ADVERTISEMENT

“നിങ്ങൾ ഇനിയും വിവരിക്കാത്ത ഒരു നഗരം കൂടിയുണ്ട്, വെനീസ്” 

കുബ്ലൈ ഖാൻ പറഞ്ഞു.

മാർക്കോ പോളോ പുഞ്ചിരിച്ചു: “ഞാനിത്രയും നേരം സംസാരിച്ചത് മറ്റെന്തിനെപ്പറ്റിയെന്നാണ് താങ്കൾ കരുതുന്നത്?”

ഖാൻ വിടുന്ന മട്ടില്ല – “പക്ഷേ നിങ്ങൾ ആ പേര് ഇതുവരെ പറഞ്ഞില്ല.”

അനന്തരം പോളോ മറുപടി പറഞ്ഞു: “ഓരോ തവണയും ഞാനൊരു നഗരത്തെ വർണിക്കുമ്പോൾ വെനീസിനെക്കുറിച്ച് ചിലതു പറയുന്നുണ്ട്.”

ഇറ്റാലോ കാൽവിനോ, അദൃശ്യ നഗരങ്ങൾ, 1972

View from the Grand Canal
View from the Grand Canal

വെനീസ് അനന്യമായ നഗരമാണ്. ലോകത്തിൽ അതുപോലെ നിലനിന്ന മറ്റൊരു ജലനഗരമില്ല. ഒരു സ്വപ്നം പോലെയാണ് വെനീസ്. വർത്തമാന നിമിഷത്തിൽ ആയിരിക്കുമ്പോൾ, അപ്രതീക്ഷിതമായി നിങ്ങൾ കഴിഞ്ഞ കാലത്തേക്കു തിരിഞ്ഞു നടക്കും. പുരാതനത്വം നിലനിർത്തുന്നത് എളുപ്പമല്ല, പക്ഷേ 1500 വർഷങ്ങളായി ഈ നഗരം ഇവിടെയുണ്ട്. അഞ്ചാം നൂറ്റാണ്ടിൽ വടക്കൻ ഇറ്റലിയിൽനിന്ന് റോമാക്കാരുടെ ഒന്നാംകിട ശത്രു ആറ്റില ദ് ഹണിനെ ഭയന്ന് പലായനം ചെയ്തവർ, അഡ്രിയാറ്റിക് കടലിന്റെ കവാടത്തിൽ ഉപ്പുവെള്ളം നിറഞ്ഞ കായലിലും കൊതുകു നിറഞ്ഞ ചെളിക്കുണ്ടിലും സൗന്ദര്യം തുളുമ്പുന്ന ഒരു നഗരം പണിതുയർത്തുമെന്ന് ആര് കരുതി? കാലം കാത്തു വച്ച അമൂല്യമായ കലാസൃഷ്ടികളേക്കാൾ വലുതാണ് നഗരത്തിന്റെ ആനച്ചന്തം.

View from the Grand Canal
View from the Grand Canal

ലഗൂണിൽ ചിതറിക്കിടക്കുന്ന നൂറിലധികം ദ്വീപുകൾ നാനൂറിലധികം പാലങ്ങളാൽ ബന്ധിതമാണ്. ചെളിയിൽ മരക്കുറ്റികൾ അടിച്ചു താഴ്ത്തി അടിവാരമിട്ട്, അതിനു മുകളിലാണ് വാസ്തുവിദ്യാ വിസ്മയങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരാഗത രീതിയിലാണ് ഇപ്പോഴും കെട്ടിട നിർമാണം. ചെങ്കല്ലു നിറത്തിലുള്ള ചുവരുകൾക്കപ്പുറം മോഹനശിൽപങ്ങളും ചിത്രങ്ങളുമുണ്ട്. പതിമൂന്ന് മുതൽ പതിനാറു വരെയുള്ള ശതകങ്ങളിൽ, മധ്യ കാലഘട്ടത്തിലും നവോത്ഥാന കാലത്തുമായി നിലനിന്ന വെനീഷ്യൻ റിപ്പബ്ലിക് യൂറോപ്പിലെ സാമ്പത്തിക, വ്യാപാര, നാവിക മേഖലകളിൽ വൻശക്തിയായിരുന്നു. ഏഷ്യയിലേക്കുള്ള ഈ കവാടത്തിലൂടെ പട്ടും ധാന്യങ്ങളും സുഗന്ധദ്രവ്യങ്ങളും കടന്നു പോയി. കുരിശു യുദ്ധങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നു വെനീസ്. മതബോധ്യം കൊണ്ടല്ല, രാഷ്ട്രീയ - സാമ്പത്തിക മേധാവിത്വമായിരുന്നു ലക്ഷ്യം. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട അധിപർ (ഡോജ്) നഗരത്തെ ഭരിച്ചു, പട നയിച്ചു.

View from the Grand Canal
View from the Grand Canal

വെനീഷ്യൻ ആർക്കിടെക്ട് ഫ്രാൻഞ്ചെസ്കോ ദ് മോസ്തോ ബിബിസിക്കു വേണ്ടി അവതരിപ്പിച്ച ഒരു പരമ്പരയുണ്ട് (Francesco's Venice, 2004). കേട്ടറിഞ്ഞ വെനീഷ്യൻ പെരുമ അങ്ങനെ ആഴത്തിൽ മനസ്സിൽ പതിഞ്ഞു. 2009 ൽ അയർലൻഡിലെ അവസാന മാസങ്ങളിൽ യൂറോപ്യൻ യാത്രയുടെ പദ്ധതി മെനയുമ്പോൾ, വെനീസ് ഉൾപ്പെടുത്തിയത് ആവേശകരമായി. യാത്രാവിവരണം നൽകുന്ന ഊർജം വിവരണാതീതം. ആ ജലനഗരത്തിന്റെ ആകാശ-ഭൗമ ദൃശ്യങ്ങളാൽ നിറഞ്ഞ പരമ്പര നാലു ഭാഗങ്ങളിലായി ചരിത്രവും വർത്തമാനവും തേടുന്നു. (1) രക്തം - നഗര ചരിത്രത്തോടൊപ്പം ഫ്രാൻഞ്ചെസ്കോ സ്വന്തം കുടുംബ പാരമ്പര്യം അന്വേഷിക്കുന്നു. വെനീഷ്യൻ റിപ്പബ്ലിക്, മർക്കോസ് പുണ്യാളന് നഗരവുമായുള്ള ബന്ധം, സെയിന്റ് മാർക്ക് ചത്വരം എന്നിവയും വിഷയം. (2) സൗന്ദര്യം - നഗരത്തിന് അഭൗമ സൗന്ദര്യം നൽകിയ വാസ്തുശിൽപികൾ (പലാഡിയോ, ബാറ്റിസ്റ്റ), ചിത്രകാരന്മാർ (കാനലെറ്റോ, ടിഷ്യൻ, വെറോനീസെ). റിയാൾട്ടോ പാലത്തിന്റെ നിർമാണം, വെനീഷ്യൻ സാമ്രാജ്യത്തിന്റെ സ്വാധീനം, നഗരത്തിലേക്കു പ്രവഹിച്ച പണം.

(3) കാമം - അന്റോണിയോ വിവാൾഡി എന്ന സംഗീത മാന്ത്രികൻ, കാസനോവ എന്ന സുഖാന്വേഷി. മുഖംമൂടികളിൽ ഒളിപ്പിച്ച് കെട്ടു പൊട്ടിക്കാൻ വെമ്പുന്ന, നഗരവാസികളുടെ അടിസ്ഥാന ചോദനകൾ. അതിരില്ലാത്ത ലൈംഗികത. നഗരത്തിന്റെ അടിവാരമിളക്കിയ പ്ലേഗ് (1630), മരണം താണ്ഡവമാടിയ ദിനങ്ങൾ. നെപ്പോളിയന്റെ തേരോട്ടത്തിൽ തകർന്നു പോകുന്ന വെനീസിന്റെ ഗരിമ (1797).

Inside canal
Inside canal

(4) മരണം - ലോർഡ് ബൈറൻ ഉൾപ്പെടെയുള്ള കാൽപനിക കവികൾ വെനീസിനു നൽകിയ പുനർജന്മം, ആധുനിക ജനാധിപത്യ വ്യവസ്ഥിതിയിലേക്കുള്ള യാത്ര, വെനീസ് എന്ന കലാവസ്തുവും കാഴ്ചവസ്തുവും. വിനോദസഞ്ചാരം ദ്വീപിനു നൽകിയ ജീവൻ. സഞ്ചാരികളും പ്രകൃതിയും ജലനഗരത്തിന് ഒരുക്കിവച്ച അനിവാര്യമായ അന്ത്യം.

2009, സെപ്റ്റംബർ

ഞായറാഴ്ച രാവിലെ സ്വിറ്റ്സർലൻഡിലെ സൂറിക്കിൽനിന്ന് ഇറ്റലിയിലെ മിലാനിലേക്ക് യാത്രയായി. മറ്റൊരു ട്രെയിനിൽ കയറി ഉച്ച കഴിഞ്ഞ് വെനീസിന് തൊട്ടു മുമ്പുള്ള സ്റ്റേഷനിലിറങ്ങി - ട്രെവിസോ എന്ന ചെറുപട്ടണം. ഇവിടെയാണ് മുറി. ചെക്കിൻ ചെയ്ത് ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങി. ഞായറാഴ്ചയുടെ ആലസ്യം പ്രകടമാണ്. ഏതാനും ചിലർ മാത്രം പുറത്തുണ്ട്. കേരളത്തെ ഓർമിപ്പിക്കുന്ന തരം വീടുകൾ, മതിലിനരുകിൽ മാതളനാരകം വിളഞ്ഞു നിൽക്കുന്നു. നിരത്തിൽ അപൂർവമായി ചെറുകാറുകൾ. 

View from the Grand Canal
View from the Grand Canal

വഴിയരികിൽ ഒരു ഫിലിം ഫെസ്റ്റിവലിന്റെ പരസ്യം. മുന്നിൽ ടസ്കൻ രീതിയിലുള്ള ഒരു മണിമാളിക, കാവലിന് രണ്ടു സിംഹ ശിൽപങ്ങൾ. ഒരു കടയിൽനിന്നു പീത്‌സ വാങ്ങി തിരിച്ചു നടന്നു. ഹോട്ടലിന്റെ എട്ടാം നിലയിലാണ് മുറി. രാത്രി ഇടിവെട്ടി മഴ പെയ്തു, ഒരാഴ്ച പിന്നിട്ട ഈ യാത്രയിൽ ഇതാദ്യം. വെനീസ് ഏതാനും കിലോമീറ്റർ മാത്രം അകലെയെന്ന ചിന്ത നൽകിയ ആവേശം ഉറക്കം കെടുത്തി. 

View from the Grand Canal
View from the Grand Canal

രാവിലെ ഉണർന്നപ്പോൾ വെള്ളവും വെളിച്ചവും നിലച്ചിരിക്കുന്നു. റിസപ്ഷനിൽ പറഞ്ഞപ്പോൾ ഒരു കുപ്പി വെള്ളം തന്നു. അതുമായി പ്രാഥമിക കർമങ്ങൾ നിർവഹിച്ച് പ്രാതലിനായി മെസ് ഹാളിലേക്ക്. പഴയ രീതിയിലുള്ള ഫർണിച്ചർ. ഓരോ കോണിലും പഴമയുടെ സ്പർശം. ചുവർചിത്രങ്ങളിൽ വെനീഷ്യൻ നാവികപ്പടയുടെ സാഹസങ്ങൾ. ഭക്ഷണം വിളമ്പുന്ന വനിത പ്രഭാതവന്ദനം പറഞ്ഞു. വൈകാതെ വെനീസിലേക്കുള്ള ട്രെയിനിൽ കയറിപ്പറ്റി. തിങ്കളാഴ്ച പ്രഭാതത്തിൽ സഞ്ചാരികളേക്കാൾ കൂടുതൽ വെനീസിൽ ജോലി ചെയ്യുന്ന ദിനയാത്രികരാണ്. അവരുടെ മനഃസ്ഥിതി വേറെ. ഈ കാഴ്ചകൾ എത്രയോ തവണ കണ്ടിരിക്കുന്നു. അവരെ അലട്ടുന്നത് ജോലിയും ജീവിതവും. വാരാന്ത്യം കഴിഞ്ഞുള്ള ദിനം സുഖകരമല്ല. എന്നാൽ ഈ യാത്ര എനിക്ക് തീവ്രാഭിലാഷത്തിന്റെ നിറവേറലാകുന്നു. നെഞ്ച് പെരുമ്പറ കൊട്ടുന്നു, വെനീസ് എന്ന അദ്ഭുതം അടുത്തുവരുന്നു. അല്ല, ഞാൻ അതിനെ തേടിപ്പോകുന്നു.

Gondola in the Grand Canal
Gondola in the Grand Canal

ഇറ്റലിയുടെ പ്രധാന കരയുമായി വെനീസിനെ ബന്ധിപ്പിക്കുന്ന കോസ് വേ കടന്ന് ട്രെയിൻ കുതിച്ചു. മാർക്കോ പോളോ എയർപോർട്ടിൽനിന്ന് പറന്നുയരുന്ന വിമാനങ്ങൾ അഡ്രിയാറ്റിക് കടലിനു മുകളിൽ കാണാം. സഞ്ചാരികളെ വഹിച്ചു വന്ന കൂറ്റൻ ക്രൂസ് ഷിപ്പുകൾ നങ്കൂരമിട്ട് കിടക്കുന്നു. ഞാൻ സാന്റാ ലൂച്യ സ്റ്റേഷനിൽ ഇറങ്ങി. ഒരു പകൽ മാത്രമാണ് ഇവിടെയുള്ളത്. എല്ലാം കാണാൻ കഴിയില്ല, കാഴ്ചകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കണം. അന്തരീക്ഷം മൂടിക്കെട്ടി നിൽക്കുന്നു. ഏതു നിമിഷവും മഴ പെയ്യാം. സൂര്യവെളിച്ചത്തിൽ വെനീസിന്റെ ശോഭ കാണാനായിരുന്നു ആഗ്രഹം, അതിന്ന് സാധ്യമല്ല. പരാതി പറയുന്നതിൽ അർഥമില്ല, ലഭിച്ച നിമിഷങ്ങൾ പരമാവധി ഉപയോഗിക്കുക. വെനീസിന്റെ ധമനിയായ ഗ്രാന്റ് കനാലിലൂടെ പ്രയാണം തുടങ്ങി.

Gondola in the Grand Canal
Gondola in the Grand Canal

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വീതി കൂടിയ ഈ ജലപാതയിൽ ചെറുതും വലുതുമായ യാനപാത്രങ്ങൾ ഓളമുയർത്തി നീങ്ങുന്നു. ഇരുവശത്തുമുള്ള പഴയ മണിമേടകൾ നശിച്ചു പോകാതെ സംരക്ഷിച്ചിരിക്കുന്നു. വാസ്തുശിൽപകലയുടെ ഒരു വിരുന്ന്! പ്രധാനമായും ഗോഥിക്. ചുണ്ടൻ വള്ളങ്ങളായ ഗോണ്ടോളകൾ യാത്രികരെ വഹിച്ചു മെല്ലെ നീങ്ങുന്നു. ഇതിൽ കാമിനിയോടൊപ്പം ഒരു യാത്ര സഞ്ചാരിയുടെ സ്വപ്നമാണ്, പക്ഷേ ഇന്ന് ഞാൻ കയറുന്നില്ല. സെയിന്റ് മാർക്ക് ചത്വരത്തിൽ ഇറങ്ങി. വെനീസിന്റെ ഈ ‘സ്വീകരണ മുറി’യിൽ നാട്ടുകാരും പരദേശികളും മേളിക്കുന്നു.

1934 ൽ ഇവിടെ നിറഞ്ഞു കവിഞ്ഞ ആൾക്കൂട്ടത്തെ ഹിറ്റ്ലറും മുസ്സോളിനിയും അഭിസംബോധന ചെയ്തിട്ടുണ്ട്. കറുത്ത ദിനങ്ങളുടെ ആരംഭം. വെറുപ്പിന്റെ വിത്തുകൾ വീണു കഴിഞ്ഞു. അഞ്ചു വർഷം കഴിഞ്ഞ് രണ്ടാം ലോകമഹായുദ്ധം തുടങ്ങി.

മുന്നോട്ട് നടന്നു. ഒട്ടേറെ ഗിഫ്റ്റ് ഷോപ്പുകൾ, ബഹുവർണ മുഖംമൂടികളും മുറാനോ ഗ്ലാസ് ഉൽപന്നങ്ങളും. കോഫി ഷോപ്പുകളിൽ ആരവം. കാർമേഘത്താൽ പരിസരം ഇരുണ്ടതിനാൽ വിളക്കുകൾ തെളിഞ്ഞിരിക്കുന്നു. പകലെങ്കിലും നിശയുടെ സൗന്ദര്യം കൺമുന്നിൽ, വെനീസിന്റെ മായക്കാഴ്ചയിലേക്ക് ഒരു കിളിവാതിൽ. മഴ പെയ്യാൻ തുടങ്ങി, മഴക്കോട്ട് വാങ്ങി ധരിച്ച് സെയിന്റ് മാർക്ക് സ്ക്വയറിനു മുന്നിലെ നിരയിൽ നിന്നു. നഗരത്തിന്റെ ആസ്ഥാന വിശുദ്ധനായ മർക്കോസിന്റെ പേരിലുള്ള ബസിലിക്കയാണ് മുന്നിൽ, യൂറോപ്പിലെ ഈ പ്രമുഖ ദേവാലയത്തിന് എണ്ണൂറ് വർഷം പഴക്കം. കോൺസ്റ്റാൻഡിനോപ്പിളിൽനിന്ന് കൊള്ളയടിച്ച കലാസൃഷ്ടികൾ ചുവരിൽ തൂങ്ങുന്നു. വിശുദ്ധന്റെ തിരുശേഷിപ്പും കൊള്ള മുതലാണെന്ന് ഒരു കഥയുണ്ട്. സ്വർണം കലർന്ന മൊസെയ്ക് ചുമരിൽ തിളങ്ങി. ടിഷ്യന്റേയും ടിൻടൊറെറ്റോയുടേയും ചിത്രങ്ങൾ ചേതോഹരം, ഭൂതകാലത്തിന്റെ ഒരു നേർച്ചിത്രം. പുറത്തിറങ്ങി നഗരത്തിന്റെ ഉൾവഴികളിലൂടെ, ഉൾക്കനാലുകളുടെ അരികിലൂടെ നടന്നു. 

ഏറെ നീണ്ടു പോയ തെളിമയുള്ള ഒരു സ്വപ്‌നം പോലെ വെനീസ്. കനാലിലേക്കു തുറക്കുന്ന ജാലകമുള്ള വീടുകൾ, പടിയിൽ പൂക്കൂടകൾ. അലങ്കാരപ്പണി ചാരുത നൽകുന്ന ഇരുമ്പു പാലങ്ങൾ. അവയ്ക്കടിയിലൂടെ നീങ്ങുന്ന ഗൊണ്ടോളകൾ. തീരത്തു കെട്ടിയിട്ട, ഓളത്തിൽ താളം തുള്ളുന്ന ചെറുവഞ്ചികൾ. നടന്നു കയറിയത് റിയാൾട്ടോ പാലത്തിൽ. മരപ്പാലത്തിനു പകരം നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച ഈ കല്ലുപാലം നഗരത്തിന്റെ ആഭിജാത്യത്തിന്റെ ചിഹ്നമാണ്. ഇരുകരയിലും ഒട്ടേറെ വ്യാപാരകേന്ദ്രങ്ങളുണ്ട്. പ്രശസ്തമായ ഷേക്സ്പിയർ നാടകത്തിന്റെ (വെനീസിലെ വ്യാപാരി, 1599) പ്രധാന വേദി. സിനിമാ ഭാഷ്യത്തിൽ, ദുഷ്ടനായ യഹൂദ വ്യാപാരിയായ ഷൈലോക്കിനെ അവതരിപ്പിച്ച അൽ പാചിനോ റിയാൾട്ടോ പാലത്തിനടിയിൽ മഴ നനഞ്ഞു നിൽക്കുന്ന, മറക്കാനാവാത്ത ഒരു ദൃശ്യമുണ്ട്.

Rooftops seen from the top of belltower
Rooftops seen from the top of belltower

കടൽക്കാറ്റേറ്റ് നടത്തം തുടർന്നു. തീരത്ത് കടൽവിഭവം ലഭിക്കുന്ന അനേകം ഭക്ഷണശാലകൾ. പൊരിച്ച ചെമ്മീനും സാലഡും കഴിച്ച് വിശപ്പടക്കി വീണ്ടും മുന്നോട്ട്. സ്വപ്നത്തിൽ നിന്നുണരാൻ ഏതാനും മണിക്കൂർ മാത്രം ബാക്കി. സാൻ റോക്കോ ദേവാലയത്തിൽ ടിൻടൊറൊറ്റോയുടെ മാസ്റ്റർപീസുകൾ. അനുഗൃഹീതനായ ആ വെനീഷ്യൻ ചിത്രകാരന്റെ വൈഭവം പ്രഭ ചൊരിയുന്ന ആ മാർബിൾ മന്ദിരത്തിന്റെ പടവുകളിറങ്ങി സാൻ മാർക്കോ ചത്വരത്തിലേക്ക് മടങ്ങി. നാടുവാഴി ഡോജിന്റെ കൊട്ടാരമായിരുന്ന പലാസോ ദുക്കാലേയുടെ മുന്നിൽ നീണ്ട നിര കാണാം. ഇന്ന് അതിൽ കയറാൻ കഴിയില്ല. ഗ്രാന്റ് ചേംബർ എന്ന മറ്റൊരു ദൃശ്യവിസ്മയം നഷ്ടമായി. പക്ഷേ ഈ പകലിൽ നേടാൻ ഇനിയും പലതുണ്ട്. തെല്ലകലെ കനാലിനു കുറുകെ കസനോവയെ തടവിൽ പാർപ്പിച്ചിരുന്ന തടവറ കാണാം. അതിരുകളില്ലാത്ത ആനന്ദം തേടിയതാണ് കുറ്റം. പലരും രഹസ്യമായി ചെയ്തത് കസനോവ പരസ്യമാക്കിയെന്ന വ്യത്യാസം മാത്രം. ജീവിതാസക്തി അയാളെ ജയിലിൽ തളച്ചിട്ടില്ല. അനശ്വര കാമുകൻ ഇരുമ്പഴികൾ ഭേദിച്ച് പുറത്തു പോയി. ഹീത്ത് ലെജറുടെ സിനിമയിലെ (കസനോവ, 2005) ദൃശ്യങ്ങൾ മിഴിയിൽ തെളിഞ്ഞു.

Doge's palace
Doge's palace

മഴ പെയ്യുന്നുണ്ട്. നിഴലുകൾക്കു പിന്നിൽ സുഖം തേടിയ വെനീസിനെ അനുഭവിക്കാൻ ഞാനൊരു മുഖംമൂടി വാങ്ങി ധരിച്ചു. ഈ മുഖപടങ്ങൾക്കു പിന്നിലാണ് നഗരവാസികളുടെ നിശബ്ദ കാമനകൾ പുറത്തു ചാടി രാവിനെ ആഘോഷമാക്കിയത്. സാൻ മാർക്കോ ചത്വരത്തിൽ തവിട്ടു നിറമുള്ള മണിഗോപുരം കാംപനീലെ ഉയർന്നു നിൽക്കുന്നു. ലിഫ്റ്റിലൂടെ മുകളിൽ കയറി. കടലും കായലും കനാലും ഇടകലർന്ന് ദൂരേക്കു പരക്കുന്ന നഗരം. മേൽക്കൂരകൾ തവിട്ടു നിറത്തിലുള്ള ഒരു മൊസെയ്ക് ചിത്രം പോലെ. ലഗൂണിൽ ചിതറിക്കിടക്കുന്ന കുഞ്ഞു ദ്വീപുകൾ. ഗോപുരത്തിന്റെ മുകൾഭാഗത്ത് ഗലീലേയോയുടെ മുദ്ര പതിഞ്ഞിട്ടുണ്ട്. ഇവിടെയാണ് ആ ശാസ്ത്രപ്രതിഭ വെനീസിലെ സെനറ്റിനു വേണ്ടി ടെലസ്കോപ്പ് പ്രദർശിപ്പിച്ചത് (1609). 

San Marco cathedral
San Marco cathedral

താഴെയിറങ്ങി വീണ്ടും തരംഗരൂപമുള്ള ഗ്രാൻഡ് കനാലിൽ കയറിയപ്പോൾ അഡ്രിയാറ്റിക്കിൽനിന്ന് ഒരു കാറ്റ് വീശി. ഒരു നൂറ്റാണ്ട് മുമ്പ്, ഹെൻറി ഫോർഡിന്റെ മോഡൽ-ടി കാറുകൾ പ്രചാരത്തിലായ കാലത്ത്, വെനീസിൽ പരിഷ്‌കാരം കൊണ്ടു വരാൻ ചില പൗരപ്രമുഖർ മുന്നിട്ടിറങ്ങി. കനാലുകൾ നികത്തി റോഡുകൾ പണിയുക, ഗൊണ്ടോളകൾക്കു പകരം കാറുകൾ പായട്ടെ! ബിബിസി പരമ്പരയിൽ ഫ്രാഞ്ചസ്കോ അതിന്റെയൊരു സാങ്കൽപിക ദൃശ്യം കാണിക്കുന്നുണ്ട്. കാറുകൾ നിറഞ്ഞ വെനീസ്! കണ്ടാൽ സഹിക്കില്ല. അവസാനം അവതാരകൻ പറയുന്നു: ഭാഗ്യം! അത് സംഭവിച്ചില്ല. വെനീസിന്റെ ആത്മാവിനെ കൊല്ലുമായിരുന്ന ആ പരിഷ്‌കാരത്തെ നാട്ടുകാർ എടുത്ത് കനാലിൽ എറിഞ്ഞു.

 Islands in the lagoon seen from the top of belltower
Islands in the lagoon seen from the top of belltower

എന്റെ പകൽ തീരുന്നു. ഗ്ലാസ് ഉരുക്കി കലാചാതുര്യമുള്ള ഉൽപന്നങ്ങൾ നിർമിക്കുന്ന പാരമ്പര്യത്തിന്റെ തനിമയുള്ള മുറാനോ ദ്വീപിലേക്ക് ഇന്ന് പോകാനാവില്ല. സൂര്യൻ ചായാൻ തുടങ്ങി. ബോട്ട് അതിവേഗം ട്രെയിൻ സ്റ്റേഷനിലേക്ക് നീങ്ങി. ഗൊണ്ടോളകൾ ലഗൂണിൽ ഇപ്പോഴുമുണ്ട്. പൊലീസ് ബോട്ടുകളുടെ ഗതിവേഗത്തിൽ അവ ആടിയുലയുന്നു. തീരത്തെ റസ്റ്ററന്റിൽനിന്ന് പീത്‌സയും വെനീഷ്യൻ കോഫിയും ആസ്വദിച്ച ശേഷം നഗരം വിട്ട് ട്രെവിസോയിലേക്ക് മടങ്ങി. അപൂർണമായ യാത്രയുടെ അവസാനം വീണ്ടും വരുമെന്ന് മനസ്സിൽ പറയും. ഇനി വരുമ്പോൾ നഗരം ഈ രൂപത്തിൽ ഉണ്ടാവണമെന്നില്ല. കാലാവസ്ഥാ വ്യതിയാനവും ഉയരുന്ന ജലനിരപ്പും ഭീഷണിയാണ്. മൃദുലമായ പരിസ്ഥിതി സന്തുലനത്തിലാണ് ദ്വീപുകളുടെ നിലനിൽപ്. സഞ്ചാരികളുടെ ഔചിത്യമില്ലായ്മ, ക്രൂസ് കപ്പലുകളും എണ്ണ ടാങ്കറുകളും നടത്തുന്ന മലിനീകരണം, വർധിക്കുന്ന വേലിയേറ്റം - ജലനഗരത്തിന് ഏൽക്കുന്ന മുറിവുകൾ ഏറെയാണ്. അമിതമായ വിനോദ സഞ്ചാരം നഗരങ്ങളെ കൊല്ലും. ജീവിതച്ചെലവു കൂടിയതിനാൽ നാട്ടുകാർ ഇവിടം വിട്ടു പോകുന്നു. പിൻമുറക്കാരില്ലാതെ നഗരം ഒരു കാഴ്ചവസ്തു മാത്രമാകുന്നത് നല്ല സൂചനയല്ല. എന്തിനും ഒരവസാനമുണ്ട്, മനുഷ്യനെപ്പോലെ നഗരങ്ങളും മരിക്കും. ചെളിയിൽനിന്ന് ഉയർന്നു വന്നത് ചെളിയിലേക്കു തന്നെ മടങ്ങും. ജീവിതത്തിനും മരണത്തിനുമിടയിൽ ജ്വലിച്ച കർമവും നിർമിച്ച സൗന്ദര്യവും രൂപം മാറി നിലനിൽക്കും.

Content Summary : Vintage trips in Venice, with its rich history and culture, there are endless possibilities for exploring the city in a vintage way.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com