നെയാണെങ്കിലും ജീവിതത്തിൽ ഒരിക്കലും ഞാൻ ആ അമ്മമാരെ മറക്കില്ല, അവർ എനിക്ക് സമ്മാനിച്ച ആ സ്നേഹവും.’’

 

അനു സിത്താര തന്റെ യാത്ര അനുഭവങ്ങൾ പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്. യാത്ര ഒരു ഓർമക്കൂട്ടാണ്. നമുക്ക് ജീവിതം മുഴുവനും ഓർത്തിരിക്കാൻ കുറെയേറെ നന്മകളും സന്തോഷങ്ങളും നിമിഷങ്ങളും സമ്മാനിക്കുന്ന മനോഹരമായ ഓർമക്കൂട്ട്. അനുവിനെ സംബന്ധിച്ച് യാത്രകൾ അത്ര അങ്ങനെ അധികം ഒന്നും സംഭവിച്ചിട്ടില്ല പക്ഷേ പോയിട്ടുള്ളതെല്ലാം എന്നും ഓർത്തിരിക്കുന്നവയാണ്. ഈയടുത്താണ് തുർക്കിയിൽ യാത്ര പോയത്. ഒത്തിരി യാത്രകൾ ഒന്നും നടത്തിയിട്ടില്ലാത്തതുകൊണ്ടു തന്നെ ഈ യാത്രയും മനസ്സിനോട് ചേർന്നുനിൽക്കുന്നു. അനു സംസാരിക്കുന്നു.

 

യൂറോപ്പും ഏഷ്യയും ഒരുമിച്ച് അനുഭവിച്ചറിയാം

 

വളരെ മനോഹരമായ സ്ഥലമാണ് തുർക്കി. അവിടുത്തെ ആളുകളും രീതികളും ഭക്ഷണങ്ങളും എല്ലാം ഇഷ്ടമായി. വളരെ സൗഹാർദപരമായ നിലപാടാണ് ആ നാട്ടുകാർ പുറത്തുനിന്നുള്ള നമ്മളോടൊക്കെ കാണിക്കുന്നത്. ഞാൻ പോയിവന്നതിനു ശേഷം ഒരുപാടു പേരോട് പറഞ്ഞു ഒരിക്കലെങ്കിലും തുർക്കിയിൽ പോകണമെന്ന്. രണ്ടു സംസ്കാരങ്ങൾ ഒരേസമയം അനുഭവിച്ചറിയാനുള്ള അവസരം തുർക്കിയിലുണ്ട്. തുർക്കിയുടെ ഒരു വശം യൂറോപ്പും മറ്റൊരു വശം ഏഷ്യയുമാണ്. യൂറോപ്പിൽനിന്നു നമുക്ക് ഏഷ്യയിലേക്കു പോകണമെങ്കിൽ ഒരു പാലം കടന്നാൽ മാത്രം മതി. അതായത് ഒരു പാലത്തിന്റെ അപ്പുറത്തു യൂറോപ്പും ഇപ്പുറത്ത് ഏഷ്യയും. അതുകൊണ്ട് നമുക്ക് രണ്ടു ഭൂഖണ്ഡങ്ങളിലെ പ്രത്യേകതകൾ കാണാനും അനുഭവിക്കാനും അറിയാനുമൊക്കെ സാധിക്കും. 

 

ധാരാളം സ്ഥലങ്ങളുണ്ട് തുർക്കിയിൽ കാണാൻ. പ്രത്യേകിച്ച് ഒരു സ്ഥലത്തേക്ക് പോകണം എന്നു പോലുമില്ല. അത്ര മനോഹരമായ, രസകരമായ കാഴ്ചകളും കാര്യങ്ങളുമാണ് തുർക്കിയിലുടനീളമുള്ളത്. വെറുതെ നഗരത്തിലെ തെരുവുകളിലൂടെ നടന്നാൽ തന്നെ മതി. അത്ര രസമാണ് ആ രാജ്യവും അവിടുത്തെ ആളുകളും പിന്നെ നല്ല ഭക്ഷണവും. പലതരത്തിലുള്ള ഫുഡ് നമുക്ക് പരീക്ഷിക്കാം. അങ്ങനെ എല്ലാംകൊണ്ടും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സ്ഥലമായി മാറിയിരിക്കുകയാണ് ഇപ്പോൾ തുർക്കി. 

 

എല്ലാ ഭക്ഷണവും അങ്ങനെ എന്നോട് കൂട്ടുകൂടാറില്ല, പല ഭക്ഷണങ്ങളും കഴിച്ചു നോക്കാറുമില്ല. നിർഭാഗ്യവശാൽ ചില സ്ഥലങ്ങളിലെ ഭക്ഷണം എനിക്കു പണിയും തന്നിട്ടുണ്ട്. പക്ഷേ തുർക്കിയിൽ ചെന്നിട്ടാണ് ഞാൻ കഴിച്ചിട്ടില്ലാത്ത പല ഭക്ഷണങ്ങളും കഴിച്ചത്. അവരുടെ സ്റ്റീക്സും മറ്റുമെല്ലാം ഭയങ്കര ടേസ്റ്റിയാണ്. അവരുടെ ട്രഡീഷനൽ ഫുഡുകൾ വരെ ഞാൻ കഴിച്ചു. സത്യത്തിൽ തുർക്കി എന്ന രാജ്യം എന്നെ ശരിക്കും കീഴടക്കി എന്നു തന്നെ പറയാം.’’

 

ആവി പറക്കും ടർക്കിഷ് ചായയും മനസ്സു കീഴടക്കിയ മഞ്ഞും – ഒരു കുഞ്ഞു കുട്ടിയെപ്പോലെ മഞ്ഞിൽ കളിക്കുന്ന അനു സിത്താരയുടെ ഇൻസ്റ്റയിലെ റീൽ പലരും കണ്ടിട്ടുണ്ടാവും. ആ വിഡിയോയ്ക്ക് പിന്നിലെ കഥ

 

‘‘തുർക്കിയിലേക്ക് പുറപ്പെടുന്നതിനു മുമ്പേ പലരും പറഞ്ഞിരുന്നു അവിടെ നല്ല തണുപ്പാണ്, ഈ കാണുന്നതുപോലെ ഒന്നുമല്ല അവിടെ ചെന്നു കഴിയുമ്പോൾ, നമുക്ക് പറ്റില്ല എന്നൊക്കെ. വയനാട്ടുകാരിയായതിനാലാവാം തണുപ്പ് സഹിക്കാൻ എനിക്കു കുറെയൊക്കെ സാധിക്കും. ഞാൻ ആദ്യമായിട്ടാണ് അത്ര മനോഹരമായി മഞ്ഞ് ആസ്വദിക്കുന്നത്. കൺ നിറഞ്ഞു കാണുക എന്നൊക്കെ പറയാറില്ലേ അതുപോലെയായിരുന്നു. ശരിക്കും മനസ്സും കണ്ണും നിറച്ചു ഞാനത് ആസ്വദിച്ചു. സത്യം പറയാമല്ലോ എനിക്ക് കരച്ചിൽ വന്നു. കാരണം അത്ര ഗംഭീരമായ ഒരു അനുഭവം തന്നെയായിരുന്നു അത്. കണ്ണിനൊക്കെ വല്ലാത്തൊരു സുഖം, നല്ല തെളിച്ചമുള്ള ആ കാഴ്ചകൾ. നല്ല തണുപ്പ് ഉണ്ടായിരുന്നിട്ടു പോലും കുറെ സമയം അവിടെ ചെലവഴിച്ചാണ് ഞങ്ങൾ മടങ്ങിയത്. പിന്നെ തുർക്കിയിൽ കിട്ടുന്ന ചായ ഉണ്ടല്ലോ, ആ ചായയും മഞ്ഞും കിടുക്കൻ കോമ്പിനേഷൻ തന്നെയാണ്. നിങ്ങൾ ഒരിക്കലെങ്കിലും തുർക്കി സന്ദർശിക്കണം, അവിടുത്തെ മഞ്ഞ് ആസ്വദിക്കണം.’’

 

കാടകങ്ങളെ പ്രണയിക്കുന്നവൾ 

 

കാടിനുള്ളിലൂടെയുള്ള യാത്രകളാണ് താൻ ഏറ്റവും കൂടുതൽ ആസ്വദിക്കാറെന്ന് അനു സിത്താര. കാടും മലകളും കാട്ടിലെ മൃഗങ്ങളും പ്രകൃതിയും എല്ലാമാണ് തന്നെ ഏറ്റവും അധികം ആകർഷിച്ചിട്ടുള്ളതും. ‘‘പ്ലാൻ ചെയ്തായിരിക്കില്ല ഞങ്ങളുടെ യാത്രകൾ സംഭവിക്കുന്നത്. പെട്ടെന്ന് പോവുക, കണ്ടുവരിക ഞങ്ങൾ മിക്കവാറും യാത്രകൾ പോകുന്നത് ഈ സ്റ്റൈലിലാണ്. പിന്നെ സുഹൃത്തുക്കളും മറ്റുമൊക്കെ പറഞ്ഞു കേൾക്കുന്ന സ്ഥലങ്ങളുണ്ടല്ലോ. അവിടെയൊക്കെ ഒരിക്കൽ പോകണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അല്ലാതെ മനസ്സിൽ പ്രത്യേകിച്ചൊരു ഡ്രീം ഡെസ്റ്റിനേഷൻ ഇല്ല. ഇഷ്ടം കൂടുതൽ കാടിനോട് തന്നെയാണ്. കാടുമായി ബന്ധപ്പെട്ട എല്ലാ യാത്രകളും ഞാൻ ആസ്വദിക്കാറുണ്ട്. വയനാട്ടുകാരി ആയതുകൊണ്ടാവാം കാടിനോട് ഈയൊരു ഇഷ്ടക്കൂടുതൽ. കാട്ടിനുള്ളിൽ താമസിക്കാനും ഇഷ്ടമാണ്.

 

മുത്തങ്ങ കാടുകളാണ് എൻറെ ഫേവറേറ്റ്. സമയം കിട്ടുമ്പോഴെല്ലാം ഞങ്ങൾ മുത്തങ്ങയിലൂടെ യാത്ര ചെയ്യാറുണ്ട്. മുത്തങ്ങ കാടിനുള്ളിലൂടെ യാത്ര ചെയ്ത് ഗുണ്ടൽപേട്ടയിൽ എത്തും. അവിടെ ചെറിയ ഇടവഴികളുണ്ട്. അതിലൂടെ സഞ്ചരിക്കണം. ശരിക്കും നാട്ടുജീവിതം അറിയണമെങ്കിൽ അവിടെ ചെല്ലണം. കർഷകർ താമസിക്കുന്ന വീടുകളാണ് അവിടെ. പച്ചയും മഞ്ഞയും ചുവപ്പും നിറങ്ങളിലെ വീടുകൾ, ചെറിയ അമ്പലങ്ങൾ, കുളങ്ങൾ, കൃഷിയിടങ്ങൾ. ഭയങ്കര രസമാണ് ആ നാട്ടുവഴികൾ. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും പോകാൻ ആഗ്രഹിക്കുന്നതും അവിടേയ്ക്കാണ്.

 

തിരക്കുപിടിച്ചുള്ള യാത്രകൾ ഇഷ്ടമല്ല. ഒരു സ്ഥലത്തേക്ക് പോകുമ്പോൾ ആ സ്ഥലം കാണാൻ ഏറ്റവും മനോഹരമായ സമയം ഏതാണ് എന്ന് നോക്കിയിട്ട് മാത്രമേ ഞങ്ങൾ അവിടം സന്ദർശിക്കാറുള്ളൂ. ഒരാഴ്ചത്തെ യാത്രയാണെങ്കിൽ പരമാവധി സ്ഥലങ്ങൾ കാണുക എന്നതല്ല, ഏറ്റവും മനോഹരമായ കാര്യങ്ങൾ സമയമെടുത്ത് പൂർണ്ണമായി ആസ്വദിക്കുക എന്നതായിരിക്കും ലക്ഷ്യം.’’

 

Content Summary : Turkey, with its rich history, stunning natural beauty, and diverse cultures, Turkey is a country that has something to offer everyone.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com