ADVERTISEMENT

തമിഴിലൂടെയാണ് സിനിമാലോകത്തെത്തിയതെങ്കിലും കനിഹ മലയാളികൾക്കു അപരിചിതയല്ല. ഒരിടക്കാലത്തു നായികയായും പിന്നീട് സഹനടിയുമായൊക്കെ കനിഹയെ നമ്മൾ വലിയ സ്‌ക്രീനിൽ കണ്ടു. ഇപ്പോൾ സിനിമയിൽ  മാത്രമല്ല, സീരിയലും പരസ്യങ്ങളുമൊക്കെയായി സജീവമാണ് താരം. ജോലിത്തിരക്കുകൾ മാറ്റി വച്ച് അവിടെ നിന്നു ചെറിയൊരു ഇടവേളയെടുത്തു യാത്ര പോയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടി. യാത്രകൾ ഇഷ്ടപ്പെടുന്നവരുടെയെല്ലാം ബക്കറ്റ് ലിസ്റ്റിൽ ഇടമുള്ള തായ്‌ലൻഡിലേക്കാണ് താരത്തിന്റെ യാത്ര. ബീച്ചിന്റെ പശ്ചാത്തലത്തിൽ ഷോർട്സും ടി ഷർട്ടും ധരിച്ചു നിൽക്കുന്ന കനിഹയുടെ ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ''ഉപ്പുവെള്ളം എല്ലാം സുഖപ്പെടുത്തുന്നു, മണൽ തരികൾ ഉമ്മവയ്ക്കുന്നു'' എന്നിങ്ങനെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾക്ക് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

അതിമനോഹരം ഈ ബീച്ച്
 

തായ്‌ലൻഡിലെ പ്രശസ്ത ദ്വീപായ കോ പാൻഗനിൽ നിന്നുമുള്ള ചിത്രങ്ങളാണ് കനിഹ പങ്കുവച്ചിരിക്കുന്നത്. അതിമനോഹരമായ ബീച്ചിന്റെ കാഴ്ചകൾ തന്നെയാണ് ആ ദ്വീപിലേക്ക്‌ സന്ദർശകരെ ആകർഷിക്കുന്നത്. ഒറ്റനോട്ടത്തിൽ ആരെയും വശീകരിക്കുന്ന പ്രകൃതിയും കടലിന്റെ കാഴ്ചകളും യാത്രാപ്രേമികളെയെല്ലാം ഈ തീരത്തേക്ക് അടുപ്പിക്കുന്നു. തായ്‌ലൻഡിലെ അഞ്ചാമത്തെ വലിയ ദ്വീപുകളിൽ ഒന്നാണ് കോ പാൻഗൻ. കോ സമൂയി എന്ന സ്ഥലത്തു നിന്നു 12 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താൻ കഴിയും. എയർ പോർട്ടുകൾ ഇല്ലാത്തതുകൊണ്ട് തന്നെ ദ്വീപിലേക്ക്‌ എത്താനായി ഫെറികളെ ആശ്രയിക്കേണ്ടി വരും. സമൃദ്ധമായ ഉഷ്‌ണമേഖല വനങ്ങൾ, നീണ്ടു നിവർന്നു കിടക്കുന്ന ബീച്ചും ഇരുപതോളം ഡൈവിംഗ് സൈറ്റുകളും ഇവിടെ കാണാൻ കഴിയും. പുലരുവോളം നീണ്ടു നിൽക്കുന്ന ഫുൾ മൂൺ പാർട്ടികളും ബ്ലാക്ക് മൂൺ പാർട്ടികളുമാണ് ഈ ദ്വീപിനെ പ്രശസ്തമാക്കുന്നത്.

 

ബീച്ച് പാർട്ടികൾ, മനോഹരമായ പ്രകൃതി, നാടിന്റെ തനിമ വിളിച്ചോതുന്ന നാടൻ ചന്തകൾ, ബുദ്ധ ക്ഷേത്രങ്ങൾ തുടങ്ങി ഒരുപിടി കാഴ്ചകൾ ഈ ദ്വീപിനു സ്വന്തമായുണ്ട്. ബോട്ടിൽ ബീച്ച്, തോങ് നയി പാൻ, ഹാഡ് യാവോ, മെ ഹാഡ് ബീച്ച്, സാലഡ് ബീച്ച് എന്നിങ്ങനെ പത്തോളം ബീച്ചുകൾ ഈ ദ്വീപിൽ കാണുവാൻ കഴിയും. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഹൈക്കിങ് ചെയ്യാനുള്ള സൗകര്യമുണ്ട്. അതിനൊപ്പം തന്നെ മനോഹരമായ  വെള്ളച്ചാട്ടവും സന്ദർശകരെ തൃപ്തിപ്പെടുത്താനായി ഇവിടെയുണ്ട്. സ്റ്റീപ്പ് വാട്ടർ സ്ലൈഡ്‌സും താൽപര്യമുള്ളവർക്ക് ഗോൾഫ് പോലുള്ള വിനോദങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യങ്ങളും ഈ ദ്വീപിലെ എടുത്തു പറയേണ്ട സവിശേഷതയാണ്. 

 

സന്ദർശകർ ധാരാളമായി എത്തുന്നത് കൊണ്ടുതന്നെ എല്ലാ തരം ഭക്ഷണം ഇവിടെ ലഭിക്കും. ബീച്ചിന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. നാടൻ, ഇറ്റാലിയൻ, മെക്സിക്കൻ തുടങ്ങി ലോകപ്രശസ്തമായ എല്ലാ വിശേഷ വിഭവങ്ങളും ഇവിടെ അതിഥികൾക്ക് വിളമ്പുന്നുണ്ട്. ഷോപ്പിങ് പ്രിയരെയും ഒട്ടും നിരാശപ്പെടുത്തുകയില്ല ഈ ദ്വീപ്. ധാരാളം ബൊട്ടീക്കുകളും കൂടാതെ, രാത്രി ചന്തകളും പരമ്പരാഗതമായി നിലനിന്നുപോരുന്ന ബസാറുകളും വിപുലമായ ശേഖരവുമായാണ് അതിഥികളെ സ്വീകരിക്കുന്നത്. 

 

ഫുൾ മൂൺ നൈറ്റ് ആഘോഷരാവിൽ പുലരുവോളം സംഗീതത്തിന്റെ അകമ്പടിയുണ്ടാകും. എല്ലാ മാസവും ഹാഡ് റിൻ എന്ന ബീച്ചിലാണ് ഈ പാർട്ടി നടക്കുന്നത്. ഇതുകൂടാതെ, ബ്ലാക്ക് മൂൺ പാർട്ടികളും  ഹാഫ് മൂൺ പാർട്ടികളുമൊക്കെ ഇവിടെ അരങ്ങേറാറുണ്ട്. എല്ലാ തരം സന്ദർശകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന കാഴ്ചകളും ആഘോഷങ്ങളും ഇവിടെയുണ്ട്. അതുകൊണ്ടു തന്നെ സുഹൃത്തുക്കൾക്കൊപ്പം മാത്രമല്ല, കുടുംബത്തിനൊപ്പം വന്നെത്തിയാലും ദ്വീപിലെ കാഴ്ചകൾ ആസ്വദിക്കാം. 

 

Content Summary : Salt water heals everything! Thailand travel images shared by actress Kaniha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com